കൊച്ചി∙ കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേലിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്നു രാസപരിശോധനാ റിപ്പോർട്ട്. വിഷമോ മറ്റു രാസവസ്തുക്കളോ ഉള്ളിൽ ചെന്നിട്ടില്ല. ലൈംഗിക പീഡനം നടന്നതായി സൂചനയില്ല. ശരീരത്തിനുള്ളിൽനിന്ന് കണ്ടെത്തിയത് കായലിലെ വെള്ളമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മിഷേൽ ആത്മഹത്യ ചെയ്തതു തന്നെയാണെന്നാണ് പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഇതുവരെയുള്ള വിലയിരുത്തൽ. കൊലപാതകമെന്ന് തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ക്രോണിൻ അലക്സാണ്ടർ എന്ന യുവാവ് റിമാൻഡിലാണ്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.
മിഷേലിനെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
Read more: മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടു പോയെന്നു സംശയം; ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഈമാസം അഞ്ചിനാണ് മിഷേൽ ഷാജിയെ കാണാതാകുന്നത്. കലൂർ പള്ളിയിലേക്കു പോയ മിഷേലിനെ പിറ്റേദിവസം കായലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം, മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. മിഷേലിനെ കാണാതായ ദിവസം സന്ധ്യക്കു ശേഷം എറണാകുളം, ഹൈക്കോടതി ജെട്ടികൾക്കു സമീപം കായലിലുണ്ടായിരുന്ന ബോട്ടുകളുമായി ബന്ധപ്പെട്ടാണു ക്രൈംബ്രാഞ്ചിന്റെ പരിശോധന. മകളെ ബോട്ട് മാർഗം കടത്തിക്കൊണ്ടുപോയ ശേഷം അപായപ്പെടുത്തിയതാകാമെന്നു പിതാവ് ഷാജി അന്വേഷണ സംഘത്തിനു മുൻപിൽ സംശയമുന്നയിച്ച സാഹചര്യത്തിലാണ് ആ സാധ്യത കൂടി പരിശോധിക്കാൻ തീരുമാനിച്ചത്.