മഹാരാഷ്ട്രയിൽ ദലിത്– മറാത്ത വിഭാഗങ്ങൾ തമ്മിൽ സംഘർഷം; ബുധനാഴ്ച ബന്ദ്– ചിത്രങ്ങൾ

മഹാരാഷ്ട്രയിൽ ദലിത് – മറാഠ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പൊലീസിനു നേരെ കല്ലെറിയുന്നവർ

മുംബൈ∙ 1818ലെ കൊറിഗാവ് യുദ്ധവാർഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മഹാരാഷ്ട്രയിൽ ദലിത് – മറാത്ത വിഭാഗങ്ങൾ തമ്മിൽ വ്യാപക സംഘർഷം. പ്രതിഷേധക്കാർ നൂറിലധികം വാഹനങ്ങൾ തകർത്തു. റെയിൽ, റോഡ് ഗതാഗതം തടസ്സപ്പെട്ടു. ദലിത് സംഘടനകൾ ദേശീയപാതകൾ ഉപരോധിച്ചു. മഹരാഷ്ട്രയിൽ ബുധനാഴ്ച സംസ്ഥാന ബന്ദും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിൽ ദലിത് – മറാഠ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പൊലീസിനു നേരെ കല്ലെറിയുന്നവർ

അതിനിടെ, സംഘർഷത്തിനു തുടക്കമിട്ട പ്രശ്നങ്ങളെക്കുറിച്ചു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതി സിറ്റിങ് ജഡ്ജിയാകും അന്വേഷണം നടത്തുക. മഹാരാഷ്ട്ര പുരോഗമന സംസ്ഥാനമാണെന്നും ജാതി അക്രമങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും പറഞ്ഞ ഫ‍ഡ്നാവിസ് സമാധാനത്തിനായി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അസത്യപ്രചാരണം നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ ദലിത് – മറാഠ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പൊലീസ് രംഗത്തിറങ്ങിയപ്പോൾ

അക്രമമുണ്ടായ സ്ഥലങ്ങളിൽ വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ചെമ്പൂർ, വിഖ്രോളി, മാൻഖുർദ് ഗോവൻഡി മേഖലകളിലാണ് അക്രമങ്ങൾ കൂടുതലായും നടക്കുന്നത്. കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചു. മുംബൈയിലെ ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയിൽ ഗതാഗതം നിരോധിച്ചത് ഉച്ചയ്ക്കുശേഷം തുറന്നുകൊടുത്തു.

സംഘർഷത്തിനു കാരണം: 1818ൽ ബ്രിട്ടിഷുകാരും മറാഠികളും തമ്മിലുണ്ടായ യുദ്ധത്തിൽ ബ്രിട്ടിഷുകാർക്കായിരുന്നു വിജയം. മറാത്തികളെ തോൽപ്പിച്ച ബ്രിട്ടിഷ് സേനയിൽ ദലിത് വിഭാഗക്കാരുടെ പട്ടാള യൂണിറ്റും പങ്കെടുത്തിരുന്നു. അന്ന് യുദ്ധത്തിൽ മരിച്ച ദലിതർക്കായി പുണെയ്ക്കു സമീപം സ്മാരകം നിർമിച്ചിട്ടുമുണ്ട്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു യുദ്ധവിജയത്തിന്റെ 200–ാം വാർഷികം. ആഘോഷങ്ങൾക്കിടെ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ദലിത് വിഭാഗക്കാർ ആരോപിക്കുന്നു. വാഹനങ്ങളും നശിപ്പിച്ചെന്ന് ഇവർ പറയുന്നു. വാഗ്വാദത്തെത്തുടർന്ന് കല്ലേറുണ്ടാവുകയും ഇതു നിയന്ത്രണാതീതമാവുകയുമായിരുന്നു. തിങ്കളാഴ്ച നടന്ന അനുസ്മരണത്തിൽ ഗുജറാത്തിലെ പ്രമുഖ ദലിത് പ്രവർത്തകനും എംഎൽഎയുമായ ജിഗ്നേഷ് മേവാനി ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു.

മഹാരാഷ്ട്രയിൽ ദലിത് – മറാഠ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽനിന്ന്. ചിത്രം: വിഷ്ണു വി. നായർ
മഹാരാഷ്ട്രയിൽ ദലിത് – മറാഠ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് പൊലീസ് രംഗത്തിറങ്ങിയപ്പോൾ