Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഷേലിന്റെ ദുരൂഹ മരണം: ബൈക്കിലെത്തിയ യുവാക്കളെ ക്രൈംബ്രാഞ്ച് തിരയുന്നു

mishel

കൊച്ചി ∙ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പള്ളിയിൽ ബൈക്കിലെത്തിയ യുവാക്കളെ ക്രൈംബ്രാഞ്ച് തിരയുന്നു. മിഷേൽ പള്ളിയിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ ഇവിടേക്ക് ബൈക്കിലെത്തിയവരെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. ഇവർക്ക് കേസുമായി ബന്ധമുണ്ടോ എന്ന് ഉറപ്പിക്കാനാകില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജി, കലൂർ പള്ളിയിൽ നിന്നിറങ്ങുമ്പോഴാണ് ബൈക്കിൽ രണ്ടുപേർ എത്തിയത്. ദൃശ്യങ്ങളിൽ കാണുന്ന പോലെ ഇവർ മിഷേലിനെത്തിരഞ്ഞാണോ വന്നത് എന്നും ബന്ധുക്കൾക്ക് സംശയമുണ്ട്. ബൈക്കിലെത്തിയവരെ കണ്ട്  മിഷേൽ ഭയപ്പെട്ടുവെന്നും ബന്ധുക്കൾ വിശ്വസിക്കുന്നു. ഈ സംശയം കൂടി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. 

ബൈക്കിലെത്തിയ യുവാക്കൾ നിലവിൽ കേസിലെ പ്രതികളല്ലെന്നും അവർ പള്ളിയിലെത്തിയത് എന്തിനാണെന്ന് അന്വേഷിക്കാനാണ് ശ്രമിക്കുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ദൃശ്യങ്ങളിൽ കാണുന്ന യുവാക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ക്രൈംബ്രാഞ്ചിനെ അറിയിക്കണമെന്നാണ് നിർദേശം. ക്രൈംബ്രാഞ്ച് എസ്പി: 9497996947, ഡിവൈഎസ്പി: 9497990207, സിഐ: 9497987285, 0484–2778238. 

ബൈക്കിലെത്തിയവരെ കേന്ദ്രീകരിച്ച് മുൻപ് പൊലിസ് അന്വേഷണം നടത്തിയിരുന്നു. ഇവരെ തിരിച്ചറിഞ്ഞെന്നും കേസുമായി ബന്ധമില്ലെന്നുമായിരുന്നു അന്ന് പൊലീസ് പറഞ്ഞത്. എന്നാൽ, ഇവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. പള്ളിയിൽ നിന്നിറങ്ങിയതിന്റെ പിറ്റേദിവസം ഐലൻഡിലെ വാർഫിനടത്ത് കൊച്ചി കായലിൽ നിന്നാണ് മിഷേലിന്റെ മൃതദേഹം ലഭിച്ചത്.