ചോദ്യപേപ്പർ മാറ്റം; പരാതി ശരിയല്ലെന്നു സിബിഎസ്ഇ

കൊച്ചി ∙ സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷയ്ക്കു 2016ലെ ചോദ്യപേപ്പർ വിദ്യാർഥിക്കു മാറിക്കിട്ടിയെന്ന പരാതി ശരിയല്ലെന്നു സിബിഎസ്ഇ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. മാറിക്കിട്ടിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തണമെന്നാവശ്യപ്പെട്ടു കോട്ടയത്തെ സ്കൂൾ വിദ്യാർഥി അമേയ നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. 

ചോദ്യപേപ്പർ മാറിയതായി ഇൻവിജിലേറ്റർ മുൻപാകെ വിദ്യാർഥി പരാതിപ്പെട്ടിരുന്നില്ലെന്നു സിബിഎസ്ഇ ആരോപിച്ചു. 

വിദ്യാർഥിയുടെ സഹോദരൻ 2016ൽ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പർ കൊണ്ടുവന്ന് ഉത്തരം എഴുതിയതാകാൻ സാധ്യതയുണ്ട്. 

ഹർജിയിലെ ആവശ്യങ്ങൾ അനുവദിച്ചുകിട്ടാൻ അർഹതയില്ലെന്നും ഹർജി തള്ളണമെന്നും സിബിഎസ്ഇ വിശദീകരണ പത്രികയിൽ വ്യക്തമാക്കി. 2018 മാർച്ച് 28നു കണക്ക് പരീക്ഷ എഴുതാനെത്തിയപ്പോൾ പഴയ ചോദ്യപേപ്പറാണു കിട്ടിയതെന്നു വിദ്യാർഥി പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആരോപിച്ചാണു ഹർജി.