കൊച്ചി ∙ പിറവം സ്വദേശിയായ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പിറവം മോളയിൽ ക്രോണിൻ അലക്സാണ്ടർ ബേബിയുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസം കൂടി നീട്ടി.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതോടെ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണു പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. അതുവരെ കേസ് പരിഗണിച്ചിരുന്ന മജിസ്ട്രേട്ട് കോടതി മുൻപാകെയാണു പ്രതിയെ ക്രൈംബ്രാഞ്ച് ആദ്യം ഹാജരാക്കിയത്.
എന്നാൽ ക്രോണിനെതിരെ പോക്സോ നിയമത്തിലെ വകുപ്പു ചുമത്തിയതായി അറിയിച്ചതോടെ കേസ് പരിഗണിക്കേണ്ടതു പ്രത്യേക കോടതിയായി. ഇന്നലെ തന്നെ കേസ് പരിഗണിച്ച പ്രത്യേക കോടതി കസ്റ്റഡി അനുവദിച്ചു.
പെൺകുട്ടിക്കു പ്രായപൂർത്തിയായത് ഈ വർഷം ആദ്യമാണ്. ഇതിനു രണ്ടു വർഷം മുൻപും പ്രതി പെൺകുട്ടിയെ ശല്യപ്പെടുത്തിയതായി ബോധ്യപ്പെട്ടതോടെയാണു കൂടുതൽ വകുപ്പുകൾ ചുമത്തിയത്. സുഹൃത്തുക്കൾ നൽകിയ മൊഴികളും സംഭവത്തിന്റെ ഗൗരവം വർധിപ്പിച്ചു.