കണ്ണൂർ∙ അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളജ് ഉടമകളുടെ സ്ഥാപനങ്ങളിൽ പൊലീസ് റെയ്ഡ്. കണ്ണൂർ മെഡിക്കൽ കോളജ്, കണ്ണൂരിലും പഴയങ്ങാടിയിലുമുള്ള ഹോട്ടലുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി പൊലീസ് സംഘം രേഖകൾ പിടിച്ചെടുത്തു.
2016ലെ റദ്ദാക്കപ്പെട്ട ബാച്ചിലെ വിദ്യാർഥികൾക്കു നേരത്തേ കൈപ്പറ്റിയ തുക തിരിച്ചുനൽകിയില്ലെന്ന് 24 വിദ്യാർഥികൾ ചക്കരക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ചില വിദ്യാർഥികൾ കണ്ണൂർ ഡിവൈഎസ്പിക്കും പരാതി നൽകിയിട്ടുണ്ട്. ഈ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണു റെയ്ഡ് നടത്തിയത്.
അതേസമയം, മെഡിക്കൽ കോളജ് മാനേജ്മെന്റിന്റെ പ്രവേശന ക്രമക്കേടും സാമ്പത്തിക തിരിമറിയും സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വിദ്യാർഥികളുടെ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിക്കും. കേസ് അന്വേഷണം സിബിഐക്കു വിടേണ്ടി വരുമെന്നു സുപ്രീംകോടതി നേരത്തേ വാക്കാൽ പരാമർശം നടത്തിയിരുന്നു.
പ്രവേശന ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ പ്രവേശന മേൽനോട്ട കമ്മിറ്റിയെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ കേസിൽ അടുത്തമാസം തെളിവെടുപ്പ് ആരംഭിക്കുമെന്നു പ്രവേശന മേൽനോട്ട കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് ആർ.രാജേന്ദ്രബാബു വ്യക്തമാക്കി.