ഓർമകൾക്കൊപ്പം ...

എം.എം. ജേക്കബ്

ആദരവിന്റെ അമരത്ത്

'ഇപ്പോഴും മേഘാലയയിലെ ജനങ്ങൾ എം.എം.ജേക്കബിനെ ഓർമിക്കുന്നു. മിസോറമിലെത്തിയ ശേഷം മേഘാലയയിലെ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പരിചയപ്പെട്ടപ്പോൾ അവർ എ​ം.എം.ജേക്കബിനെക്കുറിച്ചു മതിപ്പോടും ആദരവോടുമാണു സംസാരിച്ചത്. അദ്ദേഹം ഗവർണറായിരുന്ന കാലത്തെ സേവനങ്ങളെ അവർ ഓർമിക്കുന്നു.' - കുമ്മനം രാജശേഖരൻ (മിസോറം ഗവർണർ) 

ഇന്ത്യയെ അറിഞ്ഞ നേതാവ്

'ജവാഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ രാഷ്ട്രനിർമാണ പ്രവർത്തനത്തിൽ ഭാരത് സേവക് സമാജ് വളരെ നിർണായക പങ്കുവഹിച്ചിരുന്ന കാലത്ത് കേരളത്തിലെ ബിഎസ്എസിന്റെ പ്രവർത്തനത്തിനു നേതൃത്വം നൽകി. ബിഎസ്എസിന്റെ നേതൃത്വ നിരയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ഇന്ത്യയിലെ ഗ്രാമഗ്രാമന്തരങ്ങൾ തോറും യാത്ര ചെയ്യാനും എല്ലാത്തരത്തിലുള്ള ജനങ്ങളുമായി അടുത്തിടപഴകാനും അവസരം കിട്ടി. രാഷ്ട്രീയ എതിരാളികൾ പോലും എം.എം. ജേക്കബിനോടു പ്രത്യേക ആദരവ് പുലർത്തിയിരുന്നു. നിർണായകമായ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ എന്നും കോൺഗ്രസ് പാർട്ടിക്ക് അദ്ദേഹത്തിന്റെ ഉപദേശം എറെ വിലപ്പെട്ടതായിരുന്നു.' - ഉമ്മൻ ചാണ്ടി (എഐസിസി ജനറൽ സെക്രട്ടറി, മുൻ മുഖ്യമന്ത്രി)

മാന്യനായ രാഷ്ട്രീയക്കാരൻ

'പാലായിൽ ജനിച്ച് ഭാരതത്തോളം വളർന്ന ജനനായകനായിരുന്നു ജേക്കബ് സാർ. പാലാ നിയോജകമണ്ഡലത്തിൽ ഞങ്ങൾ പരസ്പരം മത്സരിച്ചിട്ടുണ്ടെങ്കിലും വ്യക്തി ബന്ധത്തിന് ഒരു കോട്ടവും ഉണ്ടായിട്ടില്ല. തികഞ്ഞ പക്വതയോടെ, ക്ഷമാപൂർവം അദ്ദേഹം തന്റെ പ്രവർത്തന മേഖലയിൽ വ്യാപരിച്ചു. അനാവശ്യമായ വാഗ്വാദങ്ങൾ അദ്ദേഹം ഒഴിവാക്കി. ഉജ്ജ്വലനായ വാഗ്മിയായിരുന്നു അദ്ദേഹം. മഞ്ചാടിമറ്റം സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കവേ പ്രസംഗവേദിയിൽ കയറിയപ്പോൾ പ്രസംഗം മറന്നതിൽ നിന്നാണ് യുഎൻവരെ ശ്രദ്ധിച്ച ആ ശബ്ദം പിറന്നു വീണത്. ‘വിറ്റ്നെസ് ടു ഫ്രീ ഇന്ത്യ; എന്ന പുസ്തകത്തിൽ അദ്ദേഹം ഇക്കാര്യം എഴുതിയിട്ടുണ്ട്.' - കെ.എം.മാണി (കേരള കോൺഗ്രസ്  (എം) ചെയർമാൻ)

മനം നിറയെ കോൺഗ്രസ്

'നൂറു ശതമാനവും ജനാധിപത്യ വിശ്വാസിയായിരുന്നുവെന്നാണു ഞാൻ അദ്ദേഹത്തിൽ കണ്ട ഏറ്റവും വലിയ പ്രത്യേകത. വിവിധ ഭാഷകളിൽ പ്രസംഗിക്കുന്ന തീപ്പൊരി പ്രസംഗകൻ കൂടിയായിരുന്നു എം​.​എ‌ം.ജേക്കബ്. കോൺഗ്രസ് ശക്തിപ്പെടണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അവസാന ശ്വാസംവരെ ഏറ്റവും മികച്ച കോൺഗ്രസ് പ്രവർത്തകനായി ജീവിച്ചു.' - കെ.ശങ്കരനാരായണൻ (മഹാരാഷ്ട്ര മുൻ ഗവർണർ)