ന്യൂഡൽഹി∙ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള സംഘത്തിലേക്കു മലയാളിതാരം പി.യു. ചിത്രയെ തഴഞ്ഞ് ദേശീയ അത്‌ലറ്റിക് ഫെഡറേഷൻ പരിഗണിച്ച സ്റ്റീപ്പിൾ ചേസ് താരം സുധ സിങ്ങിന് മൽസരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല. ദേശീയ അത്‌ലറ്റിക് ഫെഡറേഷനാണ് അനുമതി നിഷേധിച്ചത്. സുധയെ പങ്കെടുപ്പിക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന.
ഇന്ത്യൻ ടീമിൽനിന്നു സിലക്‌ഷന്‍ കമ്മിറ്റി പരിഗണിക്കാതിരുന്ന സുധയെ, പി.യു.ചിത്രയെ തഴഞ്ഞ അത്‍ലറ്റിക് ഫെഡറേഷൻ പ്രത്യേക സമ്മർദം ചെലുത്തി ടീമിലുൾപ്പെടുത്തിയ സംഭവം വിവാദമായിരുന്നു. ലോക ചാംപ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ എൻട്രി ഈ മാസം 24ന് അയച്ചുവെന്നും വൈകി അയയ്ക്കുന്ന എൻട്രികൾ രാജ്യാന്തര ഫെഡറേഷൻ സ്വീകരിക്കില്ലെന്നുമായിരുന്നു ചിത്രയെ തഴഞ്ഞപ്പോൾ, ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷന്റെ നിലപാട്. ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിലെ സ്വർണമാണ് എൻട്രി നൽകിയപ്പോൾ സുധ സിങ്ങിന്റെ യോഗ്യതയായി ഫെഡറേഷൻ അവതരിപ്പിച്ചത്. ഇതേ മൽസരത്തിൽ സ്വർണ ജേതാവായിരുന്നു ചിത്രയും.