കോട്ടയം ∙ ഉത്തരേന്ത്യയിൽ കളമുറപ്പിക്കുമ്പോഴും എം.എം.ജേക്കബിന്റെ മനസ്സ് ഇങ്ങു കേരളത്തിലായിരുന്നു. ജന്മനാട്ടിലേക്ക് തന്റെ കർമരംഗം മാറ്റാൻ ആഗ്രഹിച്ച അദ്ദേഹം 1967ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ കെ.എം. മാണിക്കെതിരെ സ്ഥാനാർഥിയായി. പക്ഷേ, മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 1970ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ കെ.എം. മാണിക്കെതിരെ വീണ്ടും സ്ഥാനാർഥിയായി. എന്നാൽ 374 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം കെ.എം. മാണിക്കൊപ്പംനിന്നു. പിന്നീട് പത്തു വർഷത്തിനു ശേഷം 1980ലും പാലായിൽ മാണിക്കെതിരെ ജേക്കബ് മാറ്റുരച്ചു. സംസ്ഥാനത്ത് ശ്രദ്ധയാകർഷിച്ച തിരഞ്ഞെടുപ്പു പോരാട്ടത്തിൽ 4,566 വോട്ടിന് വീണ്ടും മാണിയോടു പരാജയപ്പെട്ടു.
മികച്ച പാർലമെന്റേറിയനായി പേരെടുത്ത അദ്ദേഹം 1986ൽ രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. "ജേക്കബിന്റെ പേരാണു നിങ്ങൾ നിർദേശിക്കുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ എതിർസ്ഥാനാർഥിയെ നിർത്തില്ലായിരുന്നു" എന്നാണ് അന്നത്തെ പ്രതിപക്ഷ നേതാവ് എൽ.കെ. അഡ്വാനി തിരഞ്ഞെടുപ്പുവേളയിൽ കോൺഗ്രസ് അംഗങ്ങളോടു പറഞ്ഞത്. ജേക്കബിന്റെ സ്വീകാര്യത തെളിയിക്കുന്ന സംഭവമായി അഡ്വാനിയുടെ വാക്കുകൾ. 1986 മുതൽ 1993വരെ കേന്ദമന്ത്രിയുമായിരുന്നു എം.എം. ജേക്കബ്. മന്ത്രിസഭാ പുന:സംഘടനയിലൂടെ മന്ത്രിയായി വീണ്ടുമൊരു പുന:സംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ചരിത്രവും ജേക്കബിനുണ്ട്. രാജീവ് ഗാന്ധി മന്ത്രിസഭ 1986ൽ പുന:സംഘടിപ്പിച്ചപ്പോൾ എം.എം. ജേക്കബ് പാർലമെന്ററികാര്യ സഹമന്ത്രിയായി. 1989ൽ അദ്ദേഹത്തിന് ജലവിഭവത്തിന്റെ സ്വതന്ത്ര ചുമതലകൂടി ലഭിച്ചു. 1991ൽ നരസിംഹറാവു മന്ത്രിസഭയിൽ ആഭ്യന്തരസഹമന്ത്രിസ്ഥാനം ലഭിച്ച ജേക്കബിന് 1993ലെ പുന:സംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു.