കൊച്ചി ∙ ദുരൂഹ സാഹചര്യത്തിൽ മിഷേൽ (18) മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പിതാവ് ഷാജി വർഗീസ് ഹൈക്കോടതിയിൽ ഹർജി നൽകി. കോടതി സർക്കാരിന്റെ വിശദീകരണം തേടി.
2017 മാർച്ച് അഞ്ചിനു കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്നു വേമ്പനാട്ടുകായലിൽ കണ്ടെത്തുകയായിരുന്നു. ഗോശ്രീ പാലത്തിൽ നിന്നു ചാടി ആത്മഹത്യ ചെയ്തുവെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്.
എന്നാൽ, ഈ നിഗമനം യുക്തിക്കും വസ്തുതകൾക്കും ലഭ്യമായ തെളിവുകൾക്കും നിരക്കുന്നതല്ലെന്നു ഹർജിയിൽ പറയുന്നു. തുടക്കം മുതൽ പൊലീസിന്റെ സമീപനം തൃപ്തികരമല്ല.
സംഭവ ദിവസം വിവിധ സ്റ്റേഷനുകളിൽ എത്തിയിട്ടും സഹായകമായ നിലപാടായിരുന്നില്ല. വൈകിയാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.
ഡിജിപിക്കു നിവേദനം നൽകിയെങ്കിലും കീഴുദ്യോഗസ്ഥരെ സംരക്ഷിക്കുന്ന രീതിയിൽ സംഭവം ആത്മഹത്യയാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.