ന്യൂഡൽഹി∙ ദോക് ലായിൽ ‘എന്ത് അപ്രതീക്ഷിത സാഹചര്യമുണ്ടായാലും’ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് പ്രതിരോധമന്ത്രി നിർമല സീതാരാമൻ. സേനയെ ആധുനികവൽക്കരിക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുമെന്നും ഡെറാഡൂണിൽ മന്ത്രി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ദോക് ലാ മേഖലയിൽ ചൈനീസ് സൈന്യം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണെന്ന വാർത്ത ചൈനയിലേക്കുള്ള ഇന്ത്യൻ അംബാസഡർ നിഷേധിച്ചതിനു പിന്നാലെയാണു നിർമല സീതാരാമന്റെ പ്രസ്താവന വരുന്നത്. ഹോങ്കോങ് ആസ്ഥാനമായ സൗത്ത് ചൈന മോർണിങ് പോസ്റ്റിനോടാണ് അംബാസഡർ ഗൗതം ബംബാവാലെ ഇക്കാര്യം അറിയിച്ചത്. മാത്രമല്ല, മേഖലയിലെ നിലവിലെ സ്ഥിതി ചൈന തുടരണമെന്നും ബംബാവാലെ പറഞ്ഞു.
ചൈനീസ് സൈന്യമായ പിഎൽഎ (പീപ്പിൾസ് ലിബറേഷൻ ആർമി) മേഖലയിൽ റോഡ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി കഴിഞ്ഞദിവസങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു.