Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദിര ഇന്ത്യയിലെ മികച്ച ഭരണാധികാരികളിൽ ഒരാൾ: പ്രണബ് മുഖർജി

Pranab Mukherjee

കൊൽക്കത്ത∙ ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. യാഥാർഥ്യത്തിൽനിന്ന് അവർ ഒരിക്കലും ഒളിച്ചോടിയിട്ടില്ല. ഇന്ദിരാ ഗാന്ധിയുടെ നൂറാമതു ജന്മദിനത്തോട് അനുബന്ധിച്ചു കൊൽക്കത്തയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ കഴിഞ്ഞ് 1978ൽ ബ്രിട്ടിഷ് മാധ്യമ പ്രവർത്തകരോട് ഇന്ദിരാ ഗാന്ധി നടത്തിയ സംവാദം ഇതിന് ഉദാഹരണമാണെന്നും പ്രണബ് മുഖർജി പറഞ്ഞു.

1978ൽ ലണ്ടനിൽ സന്ദർശനം നടത്തുന്നതിനിടെ ഇന്ദിരയ്ക്കെതിരെ വലിയ എതിർപ്പുകളാണുണ്ടായിരുന്നത്. ജവർഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഹീത്രൂ വിമാനത്താവളത്തിൽ കാത്തിരുന്നത് യുകെയിലെ മാധ്യമങ്ങളായിരുന്നു. അവരെ ഒഴിവാക്കി പോകാൻ അധികൃതർ നിർദേശിച്ചെങ്കിലും ഇന്ദിര തയാറായില്ല. ഇന്ദിരയെ കണ്ടയുടൻ എന്താണ് അടിയന്തരാവസ്ഥയിലൂടെ നിങ്ങൾ നേടിയെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. രാജ്യത്തെ എല്ലാ ജനങ്ങളോടും ഒരേ ഉത്തരവാദിത്തമാണ് ഉള്ളത് എന്നായിരുന്നു ഇന്ദിരയുടെ മറുപടി. മറുപടി കേട്ട മാധ്യമ പ്രവർത്തകരിൽ ഒരാൾ, ഇന്ദിര യാഥാർഥ്യങ്ങളോട് മുഖംതിരിച്ചില്ലെന്ന് വിളിച്ചു പറഞ്ഞു.

മതാന്ധതയ്ക്ക് എതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു ഇന്ദിരാ ഗാന്ധി എന്നും പ്രണബ് മുഖർജി ഓർമിപ്പിച്ചു.പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാർ മതാന്ധതയെ ഇന്ദിരാ ഗാന്ധി ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നതിന് തെളിവാണ്. ഒരുപക്ഷേ ഈ നീക്കത്തിലൂടെ തനിക്ക് ജീവൻ നഷ്ടമാകുമെന്ന് അവർക്ക് അറിയാമായിരുന്നു. എന്നിട്ടും നടപടിയുമായി ഇന്ദിര നിർഭയം മുന്നോട്ട് പോയെന്നും മുൻ രാഷ്ട്രപതി അനുസ്മരിച്ചു.

ഇന്ത്യൻ ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചയ്ക്ക് അടിത്തറ പാകിയത് ഇന്ദിരാഗാന്ധിയാണ്. പൊഖ്രാനിൽ 1974ൽ നടത്തിയ ആണവ പരീക്ഷണം ശാസ്ത്ര രംഗത്തെ ഇന്ത്യയുടെ വളർച്ചയുടെ നിർണായക വഴിത്തിരിവാണ്. 1998ൽ ഇന്ത്യ രണ്ടാമതായി ആണവ പരീക്ഷണം നടത്തിയപ്പോൾ നമ്മൾ പിന്തുടരുന്നത് ഇന്ദിരാ ഗാന്ധിയുടെ പാതയാണെന്നായിരുന്നു അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ പ്രതികരണം. ചുരുക്കത്തിൽ സമസ്തമേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച വ്യക്തിയായിരുന്നു ഇന്ദിരാ ഗാന്ധി എന്നും പ്രണബ് മുഖർജി പറഞ്ഞു.