കൊച്ചി ∙ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും തമ്മിലുള്ള ഗ്രൂപ്പ് വൈരം അന്വേഷണ കമ്മിഷന്റെ വേദിയിലേക്കു വലിച്ചിഴയ്ക്കേണ്ടെന്നും പൊതുപ്രസ്താവനകൾ നടത്താനാണെങ്കിൽ പ്രസ് ക്ലബ്ബിനെ ആശ്രയിച്ചാൽ മതിയെന്നും വിഴിഞ്ഞം ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ.
കരാറിന്റെ ഉള്ളുകള്ളികളെക്കുറിച്ചു സുധീരന് ഏറെ കാര്യങ്ങൾ അറിയാമെന്നും അദ്ദേഹത്തെ വിളിച്ചുവരുത്തി വിസ്തരിക്കണമെന്നും പി.സി. ജോർജ് എംഎൽഎയ്ക്കുവേണ്ടി മകൻ ഷോൺ ജോർജ് നിരന്തരം ആവശ്യപ്പെട്ടപ്പോഴാണ് കമ്മിഷൻ നയം വ്യക്തമാക്കിയത്. കോൺഗ്രസിലെ ഗ്രൂപ്പ് പ്രശ്നങ്ങൾ മുതലെടുത്ത് വാർത്തകൾ സൃഷ്ടിക്കാൻ നോക്കേണ്ടെന്നും വി.എം. സുധീരന് എന്തെങ്കിലും ധരിപ്പിക്കാനുണ്ടെങ്കിൽ രേഖാമൂലം അക്കാര്യം ഉന്നയിക്കാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്നും ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖനിർമാണക്കരാർ വിലയിരുത്തിയതിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് (സിഎജി) ഗുരുതര വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന രൂക്ഷവിമർശനവും കമ്മിഷൻ ഉന്നയിച്ചു. കരാറിനെ അപലപിക്കണം എന്ന മുൻവിധിയോടെയായിരുന്നു സിഎജിയുടെ സമീപനം എന്നു സംശയിക്കണം. ആദ്യഘട്ട നിരീക്ഷണങ്ങൾക്കു വിശദീകരണം നൽകാനുള്ള പ്രാഥമിക അവകാശം പോലും ഉദ്യോഗസ്ഥർക്കു നിഷേധിക്കപ്പെട്ടു. വിദഗ്ധൻ എന്ന നിലയിൽ ചിലർ എഴുതിക്കൊടുത്ത റിപ്പോർട്ടിൽ ഒപ്പിടുന്ന ക്ലറിക്കൽ ജോലി മാത്രമാണു സിഎജി ചെയ്തത് എന്നു സംശയിക്കേണ്ടതുണ്ടെന്നും കമ്മിഷൻ അധ്യക്ഷൻ പറഞ്ഞു. ഇത്തരം നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യം കമ്മിഷൻ തള്ളി. സിഎജി എന്നാൽ സർക്കാർ അല്ലെന്നും നയപരമായ തീരുമാനങ്ങളിൽ സിഎജി ഇടപെടേണ്ട കാര്യമില്ലായിരുന്നെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.
സിഎജിയുടെ കൺസൽറ്റന്റായി വന്ന വ്യക്തി പദ്ധതിക്കെതിരെ മുൻപു തന്നെ സ്വന്തം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഓഡിറ്റ് സംഘത്തിലുൾപ്പെടാൻ ഇദ്ദേഹം അയോഗ്യനാണെന്ന് സ്വയം തെളിയിച്ചതാണ്. എന്നിട്ടും ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ഓഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതു ദുരൂഹമാണെന്ന് ഉമ്മൻചാണ്ടിയുടെ അഭിഭാഷകൻ അഡ്വ. റോഷൻ ഡി. അലക്സാണ്ടർ ചൂണ്ടിക്കാട്ടി.