Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേഘാലയയുടെ ജനകീയ ഗവർണർ

M.M. Jacob

കോട്ടയം∙ രാജ്ഭവന്റെ വാതിൽ ജനങ്ങൾക്കായി തുറന്നിട്ട ഗവർണറായിരുന്നു എം.എം. ജേക്കബ്. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായിരുന്നു മേഘാലയ ഗവർണറായി പ്രവർത്തിച്ച കാലം. 1995മുതൽ 2007 വരെ നീണ്ട 12 വർഷക്കാലം സംസ്ഥാന ഗവർണർ ആയിരുന്നു. രാഷ്ട്രീയക്കാരുടെ ‘വിശ്രമജീവിത കാലഘട്ടം’ എന്ന ഗവർണർ പദവിയെക്കുറിച്ചുള്ള ആക്ഷേപത്തിന്റെ മുനയൊടിക്കുംവിധം മുഖ്യമന്ത്രിക്കൊപ്പമോ ചിലപ്പോൾ മുഖ്യമന്ത്രിയെക്കാൾ ഏറെയോ സജീവമായി അദ്ദേഹം ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു.

നാട്ടുകാർക്കുവേണ്ടി രാജ്ഭവന്റെ വാതിൽ അദ്ദേഹം തുറന്നിട്ടു. ഗവർണർ ചാൻസലറായ നോർത്ത് ഈസ്റ്റ് ഹിൽ യൂണിവേഴ്സിറ്റിയിലെ അധ്യാപകരും വിദ്യാർഥികളും മിക്കപ്പോഴും അദ്ദേഹത്തെ രാജ്ഭവനിൽ സന്ദർശിച്ചു. വടക്കുകിഴക്കൻ മേഖലയിലെ പിന്നാക്ക സംസ്ഥാനമായ മേഘാലയ നിവാസികളുടെ ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് സാധിക്കുംവിധം പരിഹാരം കാണാൻ അദ്ദേഹം ആത്മാർഥമായി ശ്രമിച്ചിരുന്നു.

അതു മനസിലാക്കിയ ജനങ്ങൾ മറ്റൊരു സംസ്ഥാനത്തെയും ഗവർണർക്ക് ലഭിക്കാത്തയത്ര സ്നേഹവും ആദരവും അദ്ദേഹത്തിനു നൽകി. ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരങ്ങൾ നിർദേശിച്ചും എല്ലാ ആഴ്ചയും മുഖ്യമന്ത്രിക്ക് കത്തെഴുതുന്ന ശീലം ജേക്കബിനുണ്ടായിരുന്നു. തന്റെ കാലയളവിൽ മേഘാലയയിലെ ഭരണപരമായ എല്ലാ തീരുമാനങ്ങളുടെയും അവസാന തീരുമാനം ജേക്കബിന്റേതുകൂടിയായിരുന്നു എന്നു പറഞ്ഞാൽ അതിശയോക്തിയില്ല.

എൻഡിഎ സർക്കാരിനും എംഎം ജേക്കബിന്റെ കാര്യക്ഷമതയെക്കുറിച്ചു സംശയമുണ്ടായിരുന്നില്ല. 2000ൽ മേഘാലയയുടെ ഗവർണറായി ഒരു കാലാവധി കൂടി അദ്ദേഹത്തിനു നൽകിയത് വാജ്പേയി സർക്കാർ ആണ്. രണ്ടാം ടേം പൂർത്തിയാക്കി വീണ്ടും രണ്ടുവർഷംകൂടി ഗവർണർ പദവിയിൽ തു‌‌‌ടർന്നശേഷമാണ് അദ്ദേഹം വിരമിച്ചത്.

ലയോളയുടെ ഗോളി

mm-jacob-5 മദ്രാസ് ലയോള കോളജ് ഫുട്ബോൾ ടീമിൽ ഗോളിയായി എം.എം.ജേക്കബ്

തങ്ങളുടെ ഗോൾപോസ്റ്റിലേക്ക് എതിർടീമിന്റെ ഗോൾ എത്താതെ കാത്തുസൂക്ഷിക്കുന്ന നല്ല ഗോളി. രാഷ്ട്രീയത്തിനൊപ്പം എം.എം. ജേക്കബിന്റെ ഇഷ്ടമേഖലകളിലൊന്നു ഫുട്ബോൾ. എം.എം. ജേക്കബിനെ അടുത്തറിയാവുന്നവർക്കും അദ്ദേഹത്തിന്റെ സഹപാഠികൾക്കുമെല്ലാം അറിയാം അദ്ദേഹത്തിന്റെ ഫുട്ബോൾ ഭ്രമം. മദ്രാസ് ലയോള കോളജിൽ പഠിച്ചിരുന്നകാലത്ത് കോളജ് ഫുട്ബോൾ ടീമിന്റെ ഗോളിയായിരുന്നു എം.എം. ജേക്കബ് എന്ന വിദ്യാർഥി. ഫുട്ബോളിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം മരണത്തോളം തന്നെ പിന്തു‌ടർന്നിരുന്നു. ബ്രസീലിന്റെ കടുത്ത ആരാധകനായിരുന്ന എം.എം. ജേക്കബ് മരണത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽപോലും ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ കാണാൻ മാറ്റിവച്ചിരുന്നു.