Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐയിലും ആവശ്യം; വേണം, തലമുറ മാറ്റം

cpi-23rd-party-congress കൊല്ലത്തു സിപിഐ പാർട്ടി കോൺഗ്രസ് ഉദ്ഘാടന വേദിയിൽ നേതാക്കൾ കൈകോർത്തപ്പോൾ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഗുരുദാസ് ദാസ്ഗുപ്ത, സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, എസ്. കുമാരസ്വാമി, പി.വി. കതിരവൻ, ശങ്കർ സാഹ, ഡി. രാജ, അമർജിത് കൗർ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

കൊല്ലം∙ സിപിഐ നേതൃത്വത്തിൽ തലമുറമാറ്റം വേണമെന്ന നിർദേശം ശക്തം. സംഘടനയുടെ ദൗർബല്യങ്ങൾ റിപ്പോർട്ടിൽ തന്നെ വിശദമായുള്ളതിനാൽ നേതൃസമിതികളിൽ മാറ്റം വേണമെന്ന ആവശ്യം ഇന്നാരംഭിക്കുന്ന ചർച്ചയിൽ കാര്യമായി ഉയർന്നേക്കാം.

പാർട്ടി ഭരണഘടനാ ഭേദഗതികളും സംഘടനയിലെ അഴിച്ചുപണിക്കാണ് ഊന്നൽനൽകുന്നത്. 60 വയസ്സുകഴിഞ്ഞവരെ ഇനി ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തരുതെന്നും ഭേദഗതിയുണ്ട്. 75 പിന്നിട്ടവരെ അതിൽ നിന്നു പുറത്താക്കണമെന്നും. സംഘടനയുടെ എല്ലാ തലങ്ങളിലും യുവാക്കൾക്കു പ്രാധാന്യം കൊടുക്കണമെന്നുമാണ് ആവശ്യം. കേന്ദ്ര സെക്രട്ടേറിയറ്റ്, ദേശീയ നിർവാഹകസമിതി എന്നിവയിൽ പരമാവധി നാലുതവണ മാത്രമേ ഒരാളെ ഉൾപ്പെടുത്താവൂ. സംസ്ഥാന നിർവാഹക സമിതിയിൽ ഇതു പരാമവധി അഞ്ചുതവണയായി നിജപ്പെടുത്തണമെന്ന ഭേദഗതി ഉയർന്നതും യാദൃച്ഛികമല്ല.

എഐവൈഎഫും എഐഎസ്എഫും കൂടി ദേശീയ തലത്തിൽ നടത്തിയ ‘ലോങ് മാർച്ചാ’ണ് ഈയിടെ നടന്ന അഭിമാനകരമായ ക്യാംപെയ്നായി സിപിഐ ഉയർത്തിക്കാണിക്കുന്നത്. കനയ്യകുമാറാണു പാർട്ടി കോൺഗ്രസിലടക്കം താരം. സിപിഐ ആസ്ഥാനമായ അജോയ് ഭവനെ ‘വൃദ്ധസദന’മെന്നുവരെ വിശേഷിപ്പിച്ചവരുണ്ട്.

അനാരോഗ്യമുള്ള ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി മാറണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണെങ്കിലും പകരക്കാരനെക്കുറിച്ചുള്ള തർക്കമാണു തടസ്സം. ‍ദേശീയ സെക്രട്ടറിയായ ഡി.രാജയെ കേരളഘടകം അനുകൂലിക്കുന്നില്ല. അദ്ദേഹവും ഭാര്യ ആനി രാജയും തങ്ങൾക്കനുകൂലമല്ലെന്നാണു കേരളത്തിലെ ഔദ്യോഗികപക്ഷത്തിന്റെ വികാരം. സുധാകർ റെഡ്ഡിയെ നിലനിർത്തി ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു പുനഃപ്രതിഷ്ഠ മാത്രമാണു കേരളം ആഗ്രഹിക്കുന്നത്. ഉദ്ഘാടനവേദിയിൽ അവശനായി കാണപ്പെട്ട ഗുരുദാസ് ദാസ്ഗുപ്തയ്ക്കു പകരം അതുൽകുമാർ അ‍‍​ഞ്​ജാനോ അമർജിത് കൗറോ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയാകട്ടെയെന്ന നിർദേശമാണ് അവരുടേത്. എന്നാൽ കഴിഞ്ഞ പട്ന കോൺഗ്രസിൽ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയാകുമെന്നു കരുതിയ രാജയോടുള്ള അനീതിയാകും അതെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.