കൊല്ലം ∙ തൃശൂരിൽ സിപിഐ പാർട്ടി കോൺഗ്രസ് വേദിയിൽ, 1993ൽ അന്നത്തെ ജനറൽ സെക്രട്ടറി ഇന്ദ്രജിത് ഗുപ്തയുടെ വടിയും പിടിച്ചു പിച്ചവച്ച രണ്ടുവയസ്സുകാരിയുണ്ട്. അതു രാഷ്ട്രീയത്തിലേക്കുള്ള ചുവടുകളായിരുന്നു. ഇത്തവണ 23–ാം പാർട്ടി കോൺഗ്രസിൽ അപരാജിത രാജ പ്രതിനിധിയാണ്.
ദേശീയ സെക്രട്ടറി ഡി.രാജയുടെയും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജയുടെയും മകൾ അപരാജിത പാർട്ടിക്കപ്പുറം അറിയപ്പെടുന്നത് കൂസലില്ലാത്ത വിദ്യാർഥി നേതാവായാണ്. ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ പിഎച്ച്ഡി ഗവേഷണ വിദ്യാർഥിയാണ്. ദലിത് ഫെമിനിസമായിരുന്നു എംഎഫിൽ വിഷയം. കേന്ദ്ര സർക്കാർ ജെഎൻയുവിനെ ഉന്നംവച്ചുതുടങ്ങിയപ്പോഴാണ് അപരാജിത രാഷ്ട്രീയമായി സജീവമായത്. ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് കനയ്യ കുമാർ അറസ്റ്റിലാവുകയും എസ്എഫ്ഐ, ഐസ, എൻഎസ്‌യു നേതാക്കൾ അഞ്ചുദിവസത്തോളം ഒളിവിൽ പോകുകയും ചെയ്തപ്പോൾ സമരവീര്യം കെടാതെ എല്ലാവരെയും ഒന്നിച്ചുനിർത്തിയത് അപരാജിതയാണ്.
അച്ഛനോടു തർക്കിക്കുമ്പോഴും, സഖാവേ, ഞാനും പാർട്ടിയിലെ അംഗമാണെന്നോർത്തു സംസാരിക്കണമെന്നു പറയുന്ന അപരാജിത എട്ടാം ക്ളാസിൽ പഠിക്കുമ്പോൾ എഐഎസ്എഫിൽ അംഗമായി, 2009ൽ പാർട്ടിയിലും. അപരാജിത തല്ലുകൊണ്ടിട്ടുള്ളത് അച്ഛനമ്മമാരുടെയല്ല, പൊലീസിന്റെയാണ്. രാജയുടെയും ആനിയുടെയും മകളെന്ന പേരിൽ അറിയപ്പെടുന്നതിൽ പരിഭവമുണ്ടോ? ‘അങ്ങനെ അറിയപ്പെടുന്നതിൽ താൽപര്യമില്ല. എന്നാൽ, അവരിൽനിന്നാണ് പ്രത്യേകിച്ച് അമ്മയിൽനിന്നാണു രാഷ്ട്രീയത്തിന്റെ അടിസ്ഥാനപാഠങ്ങൾ പഠിച്ചത്. അതുകൊണ്ടുതന്നെ ആ ലേബൽ നിഷേധിക്കാനും താൽപര്യമില്ല’ – അപരാജിത പറഞ്ഞു.
‘ഞാൻ പാർട്ടിയിലൂടെ വളർന്നതാണ്. 1993 മുതൽ പാർട്ടി കോൺഗ്രസിൽ എന്നെ കണ്ടിട്ടുള്ള ഒട്ടേറെപ്പേരുണ്ട്. പലരുടെയും മുടി നരച്ചു എന്നേയുള്ളൂ. പല പാർട്ടി കോൺഗ്രസുകളിലും സമ്മേളനവേദിയുടെ പുറത്തെ ചവിട്ടുപടികളിലിരുന്ന ഞങ്ങൾ കുറെപ്പേരുണ്ട്. അവരിൽ പലരും ഇത്തവണ പ്രതിനിധികളാണ്. ഇരുണ്ടകാലത്ത് വെല്ലുവിളികളുടെ സമയത്തു നടക്കുന്ന പാർട്ടി കോൺഗ്രസിൽ ഞങ്ങൾ പ്രlതിനിധികളാകുന്നുവെന്നതു വലിയ കാര്യം.’– അപരാജിത പറയുന്നു.