Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം കരാർ: ഭൂമി പണയപ്പെടുത്തൽ വ്യവസ്ഥ ബാങ്കുകളെ വായ്പയ്ക്കു പ്രേരിപ്പിക്കാൻ

Vizhinjam-port-1

കൊച്ചി ∙ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പദ്ധതികൾക്കായി വായ്പ നൽകുന്നതിനു ബാങ്കുകളെ പ്രേരിപ്പിക്കുന്നതിനു വേണ്ടിയാണ് ഭൂമി പണയപ്പെടുത്താനുള്ള വ്യവസ്ഥ വിഴിഞ്ഞം കരാറിൽ ഉൾക്കൊള്ളിച്ചതെന്ന് ആസൂത്രണ കമ്മിഷൻ ഉപദേശകൻ ഗജേന്ദ്ര ഹാൽദിയ. ‘യെസ്’ ബാങ്കിൽ നിന്ന് 500 കോടി രൂപയുടെ വായ്പയെടുക്കാൻ അദാനി ഗ്രൂപ്പ് ഇതേവരെ ഭൂമി പണയപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ അനുമതി ഇല്ലാതെ ഇനിയതിനു സാധിക്കില്ലെന്നും ഗജേന്ദ്ര ഹാൽദിയ വിശദീകരിച്ചു.

എന്നാൽ, 15 വർഷത്തിനുള്ളിൽ ഏതു ഘട്ടത്തിലും പണയവ്യവസ്ഥ ഉപയോഗിക്കാൻ അദാനി ഗ്രൂപ്പിനു കഴിയുന്ന വിധത്തിലാണു കരാറെന്ന് നിരീക്ഷിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, കേരളത്തിലെ ഒരു വൻകിട പദ്ധതിക്കു ചുക്കാൻ പിടിച്ച വ്യക്തി എന്ന നിലയിൽ ഗജേന്ദ്ര ഹാൽദിയ എന്നും ഓർമിക്കപ്പെടുമെന്നും പറഞ്ഞു. വിഴിഞ്ഞം കരാറിന് ആധാരമായ ആസൂത്രണ കമ്മിഷന്റെ മാതൃകാ കരാറിനു രൂപം നൽകിയ വ്യക്തി എന്ന നിലയിലാണ് ഗജേന്ദ്ര ഹാൽദിയ സ്വമേധയാ കമ്മിഷനു മുമ്പാകെ ഹാജരായത്.

കരാറിനെതിരെ വിമർശനങ്ങൾ ഉയരുന്നതു സ്വാഭാവികമാണെന്നും എന്നാൽ, അന്ധമായി വിമർശിക്കുന്നവർക്ക് ഈ പദ്ധതി ഇതിലും സുതാര്യമായി എങ്ങനെ നടപ്പാക്കാമായിരുന്നു എന്നു വ്യക്തമാക്കാൻ ബാധ്യതയുണ്ടെന്നും ഹാൽദിയ പറഞ്ഞു. വ്യക്തിപരമായി ആരും കരാ‍ർവ്യവസ്ഥകളിൽ ഇടപെട്ടിട്ടില്ല. ഡയറക്ടർ ബോർഡിന്റെയും എംപവേർഡ് കമ്മിറ്റിയുടെയും മന്ത്രിസഭയുടെയും കൂട്ടുത്തരവാദിത്തമായിരുന്നു അത്. ഇനി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കമ്മിഷനു കണ്ടെത്തണമെങ്കിൽ ആ സ്ഥാനത്തേക്കു തന്നെ പ്രതിഷ്ഠിക്കണമെന്ന് ഹാൽദിയ പറഞ്ഞു.

മാതൃകാകരാറിൽ ഇല്ലാത്ത ഭൂമി പണയപ്പെടുത്തൽ വ്യവസ്ഥ വിഴിഞ്ഞം കരാറിൽ എങ്ങനെ ഉൾപ്പെടുത്തി എന്നതായിരുന്നു കമ്മിഷൻ പ്രധാനമായും ഹാൽദിയയിൽനിന്നു ചോദിച്ചറിഞ്ഞത്. ബാങ്കുകൾക്കും കമ്പനികൾക്കും പദ്ധതിയിൽ താൽപര്യം ജനിപ്പിക്കാൻ വേണ്ടിയായിരുന്നു ഇതെന്ന് ഹാൽദിയ വ്യക്തമാക്കിയപ്പോൾ, തങ്ങൾ ഇതുവരെ ഈ വ്യവസ്ഥ ഉപയോഗിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.

പദ്ധതി തുടങ്ങിയതേ ഉള്ളുവെന്നും എപ്പോൾ വേണമെങ്കിലും ഭൂമി പണയപ്പെടുത്താവുന്നതാണെന്നും ജോസഫ് മാത്യുവും അഡ്വ. ഹരീഷ് വാസുദേവനും വാദിച്ചു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇതേ കരാർ വ്യവസ്ഥകൾ ഉപയോഗിച്ച് നടപ്പാക്കുന്ന വൻകിട പദ്ധതികളെക്കുറിച്ച് ഹാൽദിയ വിശദീകരിച്ചു. കരാർ വ്യവസ്ഥകളിൽ നിന്നു വ്യതിചലിച്ചതിനെത്തുടർന്നു ഹൈദരാബാദ് മെട്രോയ്ക്കു ലഭിക്കേണ്ട 14,000 കോടി രൂപ കേന്ദ്രസഹായം താൻ ഇടപെട്ടു തടഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി.