പിറവം ∙ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ (18) ദുരൂഹമരണം സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായി പിതാവ് ഷാജി വർഗീസ്. കഴിഞ്ഞ വർഷം മാർച്ച് ആറിനു വൈകിട്ടാണു മിഷേൽ ഷാജിയുടെ മൃതദേഹം ദുരൂഹമായ നിലയിൽ വേമ്പനാട് കായലിൽ ഐലൻഡ് വാർഫിനടുത്തു കണ്ടെത്തിയത്.
ക്രൈംബ്രാഞ്ച് പ്രത്യേകാന്വേഷണ സംഘമാണു കേസ് അന്വേഷിക്കുന്നത്. മിഷേൽ ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മിഷേലിനെ കാണാതായ ദിവസം ക്രോണിൻ ഫോണിലും എസ്എംഎസ് മുഖേനയും മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടർന്നാണ് ആത്മഹത്യ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു മുങ്ങിമരണമാണെന്നും ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മിഷേലിന്റെ പിതാവ് ഷാജി വർഗീസ് സമർപ്പിച്ച ഹർജിയിലായിരുന്നു വിശദീകരണം.
എന്നാൽ, മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും കൊലപാതകമാണെന്നും ഷാജി വർഗീസ് വാദിക്കുന്നു. 16 മാസം കഴിഞ്ഞിട്ടും ദുരൂഹത മാറിയിട്ടില്ല. ആത്മഹത്യയാണെന്നു പറയുന്ന പൊലീസും ക്രൈംബ്രാഞ്ചും എന്തുകൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകാത്തതെന്നും ഷാജി വർഗീസ് ചോദിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ഷാജിയും ആക്‌ഷൻ കമ്മിറ്റിയും.
ഷാജിയുടെ പ്രധാന വാദങ്ങൾ:
∙ മിഷേലിനെ കാണാതായി, 24 മണിക്കൂറോളം കഴിഞ്ഞാണു മൃതദേഹം കിട്ടിയത്. പക്ഷേ, മൃതദേഹം തീരെ അഴുകിയിരുന്നില്ല. വെള്ളത്തിൽ വീണിട്ടു കുറച്ചു മണിക്കൂറുകൾ മത്രമേ ആയിട്ടുള്ളൂ എന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മീനുകളോ ഈ ഭാഗത്തു വെള്ളത്തിൽ കാണാറുള്ള പ്രാണികളോ മൃതദേഹത്തെ കൊത്തിയിട്ടില്ല. മൃതദേഹങ്ങളെ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ മീനുകളും മറ്റു ജലജീവികളും ആക്രമിക്കുമെന്നാണു പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നത്.
∙ ഇതേ പാലത്തിൽ നിന്നു വീണ്, മുങ്ങിമരിച്ച നിലയിൽ പിന്നീടു കണ്ടെത്തിയ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങൾ വികൃതമായിരുന്നു. മാത്രമല്ല, മിഷേലിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ എതിർ ഭാഗത്തു നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
∙ ഗോശ്രീ പാലത്തിലേക്കു മിേഷൽ നടക്കുന്നതിനു തെളിവായി പൊലീസ് പറയുന്ന ദൃശ്യങ്ങളിലുള്ളതു മിഷേലല്ല.
∙ മൃതദേഹത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്മോർട്ടത്തിൽ പരിഗണിച്ചില്ല.
∙ കലൂർ പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ ബൈക്കിൽ പിന്തുടർന്ന രണ്ടു പേരെപ്പറ്റി പൊലീസ് അന്വേഷിച്ചില്ല.
∙ മിഷേൽ ധരിച്ചിരുന്ന വാച്ച്, മോതിരം, മൊബൈൽ ഫോൺ എന്നിവ എങ്ങനെ നഷ്ടപ്പെട്ടുവെന്നു വ്യക്തമല്ല.