കോട്ടയം∙ മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ജേക്കബിന്റെ നിര്യാണത്തിൽ അനുശോചിച്ച് വിവിധ രാഷ്ട്രീയ പ്രമുഖർ. ദേശീയ തലത്തിൽ മന്ത്രിയായും പിന്നെ ഗവർണറായും അതിനോടൊപ്പം വാഗ്മിയായും എഴുത്തുകാരനായും തലയെടുപ്പോടെനിന്ന മലയാളിയായിരുന്നു അദ്ദേഹമെന്ന് കെ.എസ്. ശബരീനാഥൻ എംഎൽഎ സമൂഹമാധ്യമമായ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘ഏറ്റവും വാൽസല്യത്തോടെയാണ് അദ്ദേഹം എന്നെയും കുടുംബത്തെയും കണ്ടിട്ടുള്ളത്. അസുഖവും വാർദ്ധക്യവും അലട്ടുന്നസമയത്തും എന്റെ വിവാഹത്തിനു വേണ്ടി തിരുവനന്തപുരത്തു വന്നതും വീട്ടിലെ കാര്യങ്ങൾ ഒരു കാരണവരെ പോലെ സ്നേഹത്തോടെ എപ്പോഴും ചോദിക്കുന്നതും മറക്കാൻ കഴിയില്ല. സാറിന് എന്റെയും കുടുംബത്തിന്റെയും ബാഷ്പാഞ്ജലികൾ.’ – ശബരീനാഥൻ കുറിച്ചു.
ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം – മുന്‍ മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അനുശോചിച്ചു. ഗവര്‍ണര്‍, കേന്ദ്രസഹമന്ത്രി, പാര്‍ലമെന്റംഗം തുടങ്ങിയ നിലകളില്‍ പ്രശംസാര്‍ഹമായ സേവനം നല്‍കിയ എം.എം. ജേക്കബ് ഔന്നത്യത്തിലും വിനയം കാത്തുസൂക്ഷിച്ച കഴിവുറ്റ പൊതുപ്രവര്‍ത്തകനായിരുന്നു എന്ന് അനുശോചനസന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
റോഷി അഗസ്റ്റിൻ (ഇടുക്കി എംഎൽഎ) – മികച്ച ഭരണാധികാരിയും പാർലമെന്റേറിയനും പ്രവർത്തിച്ച മേഖലകളിലെല്ലാം പ്രാഗൽഭ്യം തെളിയിക്കുകയും ചെയ്ത മഹാനായ നേതാവായിരുന്നു എം.എം. ജേക്കബ്. നിര്യാണത്തിൽ അനുശോചിക്കുന്നു.