Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകന്റെ വീട്ടിലെ കവർച്ച: മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ

കണ്ണൂർ ∙ മാധ്യമപ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് ആക്രമിച്ചു മുഖംമൂടിസംഘം 60 പവൻ സ്വർണാഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ മുഖ്യപ്രതി കസ്റ്റഡിയിൽ. ബംഗ്ലദേശ് സ്വദേശിയായ ഇയാളെ ഡൽഹിയിൽ നിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂർ സിറ്റി സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയുമായി കണ്ണൂരിലേക്കു പുറപ്പെട്ടു.

ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രത്തിന്റെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങളായി ബംഗാൾ പൊലീസുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. തുടർന്നാണു കൊള്ളസംഘം ഡൽഹി കേന്ദ്രീകരിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചത്. തുടർന്നു ജില്ലാ പൊലീസ് മേധാവി പൊലീസ് സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കുകയായിരുന്നു. 

അതേസമയം, കൂട്ടുപ്രതികളെയും നഷ്ടപ്പെട്ട സ്വർണാഭരണങ്ങളെയും കുറിച്ച് ഇതുവരെ വിവരം ലഭ്യമായിട്ടില്ല. വിശദമായ ചോദ്യംചെയ്യലിനു ശേഷം മാത്രമേ വ്യക്തമായ വിവരം ലഭിക്കൂ എന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബർ ആറിനു പുലർച്ചെയാണ് ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറിയ മുഖംമൂടിസംഘം ദമ്പതികളെ മർദിച്ചു കെട്ടിയിട്ടു സ്വർണവും പണവും കവർന്നത്. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ വിനോദ്ചന്ദ്രൻ (53), ഭാര്യ സരിത (50) എന്നിവർക്കു കവർച്ചയ്ക്കിടയിൽ ഗുരുതര പരുക്കേറ്റിരുന്നു. കവർച്ച നടത്തിയ ദിവസം തന്നെ അക്രമത്തിനു പിന്നിൽ ബംഗ്ലദേശ് അതിർത്തിപ്രദേശത്തുള്ള കൊള്ളസംഘമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചറിഞ്ഞിരുന്നു.

related stories