തൊടുപുഴ∙ ട്രിപ്പ് ഓട്ടോയെന്നു കരുതി പൊലീസ് ജീപ്പിനു കൈ കാണിച്ച ഗൃഹനാഥനു പൊലീസിന്റെ വക പൊതിരെ തല്ല്. മണക്കാട് മാടശേരിൽ എം.കെ. മാധവനാണ് (64) മർദനമേറ്റത്. അടിയേറ്റ് ഇടതു കണ്ണിനു പരുക്കേറ്റ മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നു ഇന്നലെ രാത്രിയിൽ തൊടുപുഴ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവം.
ബുധനാഴ്ച രാത്രി ഏഴേ കാലോടെ ആശുപത്രിക്കു മുന്നിൽ വാഹനം കാത്തു നിൽക്കുമ്പോഴാണു പൊലീസ് ജീപ്പ് എത്തിയത്. ഓട്ടോയാണെന്നു കരുതി മാധവൻ കൈ കാണിച്ചു. വാഹനം നിർത്തിയ പൊലീസുകാർ അസഭ്യം പറഞ്ഞശേഷം ജീപ്പിൽ കയറ്റിയും പിന്നീടു ലോക്കപ്പിലിട്ടും മർദിച്ചെന്നാണു മാധവന്റെ പരാതി.
തൊടുപുഴ സ്റ്റേഷനിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ ഒന്നിനാണു സ്റ്റേഷനിൽ നിന്നു വിട്ടയച്ചത്. കയ്യിലുണ്ടായിരുന്ന നാലായിരത്തോളം രൂപയും പൊലീസുകാർ കൈക്കലാക്കി. വനിതാ എസ്ഐ ഇടപെട്ടാണു പോകാൻ അനുവദിച്ചത്. തുടർന്ന് മകൻ എത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പൊലീസുകാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും മാധവൻ പറഞ്ഞു.
അതേസമയം, തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ വച്ച് അപമര്യാദയായി പെരുമാറിയതിനാണ് മാധവനെ പിടികൂടിയതെന്നു എസ്ഐ: വി.സി.വിഷ്ണുകുമാർ പറഞ്ഞു. ഇതിന് പെറ്റികേസ് എടുത്തിട്ടുണ്ട്. മാധവനെ പൊലീസ് മർദിച്ചെന്ന ആരോപണം ശരിയല്ലെന്നും എസ്ഐ അറിയിച്ചു.