ന്യൂഡൽഹി ∙ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് അമിത് ഷായുടെ കമ്പനികളുടെ ലാഭക്കണക്കുകൾ പുറത്തു വിട്ട ‘ദ് വയർ’ വാർത്താ സൈറ്റ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ ശൗര്യ മുഖ്യനടത്തിപ്പുകാരനും പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ അടക്കമുള്ളവർ ഡയറക്ടർമാരുമായ ഇന്ത്യ ഫൗണ്ടേഷൻ എന്ന സംഘടനയ്ക്കു വിദേശ ആയുധ, വിമാന കമ്പനികളിൽനിന്നു സംഭാവന ലഭിക്കുന്നുവെന്നതാണു വയറിന്റെ മുഖ്യ ആരോപണം.
രാജ്യത്തിന്റെ ശാക്തിക, സാമ്പത്തിക മേഖലകളിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുന്ന പഠന, ഗവേഷണ കേന്ദ്രമാണ് ഇന്ത്യ ഫൗണ്ടേഷൻ. ശൗര്യ ഡോവലും ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവും ചേർന്നു നടത്തുന്ന ഫൗണ്ടേഷന്റെ ഡയറക്ടർമാരിൽ നിർമല സീതാരാമനു പുറമെ കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിൻഹ, എം.ജെ.അക്ബർ എന്നിവരുമുണ്ട്. ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്തെ ഏറ്റവും ശക്തമായ ഗവേഷണ–ചർച്ചാ വേദികളിലൊന്നാണ് ഇന്ത്യ ഫൗണ്ടേഷൻ.
‘വയർ’ ഉന്നയിക്കുന്ന മുഖ്യ ആരോപണങ്ങൾ ഇവയാണ്:
∙ ഇന്ത്യ ആയുധ ഇടപാടുകൾ നടത്തുന്ന കമ്പനികളിൽനിന്നു സംഭാവന സ്വീകരിക്കുന്ന ഒരു സംഘടനയുടെ ഭരണച്ചുമതലയിൽ പ്രതിരോധമന്ത്രിയും ഭാഗമാകുന്നതു ‘താൽപര്യങ്ങളുടെ സംഘർഷം’ സൃഷ്ടിക്കുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ മകൻ സംഘടനയുടെ തലപ്പത്തുള്ളതു കാര്യങ്ങൾ കൂടുതൽ ഗൗരവതരമാക്കുന്നു.
∙ ഫൗണ്ടേഷൻ നടത്തിയ സെമിനാറുകളിൽ ചിലതു സ്പോൺസർ ചെയ്തവരുടെ കൂട്ടത്തിൽ ബോയിങ് കമ്പനിയുണ്ട്. ബോയിങ്ങിൽനിന്ന് 111 വിമാനങ്ങൾ വാങ്ങാനുള്ള 70,000 കോടിയുടെ ഇടപാടു സംബന്ധിച്ചു സിബിഐ അന്വേഷണം നടക്കുകയാണ്. ബോയിങ്ങിൽനിന്നു സംഭാവന വാങ്ങുന്ന ഇന്ത്യ ഫൗണ്ടേഷന്റെ ഡയറക്ടർമാരിൽ ഒരാൾ വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹയാണെന്നതു ദുരൂഹം.
∙ ആയുധ–വ്യോമയാന കമ്പനികൾക്കു പുറമെ വിദേശ ബാങ്കുകളും സംഭാവന നൽകിയിട്ടുണ്ട്. എത്ര തുക ഇത്തരത്തിൽ ലഭിച്ചുവെന്നതു സംബന്ധിച്ചു വ്യക്തതയില്ല.
∙ ബിജെപിയുമായും കേന്ദ്ര സർക്കാരുമായും നയതീരുമാനങ്ങളിൽ ചേർന്നു പ്രവർത്തിക്കുന്നുവെന്നു ശൗര്യ ഡോവൽ മുൻപ് അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വിദേശ സംഭാവനകൾ സ്വീകരിക്കുന്ന സംഘടനയുടെ ഇത്തരം സ്വാധീനം രാജ്യതാൽപര്യവുമായി സംഘർഷം സൃഷ്ടിക്കുന്നു.
∙ വരുമാന സ്രോതസുകളെക്കുറിച്ചുള്ള വിവരങ്ങൾ ഫൗണ്ടേഷൻ വ്യക്തമാക്കിയിട്ടില്ല. കോൺഫറൻസുകളും പരസ്യവും ജേണൽ ്രപസിദ്ധീകരണവുമാണു വരുമാനമാർഗമെന്നു ശൗര്യ ഡോവൽ പറയുന്നു. എന്നാൽ, ന്യൂഡൽഹിയിലെ സമ്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന ഓഫിസിന്റെ വാടക, ജീവനക്കാരുടെ ശമ്പളം എന്നിവ എങ്ങനെ നൽകുന്നു എന്നതിനെക്കുറിച്ചു വ്യക്തതയില്ല. ജേണലിൽ കാര്യമായ പരസ്യങ്ങൾ ഉള്ളതായി കാണുന്നില്ല.
∙ ഓഹരി രംഗത്തു പ്രവർത്തിച്ചിരുന്ന സിയസ് കാപ്പിറ്റൽ എന്ന കമ്പനി നടത്തിയിരുന്ന ശൗര്യ കഴിഞ്ഞ വർഷം തന്റെ കമ്പനിയെ ജെമിനി ഫിനാൻഷ്യൽ സർവീസസിൽ ലയിപ്പിച്ചു. സൗദി രാജകുടുംബാംഗമാണു ജെമിനി സർവീസസിന്റെ ചെയർമാൻ. ഏഷ്യൻ വികസ്വര രാജ്യങ്ങളിൽ വിദേശ സമ്പന്ന രാജ്യങ്ങളുടെ മൂലധന നിക്ഷേപങ്ങൾക്കായി പ്രവർത്തിക്കുന്ന സ്ഥാപനമാണു ജെമിനി. ഇതും താൽപര്യ സംഘട്ടനമുണ്ടാക്കുന്നതാണ്.