മലപ്പുറം∙ ജില്ലയിലെ പ്ലസ് വൺ സീറ്റുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റി നSത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലാത്തിവീശി പ്രവർത്തകരെ ഓടിച്ചു. എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസിനു പൊലീസ് ലാത്തിവീശലിൽ സാരമായി പരുക്കേറ്റു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എൻ.എ.ഖാദർ, എംഎൽഎമാരായ പി.ഉബൈദുല്ല, ടി.വി. ഇബ്രാഹീം എന്നിവർ സ്ഥലത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സിവിൽ സ്റ്റേഷൻ റോഡും ഇവർ ഉപരോധിച്ചിരുന്നു.


എംഎസ്എഫ് കലക്ടറേറ്റ് മാർച്ചിന്റെ പേരിൽ അറസ്റ്റിലായ നിരപരാധികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് എംഎൽഎമാർ പിന്നീട് മലപ്പുറം പൊലീസ് സ്‌റ്റേഷനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. എംഎൽഎമാരായ പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, എം. ഉമ്മർ, പി. അബ്ദുൽ ഹമീദ് എന്നിവരാണ് കുത്തിയിരുപ്പ് നSത്തിയത്.