മലപ്പുറം ∙ പത്തനംതിട്ടയിൽനിന്നു കാണാതായ ജെസ്‌നയെ മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ കണ്ടതായി സംശയമുയർന്ന സാഹചര്യത്തിൽ പാർക്കിലെ സിസിടിവി ഹാർഡ് ഡിസ്‌ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങൾ വീണ്ടെടുത്ത് പരിശോധിക്കും.
ജെസ്നയെ കണ്ടതായി പറഞ്ഞ നാലുപേരിൽ മൂന്നുപേരും നേരത്തേ സ്‌പെഷൽ ബ്രാഞ്ചിനു നൽകിയ മൊഴിക്ക് വിരുദ്ധമായ മൊഴിയാണ് അന്വേഷണസംഘത്തിന് ഇന്നലെ നൽകിയത്. നാലാമത്തെയാൾ ജെസ്‌നയോടു സാമ്യമുള്ള പെൺകുട്ടിയെയാണു കണ്ടതെന്ന നിലപാട് ആവർത്തിച്ചു. അതിന്റെ അടിസ്‌ഥാനത്തിൽ നഗരത്തിലെ ഓട്ടോ ഡ്രൈവർമാരിൽനിന്നും കടകളിലെ ജീവനക്കാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. കോട്ടക്കുന്നിനോടു ചേർന്നുള്ള കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലും സംഘം പരിശോധന നടത്തി. അന്വേഷണസംഘം യോഗം ചേർന്ന് പുരോഗതി വിലയിരുത്തും. നഗരത്തിലെ പ്രധാന സ്‌ഥലങ്ങളിൽ ജെസ്‌നയുടെ ചിത്രമുള്ള അറിയിപ്പ് പതിച്ചു.
വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നൽകുമെന്ന ഡിജിപിയുടെ അറിയിപ്പാണ് പാർക്ക്, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പതിച്ചത്. മേയ് മൂന്നിന് മറ്റൊരു പെൺകുട്ടിക്കൊപ്പം ജെസ്ന കോട്ടക്കുന്നിൽ ഉണ്ടായിരുന്നെന്നാണ് ഈ മാസം 18ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം.
മകൻ നിരപരാധി: ജെസ്നയുടെ സുഹൃത്തിന്റെ പിതാവ്
പത്തനംതിട്ട ∙ ജെസ്നയുടെ തിരോധാനത്തിൽ തന്റെ മകൻ നിരപരാധിയാണെന്ന് ജെസ്നയുടെ ആൺസുഹൃത്തിന്റെ പിതാവ്. കാണാതായ ദിവസം ജെസ്നയുടെ സന്ദേശം മകനു ലഭിച്ചിരുന്നു. ഇതിന്റെ പേരിൽ തന്നെയും മകനെയും പതിനഞ്ചിലേറെ തവണ പൊലീസ് ചോദ്യം ചെയ്തു. പൊലീസ് ഇടപെടൽ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും സമൂഹത്തിൽ ഒറ്റപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.