വിളക്കുമരങ്ങളായ് വ്യാഴവട്ടങ്ങൾ

എം.എം.ജേക്കബ് സോണിയ ഗാന്ധിക്കൊപ്പം

കോട്ടയം ∙ തന്റെ ജീവിതത്തിൽ 12 വർഷത്തിന്റെ പല ഘട്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് എം.എം. ജേക്കബ് പറഞ്ഞിട്ടുണ്ട്. പന്ത്രണ്ടു വർഷം സാമൂഹിക പ്രവർത്തനകാലം കഴിഞ്ഞു 12 വർഷം സജീവരാഷ്ട്രീയം. പിന്നീട് 12 വർഷം രാജ്യസഭാ അംഗം. അടുത്ത 12 വർഷം ഗവർണർ പദവിയിൽ. 2007ൽ ഗവർണർ പദവിയിൽനിന്നു വിരമിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ വിശ്രമരഹിത ജീവിതം 12 വർഷത്തോട് അടുക്കുന്നതിനിടെയാണു മരണം വന്നു വിളിച്ചത്. 

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന ജേക്കബ്, ഉന്നത വിദ്യാഭ്യാസം നേടിയ ശേഷവും സമൂഹത്തിലെ അസമത്വത്തിനും അനീതിക്കുമെതിരായ പോരാട്ടം തുടർന്നു. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കൈപിടിച്ചു മുന്നേറിയ അദ്ദേഹം 1952ൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി. ഭൂമിയില്ലാത്തവർക്ക് ഭൂമി നേടിക്കൊടുക്കുക എന്ന ആചാര്യ വിനോബാ ഭാവെയുടെ ആശയത്തിൽ ആകൃഷ്ടനായ അദ്ദേഹം ഭാവെയുടെ ഭൂദാനപ്രസ്ഥാനത്തിൽ സജീവമായി. ജേക്കബിന്റെ വാഗ്മിത്വവും നേതൃത്വപാടവവും ഉൾക്കൊണ്ട സംഘടന, യുവനേതാക്കൾക്കു പരിശീലനക്കളരികൾ സംഘടിപ്പിക്കാനുള്ള ചുമതലയാണ് അദ്ദേഹത്തിനു നൽകിയത്. 

1954ൽ ഭാരത് സേവക് സമാജിൽ അംഗമായി. ജവാഹർ ലാൽ നെഹ്റുവായിരുന്നു സ്ഥാപക പ്രസിഡന്റ്. ബിഎസ്എസിന്റെ പരിശീലന ക്യാംപുകളിൽ ഇംഗ്ലിഷിലും ഹിന്ദിയിലും മലയാളത്തിലും തീപ്പൊരി പ്രസംഗം നടത്തുന്ന ജേക്കബിന്റെ കഴിവു ബോധ്യപ്പെട്ട നെഹ്റു അദ്ദേഹത്തെ ഡൽഹിയിലേക്കു വിളിപ്പിച്ചു. ബിഎസ്എസ് പ്രചാരകർക്കു പരിശീലനം നൽകുന്ന ചുമതലയാണ് നൽകിയത്. ബിഎസ്എസിൽ നിന്നു സജീവരാഷ്ട്രീയത്തിലേക്ക് ജേക്കബ് തന്റെ പ്രവർത്തനമേഖല വ്യാപിപ്പിച്ചു. നെഹ്റുവുമായുള്ള വ്യക്തിപരമായ അടുപ്പം അദ്ദേഹത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രധാന നേതൃനിരയിലേക്ക് ഉയർത്തി. 

എം.എം.ജേക്കബ്

ജീവിതരേഖ 

1928 ഓഗസ്റ്റ് 9: കോട്ടയം ജില്ലയിലെ രാമപുരം മുണ്ടയ്ക്കൽ വീട്ടിൽ ഉലഹന്നാൻ മാത്യു – റോസമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായി ജനനം. 

മഞ്ചാടിമറ്റം പ്രൈമറി സ്കൂൾ, രാമപുരം സെന്റ് അഗസ്റ്റിൻസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നു സ്കൂൾ പഠനം. 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനാൽ പഠനം ഉപേക്ഷിച്ചു. പിന്നീട് തേവര എസ്എച്ച് കോളജ്, മദ്രാസ് ലയോള കോളജ്, ലക്നൗ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുമായി പഠനം. 

നിയമത്തിൽ ബിരുദം, രാഷ്ട്രമീമാംസയിൽ ബിരുദാനന്തര ബിരുദം, ഇൻകം ടാക്സ് ഡിപ്ലോമ, ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ സാമൂഹികപ്രവർത്തനത്തിൽ ഉന്നത പഠനം. 

1952: രാമപുരത്തു കോൺഗ്രസ് മണ്ഡലം സെക്രട്ടറി. പിന്നീടു കോട്ടയത്ത് അഭിഭാഷകനായി ജോലി. ഭൂദാന പ്രസ്ഥാനത്തിലേക്ക്. 

1954 – ഭാരത് സേവക് സമാജിൽ ചേർന്നു. 

1982 – 1994 – രാജ്യസഭാംഗം. 

1986 – രാജ്യസഭാ ഉപാധ്യക്ഷൻ 

1986 – 1993 – കേന്ദ്ര സഹമന്ത്രി (രാജീവ് ഗാന്ധി മന്ത്രിസഭയിൽ പാർലമെന്ററി സഹമന്ത്രി, ജലവിഭവത്തിന്റെ സ്വതന്ത്രചുമതല, നരസിംഹറാവു മന്ത്രിസഭയിൽ ആഭ്യന്തര സഹമന്ത്രി‌) 

1994 – സൗത്ത് ആഫ്രിക്കയിൽ നടന്ന ആദ്യ ജനാധിപത്യ തിരഞ്ഞെടുപ്പിൽ കോമൺവെൽത്ത് രാജ്യങ്ങളുടെ നിരീക്ഷകൻ. 

1995 – മേഘാലയ ഗവർണർ 

2000 – വാജ്പേയി സർക്കാർ പുനർനിയമനം നൽകി. 

2005 – ഗവർണർ കാലാവധി 2007 വരെ നീട്ടി.