പാലാ ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാ ഉപാധ്യക്ഷനും കേന്ദ്രമന്ത്രിയുമായിരുന്ന എം.എം.ജേക്കബ് (90) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഔദ്യോഗിക ബഹുമതിയോടെ രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ.
രാജ്യസഭയുടെ ആദ്യ മലയാളിയായ ഉപാധ്യക്ഷനായ എം.എം.ജേക്കബ് 1986 മുതൽ 1993 വരെ മൂന്നുതവണ കേന്ദ്രസഹമന്ത്രിയായി. 1995 മുതൽ 2007 വരെ മേഘാലയ ഗവർണറായിരുന്ന ജേക്കബ് രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ഗവർണർ പദവിയിലിരുന്ന വ്യക്‌തിയായി. ഇടക്കാലത്ത് അരുണാചൽപ്രദേശിലെ ഗവർണറുടെ അധികച്ചുമതലയും വഹിച്ചു. ഗവർണർ സ്‌ഥാനത്തേക്കു കോൺഗ്രസ് ഭരണകാലത്താണു നിയമിതനായതെങ്കിലും പിന്നീട് കേന്ദ്രം ഭരിച്ച എൻഡിഎ സർക്കാർ 2000ൽ ജേക്കബിന്റെ കാലാവധി നീട്ടി നൽകി.
വിദ്യാർഥിയായിരിക്കെ സ്വാതന്ത്യ്രസമരത്തിൽ പങ്കെടുത്തു പൊതുപ്രവർത്തനത്തിനിറങ്ങിയ ജേക്കബ് വിനോബാഭാവെയുടെ ഭൂദാന പ്രസ്‌ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. തേവര കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായാണ് തുടക്കം. നെഹ്‌റുവിനൊപ്പം രാഷ്‌ട്രീയപ്രവർത്തനം തുടങ്ങിയ ജേക്കബ് ഇന്ദിരാഗാന്ധിയുടെയും വിശ്വസ്‌തനായിരുന്നു. 1978ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരയ്ക്കൊപ്പം അടിയുറച്ചു നിന്ന ജേക്കബ് കെ.കരുണാകരനൊപ്പം കേരളത്തിൽ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാക്കളിലൊരാളായി. 1982ലും 1988ലും രാജ്യസഭാംഗമായി.
ഭാര്യ പരേതയായ തിരുവല്ല കുന്നുതറ അച്ചാമ്മ തിരുവനന്തപുരം കോട്ടൺഹിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസായിരുന്നു. മക്കൾ: ജയ (എംഡി, കേരള ട്രാവൽസ്, തിരുവനന്തപുരം), ജെസി (ശാസ്ത്ര സാങ്കേതിക വിഭാഗം, ഇന്ത്യൻ എംബസി, ബെർലിൻ), എലിസബത്ത് (അസി.മാനേജർ കൊമേഴ്സ്യൽ, എയർ ഇന്ത്യ, കൊച്ചി), റേച്ചൽ (ചെന്നൈ). മരുമക്കൾ: കെ.സി.ചന്ദ്രഹാസൻ (വൈസ് ചെയർമാൻ, കേരള ട്രാവൽസ്, തിരുവനന്തപുരം), തോമസ് ഏബ്രഹാം (ഡയറക്ടർ ലെനാർട്ട് ഇൻവസ്റ്റ്മെന്റ്സ് കൊച്ചി, എൽഫിൻ മാത്യു (ബിസിനസ് ചെന്നൈ) പരേതനായ ഡോ.ഫാൾക് റയിറ്റ്സ് (ആർട്ട് ഹിസ്റ്റോറിയൻ).