Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ 20 ലക്ഷത്തിന്റെ ഭൂമി ചുളുവിലയ്ക്ക്; എസ്ഐ മുഖം അടിച്ചുപൊട്ടിച്ചെന്ന് യുവതി

177121377 പ്രതീകാത്മക ചിത്രം

കൊച്ചി∙ കെമിസ്ട്രിയിൽ പിജിയുള്ള യുവതിയാണ്. അതിരുതർക്ക പരാതി അന്വേഷിക്കാൻ വന്ന എസ്ഐ എതിർപക്ഷത്തു ചേർന്നപ്പോൾ ഇവരുടെ മുഖം അടിച്ചുപൊട്ടിച്ചെന്നാണു പരാതി. മുഖത്തു നീരുവച്ചപ്പോൾ ആശുപത്രിയിലായി. എസ്ഐയുടെ സ്റ്റേഷനിൽ തന്നെ പരാതി കൊടുത്തു. അന്വേഷിച്ചെങ്കിലും തെളിവില്ലെന്ന മറുപടിയും കിട്ടി. സാക്ഷികളില്ലാത്തിനാൽ അടിച്ചിട്ടേ ഇല്ലെന്നായിരുന്നു നെടുമ്പാശേരി പൊലീസിന്റെ റിപ്പോർട്ട്. പരാതിയുമായി വനിതാ കമ്മിഷൻ മെഗാ അദാലത്തിലെത്തിയപ്പോൾ അവരും കൈ മലർത്തി. സ്വത്തുതർക്കം പരിശോധിക്കാൻ വരാമെന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ തല്ലു കൊണ്ട എനിക്ക് എവിടുന്ന് നീതി കിട്ടും. ഞാൻ ആരോടു പരാതി പറയണം – നിറകണ്ണുകളോടെ യുവതി ചോദിക്കുന്നു.

പ്രതിഭാഗത്തുള്ള എസ്ഐയെയും അദാലത്തിൽ വിളിപ്പിച്ചിരുന്നു. വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാലാണു പരാതി കേട്ടത്. അവർക്ക് സല്യൂട്ട് നൽകി എതിർസീറ്റിലിരുന്ന എസ്ഐ യുവതിയെ അടിച്ചിട്ടേ ഇല്ലെന്നു വാദിച്ചു. പെൺകുട്ടിയെ ഒന്നുംപറയാൻ അനുവദിക്കുന്നുമില്ല. പട്ടികജാതിക്കാരിയാണ് ഇവർ. പട്ടികജാതി കമ്മിഷനിൽ പരാതി നൽകിയിട്ടും ഒന്നും സംഭവിച്ചില്ലത്രെ. അവിടെയെല്ലാം പൊലീസിന്റെ സ്വാധീനമാണെന്നു പെൺകുട്ടിയുടെ അമ്മ പറയുന്നു.  

adalat കൊച്ചിയിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽനിന്ന്.

നെടുമ്പാശേരി വിമാനത്താവളത്തിന് അടുത്തുള്ള ഭൂമി 20 ലക്ഷം രൂപ വരെ വിലയ്ക്കാണു വിറ്റു പോകുന്നത്. 30 ഏക്കർ ഭൂമിക്കു നടുക്ക്, ഭർത്താവില്ലാത്ത ഒരു വീട്ടമ്മയും മകളും മാത്രം. അവരോടുമാത്രം വില പറഞ്ഞപ്പോൾ ഏക്കറിന് 3 ലക്ഷം നൽകാമെന്നായി. കരഭൂമിയാണ്. പാടഭൂമിക്കു പോലും 10 ലക്ഷം വിലയുണ്ട്. വീട്ടമ്മയെ ഒതുക്കിയാണെങ്കിലും സ്വത്ത് തരപ്പെടുത്താനായി ശ്രമം. അക്കാര്യം തല്ലിയ പൊലീസുകാരൻ കമ്മിഷന്റെ മുന്നിലും പറഞ്ഞതായി യുവതിയുടെ മാതാവ് പറയുന്നു. ഇവർക്കു വീട്ടിലേയ്ക്കു കയറാതിരിക്കാൻ വഴിയടച്ചു. ആളില്ലാത്തപ്പോൾ മതിൽ പുരയിടത്തിലേയ്ക്ക് ഇടിച്ചിട്ടു കമ്പിവേലി കെട്ടി. പൊലീസിൽ പരാതി എത്തിയപ്പോഴാണ് അതിരുതർക്കം പരിഹരിക്കാനായി എസ്ഐ എത്തിയത്. ഒപ്പം എതിർപക്ഷത്തുള്ളയാളും.

അന്ന് അമ്മ സ്ഥലത്തില്ല. ആകുന്നതു പോലെ കാര്യങ്ങൾ പൊലീസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എതിർപക്ഷത്തുള്ളയാളുടെ പക്ഷം ചേർന്ന് സംസാരിച്ച പൊലീസിനോട് സങ്കടപ്പെട്ടും കരഞ്ഞും കാര്യം പറഞ്ഞു. നിവൃത്തിയില്ലാതായപ്പോൾ തർക്കിച്ചു. അപ്പോഴാണു മുഖമടച്ച് എസ്ഐ അടിച്ചത്. ഒന്നല്ല, രണ്ടു കവിളിലും അടിച്ചു. കവിൾ നീരുവച്ചു. നിനക്കു പഠിപ്പും വിവരോം ഉണ്ടോടീ എന്നാണ് പൊലീസുകാരൻ ചോദിച്ചത്. പാവങ്ങൾക്കെന്താ പഠിച്ചാൽ അതിന് വിലയില്ലെന്നുണ്ടോ? – യുവതി ചോദിക്കുന്നു.

പൊലീസിനെതിരെ പരാതി നൽകിയിട്ട് ഒരു ഫലവുമുണ്ടായില്ല. കഴിഞ്ഞ പ്രളയത്തിൽ വീട്ടിലെ സാധനങ്ങൾക്കൊപ്പം, എക്സ്റേ ഉൾപ്പെടെയുള്ള ചികിൽസാ രേഖകളും നഷ്ടമായി. പരുക്കുപറ്റിയതു തെളിയിക്കാൻ രേഖകളുമില്ല. ആശുപത്രിയിൽ അന്വേഷിച്ചാൽ കിട്ടുമോ എന്നറിയില്ല. അറിയുന്നിടത്തെല്ലാം പരാതി നൽകി. ഇനി എവിടെ പോയാൽ നീതികിട്ടുമെന്നു അന്വേഷിച്ചു നടക്കുകയാണ് ഈ അമ്മയും മകളും. പ്രതീക്ഷകളോടെയാണ് അവർ അദാലത്തിലെത്തിയത്. നിരാശരായി ഇറങ്ങിപ്പോകുമ്പോൾ തോറ്റുകൊടുക്കില്ലെന്ന വാശി മാത്രമായിരുന്നു ഇവരുടെ പിടിവള്ളി.

ഏറെയും സ്വത്ത് തർക്കങ്ങൾ

വനിത കമ്മിഷൻ മെഗാ അദാലത്തിൽ പരിഗണിച്ച കേസുകളിൽ അധികവും സ്വത്തുതർക്കവുമായി ബന്ധപ്പെട്ടവയെന്നു കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. പിതാവിന്റെ സ്വത്ത് തട്ടിയെടുത്തു സഹോദരിമാർക്ക് ഒന്നും നൽകാതിരുന്ന സഹോദരനും സ്വത്ത് തട്ടിയെടുത്ത് അമ്മയെ പെരുവഴിയിലിറക്കിയ മക്കളുമെല്ലാം ആവർത്തിക്കുന്ന കേസുകളായി. ലക്ഷങ്ങൾ വരുന്ന സ്വത്ത് പെൺമക്കൾക്കു കൂടി തുല്യമായി അവകാശപ്പെട്ടതാണെന്നു പറഞ്ഞാൽ ഇപ്പോഴും പുരുഷബോധം അംഗീകരിക്കാത്തതു ദുഃഖകരമായ കാഴ്ചയാണ്.

കുടുംബസ്വത്തുമായി വന്നാലേ ഭാര്യയെ പരിരക്ഷിക്കൂ എന്നു പറയുന്ന ഭർത്താവും സ്ത്രീവിരുദ്ധ നിലപാടിന് ഉദാഹരണമാണ്. വീടുകൾക്കുള്ളിൽ സ്ത്രീകൾ ഉപദ്രവിക്കപ്പെട്ടെന്ന കേസും കമ്മിഷന്റെ പരിഗണനയ്ക്കുവന്നു. വാർധക്യത്തിലാകുന്ന അമ്മമാർ സ്വന്തം സ്വത്ത് കാലശേഷമല്ലാതെ മക്കൾക്ക് എഴുതിക്കൊടുക്കരുതെന്ന് ആവർത്തിച്ചു പറയിപ്പിക്കുന്നതായി, അമ്മയുടെ സ്വത്ത് തട്ടിയെടുത്ത് അനാഥാലയത്തിലാക്കിയ മകനെതിരെയുള്ള പരാതി. 

കളമശേരി മെഡിക്കൽ കോളജിലെ അറ്റൻഡർ തസ്ത്കയിലുള്ളയാൾ സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ ഇടപെടുന്നുവെന്ന പരാതിയും വന്നു. ഈ കേസിൽ പൊലീസ് നടപടി എടുക്കാത്തതിന്റെ കാരണം ചോദിച്ച് നോട്ടിസ് നൽകും. സ്ഥാപന മേധാവിക്കു പോലും അദ്ദേഹത്തെ നിയന്ത്രിക്കാനാവുന്നില്ലെന്നാണു ബോധ്യപ്പെട്ടത്. സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി തുടർന്നാൽ കമ്മിഷനു ശക്തമായി ഇടപെടേണ്ടി വരുമെന്നു ബോധ്യപ്പെടുത്തി. എതിർ കക്ഷികൾ ഹാജരാകാതിരിക്കുന്നതാണു മറ്റൊരു പതിവ്. ഇവരെ പൊലീസിനെ ഉപയോഗിച്ചു ബലമായി ഹാജരാക്കാൻ നടപടിയെടുക്കും. 

2 ദിവസത്തെ അദാലത്തിന്റെ ആദ്യ ദിവസം 80 പരാതികളാണു കമ്മിഷനു മുന്നിലെത്തിയത്. 29 കേസുകൾ തീർപ്പാക്കി. 16 കേസുകളിൽ പൊലീസിൽനിന്നും 6 കേസുകളിൽ ആർഡിഒമാരിൽനിന്നും റിപ്പോർട്ട് തേടി. 4 കേസുകളിൽ കൗൺസിലിങ് വേണ്ടി വന്നു. ചില കേസുകൾ അടുത്ത സിറ്റിങ്ങിനു വച്ചിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു. കമ്മിഷൻ അംഗങ്ങളായ ഷിജി ശിവജി, ഇ.എം.രാധ, ഡോ. ഷാഹിദ കമാൽ, വി.യു.കുര്യാക്കോസ് തുടങ്ങിയവരും പങ്കെടുത്തു.

related stories