ജംഷഡ്പുരിനെ കീഴടക്കി പുണെ; പോയിന്റ് പട്ടികയിൽ ഒന്നാമത്

ജംഷഡ്പുർ–പുണെ സിറ്റി എഫ്സി മത്സരത്തിൽ നിന്ന്.

പുണെ∙ ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിയെ 2–1ന് കീഴടക്കി പുണെ സിറ്റി. ശ്രീ ശിവ്‌ ഛത്രപതി സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സ്‌ സറ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന പുണെ സിറ്റി രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ നേടിക്കൊണ്ടാണു വിജയം പിടിച്ചെടുത്തത്.

ജംഷെഡ്പുരിനു വേണ്ടി  വെല്ലിങ്‌ടണ്‍ പ്രയോറി 29–ാം മിനിറ്റിൽ ആദ്യഗോൾ നേടി. 63–ാം മിനിറ്റിൽ ഗുർതേജ് സിങ്ങിന്റെ വകയായിരുന്നു പുണെയുടെ ആദ്യ ഗോൾ. തൊട്ടുപിന്നാലെ 66–ാം മിനിറ്റിൽ എമിലിയാനോ അല്‍ഫാരോ വിജയമുറപ്പിച്ച ഗോൾ നേടി. അല്‍ഫാരോയാണ്‌ ഹീറോ ഓഫ്‌ ദ് മാച്ച്‌ . 

തുടര്‍ച്ചയായി മൂന്നു വിജയങ്ങൾ നേടാനുള്ള ജംഷഡ്‌പുരിന്റെ ശ്രമത്തിനാണു പുണെ തടയിട്ടത്. ഇതോടെ 12 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റോടെ പുണെ സിറ്റി പോയിന്റ്‌ പട്ടികയില്‍ മുന്നിലെത്തി. ജംഷഡ്‌പുര്‍ 16 പോയിന്റോടെ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.