മുംബൈ∙ കനത്ത മഴയ്ക്കിടെ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നിയന്ത്രണംവിട്ടു മുന്നോട്ടു നീങ്ങിയതു ഭീതി പരത്തി. റൺവേയിൽ നിശ്ചിത സ്ഥലം പിന്നിട്ടു 10 അടി നീങ്ങിയശേഷമാണു നിയന്ത്രിക്കാനായത്. ബ്രേക്ക് ഉപയോഗിച്ചെങ്കിലും മഴയെ തുടര്‍ന്നു തെന്നിനീങ്ങുകയായിരുന്നു. ഹൈദരാബാദ് – മുംബൈ വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർ ഇന്ത്യാ വക്താവ് അറിയിച്ചു.
ശക്തമായ മഴയിൽ മുംബൈയിലും സമീപ ജില്ലകളിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ട്രെയിൻ, റോഡ് ഗതാഗതം താറുമാറായി. വിമാന സർവീസിനെയും ബാധിച്ചു. ഓഫിസുകളിലും വ്യവസായ - വാണിജ്യ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം കുറവായിരുന്നു. പലതും നേരത്തേ പ്രവർത്തനം അവസാനിപ്പിച്ചു. പതിനായിരക്കണക്കിന് ആളുകളാണു ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലുമായി കുടുങ്ങിയത്. ലോക്കൽ ട്രെയിൻ സർവീസുകളിൽ പലതും റദ്ദാക്കി. മഴക്കെടുതിയിൽ ഒരാൾ മരിച്ചു.
മലയാളികൾ ഏറെയുള്ള വസായ് ഉൾപ്പെടുന്ന പാൽഘർ ജില്ലയിലാണു മഴക്കെടുതി കൂടുതൽ. ജില്ലയിലെ ഭോയ്ഡാപാഡ ഗ്രാമത്തിൽ ഒറ്റപ്പെട്ട 120 പേരെ ദേശീയ ദുരന്തനിവാരണ സേനയും പൊലീസും ചേർന്നു രക്ഷിച്ചു. ഉപ്പുപാടങ്ങളിൽ പെട്ടുപോയവരെയും വെള്ളക്കെട്ടിൽപെട്ട ശതാബ്ദി, വഡോദര എക്സ്പ്രസ് ട്രെയിനുകളിൽ കുടുങ്ങിയ 2000 യാത്രക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
വസായ് മേഖലയിൽ നൂറുകണക്കിനു ഹൗസിങ് സൊസൈറ്റികളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. ചിലയിടങ്ങളിൽ താഴ്നിലയിലെ വീടുകളിൽ പകുതിയോളം വെള്ളം നിറഞ്ഞു. ഒട്ടേറെ കുടുംബങ്ങളാണു മുകൾ നിലയിലേക്കു മാറിയത്. രാവിലെ മുതൽ വൈദ്യുതി നിലച്ചത് ദുരിതം ഇരട്ടിയാക്കി. റോഡ് ഗതാഗതം മുടങ്ങിയതോടെ ചില പ്രദേശങ്ങൾ ഒറ്റപ്പെട്ടു. വെള്ളവും വൈദ്യുതിയുമില്ലാതെയും ഭക്ഷണം പാകം ചെയ്യാനാകാതെയും ജനം വലഞ്ഞു. വൈകിട്ട് മഴ കുറഞ്ഞതിനെത്തുടർന്ന് വെള്ളക്കെട്ട് കുറഞ്ഞു.
കനത്ത പേമാരിയിൽ തീരാദുരിതം; ഒരു മീറ്ററോളം വെള്ളം
മുംബൈ ∙ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമാണ് വസായ് മേഖല സാക്ഷ്യം വഹിച്ചത്. ഒരു മീറ്ററിലേറെ വെള്ളം പൊങ്ങിയ റോഡുകൾ, വെള്ളത്തിൽ നിറഞ്ഞ് താമസ സമുച്ചയങ്ങളും ടൗൺഷിപ്പുകളും വ്യാപാര കേന്ദ്രങ്ങളും, വൈദ്യുതി ബന്ധം നിലച്ചതോടെ ഇരുട്ടിലായ നാടും നഗരവും, മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പോലുമാകാത്ത സ്ഥിതി വന്നതോടെ ഒറ്റപ്പെടൽ അനുവഭിച്ച് ഒട്ടേറെപ്പേർ, ശുദ്ധജലവും പാലും പച്ചക്കറിയും വീട്ടു സാധനങ്ങളുമില്ലാത്ത സ്ഥിതി വന്നതോടെ ദുരിതപൂർണമായ ദിനമാണ് വസായ് ഉൾപ്പെടെ പാൽഘർ ജില്ലയിലെ പല മേഖലകളിലും ആളുകൾ പിന്നിട്ടത്.
നാലു ദിവസമായി തുടരുന്ന പേമാരി ജനജീവിതം അക്ഷരാർഥത്തിൽ താറുമാറാക്കി. എല്ലാ റോഡുകളിലും വാഹനങ്ങൾക്ക് നീങ്ങാൻ കഴിയാത്തവിധം വെള്ളക്കെട്ടുണ്ടായി. ബസും ഓട്ടോറിക്ഷകളും സർവീസ് നിർത്തി. ഹൗസിങ് കോളനികളിലെ താഴത്തെ ഫ്ലാറ്റുകളിൽ വെള്ളംകയറിയതിനെത്തുടർന്ന് താമസക്കാർ മറ്റു നിലകളിലും ടെറസുകളിലും അഭയംതേടി. വൈദ്യുതി നിലയങ്ങളിൽ ക്രമാതീതമായി വെള്ളംകയറിയതാണ് ഒട്ടുമിക്ക മേഖലകളിലും വൈദ്യുതി വിതരണം നിലയ്ക്കാൻ കാരണം. വസായിൽ കടകളിൽ വെള്ളംകയറി കോടികളുടെ നഷ്ടം ഉണ്ടായി. പലയിടത്തും വ്യാപാരസ്ഥാപനങ്ങൾ തുറന്നില്ല.
ഭൂരിഭാഗം ജനങ്ങളും വീടുവിട്ടിറങ്ങിയില്ല. വസായ്, വിരാർ, നാലസൊപാര റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം വരെ വെള്ളക്കെട്ട് ഉയർന്നു. പാൽഘർ ജില്ലയിലെ റെയിൽപാളത്തിൽ വെള്ളക്കെട്ട് കാരണം ഇതുവഴിയുള്ള എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. വസായിലെ ദിവാൻമാൻ, സൺസിറ്റി, അമ്പാടിറോഡ്, മാണിക്ക്പൂർ, നവ്ഘർ, സായ്നഗർ, എവർഷൈൻ സിറ്റി, വസന്ത്നഗരി, അഗർവാൾ, പാപ്പടി, സമതനഗർ, നാലസൊപാരയിലെ റെയിൽവേ സ്റ്റേഷൻ പരിസരം, തുളിഞ്ചു റോഡ്, അചോളെ, നീലംമോറെ ഗാവ്, സന്തോഷ്‌ഭുവൻ, ധാനീവ് ബാഗ്, വിരാറിലെ വിവ കോളജ് പരിസരം, ചന്തൻസാർ,
മനവേൽപാട, ഫൂൽപാട, ആകാശി, അർണാല, പാൽഘർ നഗരം, ബോയ്സർ-താരാപൂർ, ഡഹാണു, നവസാരി എന്നിവിടങ്ങളിലാണ് മഴ കൂടുതൽ ദുരിതം വിതച്ചത്. വസായിക്കും എവർഷൈൻ സിറ്റി റോഡിനും മധ്യേ രണ്ടുദിവസമായി തുടരുന്ന വലിയ വെള്ളക്കെട്ട് കാരണവും റെയിൽപാളങ്ങൾക്ക് കുറുകെയുള്ള പുതിയ മേൽപ്പാലം വഴി ഗതാഗതം നിരോധിച്ചതിനാലും വസായ് ഒറ്റപ്പെട്ടു. ഉപ്പളങ്ങളിലെ താമസക്കാരെ അഗ്നിശമനവിഭാഗം ചെറുബോട്ടുകളിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കിഴക്കൻ മലയോരത്തെ നദികൾ കവിഞ്ഞൊഴുകുകയാണ്. നദീതടങ്ങളിലെ താമസക്കാരെ സന്നദ്ധസേവകരും പൊലീസും ചേർന്ന് സ്കൂളുകളിലേക്ക് മാറ്റി.
വെള്ളിയാഴ്ച വരെ കനത്ത മഴ
പേമാരി വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെയാണു കനത്ത മഴ പ്രവചിച്ചിട്ടുള്ളത്. മുംബൈ, താനെ, പാൽഘർ, റായ്ഗഡ്, ഉത്തര കൊങ്കൺ മേഖലകളിലാണു കനത്ത മഴയ്ക്കു സാധ്യത. സാഹചര്യം വിലയിരുത്തി വിവിധ ഏജൻസികൾക്കു മുൻകരുതൽ നിർദേശങ്ങൾ നൽകുകയാണെന്നും ദുരന്ത നിവാരണ സേന അറിയിച്ചു.
യുവാവ് മുങ്ങിമരിച്ചു
വിരാറിൽ ജലാശയത്തിൽ നീന്താനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഡൊങ്കാർപാഡയിൽ രാകേഷ് നോട്ട് (30) ആണു മരിച്ചത്. നഗരത്തിലെയും സമീപ ജില്ലകളിലെയും ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നലെയും അവധി നൽകി.
കുടുങ്ങിയ ട്രെയിനുകളിൽനിന്ന് രക്ഷപ്പെടുത്തിയത് 2000 പേരെ
മുംബൈ ∙ ഗുജറാത്തിൽ നിന്നു മുംബൈയിലേക്കു വരുന്നതിനിടെ വെള്ളക്കെട്ടിൽ കുടുങ്ങിയ മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസ്, വഡോദര എക്സ്പ്രസ് ട്രെയിനുകളിൽ മണിക്കൂറുകളോളം കുടുങ്ങിയ രണ്ടായിരം യാത്രക്കാരെ രക്ഷിച്ചത് ദേശീയ ദുരന്ത നിവാരണ സേന. നാലസൊപാര-വസായ് സ്റ്റേഷനുകൾക്കിടയിൽ കുടുങ്ങിയ യാത്രക്കാരെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിനിൽ നിന്നു സുരക്ഷിത മേഖലയിലേക്ക് എത്തിച്ചത്. ദുരന്തനിവാരണസേന, പൊലീസ്, അഗ്നിശമനസേന എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വഡോദര എക്സ്പ്രസ് ഇന്നലെ പുലർച്ചെ നാലേമുക്കാലിന് മുംബൈ സെൻട്രലിൽ എത്തേണ്ടതായിരുന്നു. എന്നാൽ, കനത്ത മഴ തുടർന്നതോടെ നാലസൊപാര-വസായ് സ്റ്റേഷനുകൾക്കിടയിലെ ട്രാക്കിൽ ചില ഭാഗത്ത് രണ്ടുമീറ്ററോളം ഉയരത്തിൽ വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു.
നിർത്തിയിട്ട ട്രെയിനിന് ഇരുവശവും വെള്ളംനിറഞ്ഞതോടെ യാത്രക്കാർക്ക് പുറത്തേക്കിറങ്ങാൻ കഴിയാതായി. ഭക്ഷണമില്ലാതെ യാത്രക്കാർ വലഞ്ഞു. തുടർന്ന് പാൽഘർ ജില്ലാ കലക്ടർ നവ്നാഥ് ജാരെ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. ഉച്ചയോടെ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ഇവർക്കായി വസായ് സ്റ്റേഷനിൽനിന്ന് ലോക്കൽ ട്രെയിനുകളും, പ്രത്യേകം ബസുകളും അധികൃതർ ഏർപ്പാടാക്കി നൽകി. പാൽഘർ ജില്ലയിൽ മാത്രം അഞ്ഞൂറോളംപേരെ വിവിധയിടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് ഇവർക്ക് സൗകര്യമൊരുക്കിയത്.
സർവീസ് റദ്ദാക്കി ലോക്കലുകൾ; വഴിയിൽ കുടുങ്ങി യാത്രക്കാർ
ലോക്കൽ ട്രെയിനുകളുടെ ഒട്ടേറെ സർവസീസുകൾ റദ്ദാക്കിയതോടെ പതിനായിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. ഓടിയ ട്രെയിനുകളിലേറെയും മണിക്കൂറുകൾ വൈകി. ഒരു മണിക്കൂർ കൊണ്ട് എത്തേണ്ടിയിരുന്ന ട്രെയിനുകൾ നാലു മണിക്കൂറിലേറെ എടുത്താണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഗുജറാത്ത് ദിശയിലേക്കുള്ള ദീർഘദൂര ട്രെയിനുകളുടെ സർവീസിനെയും മഴ ബാധിച്ചു. ഒട്ടേറെ ദീർഘദൂര ട്രെയിനുകളും റദ്ദാക്കി. സ്റ്റേഷനുകളിൽ കുടുങ്ങിയ യാത്രക്കാർക്ക് ഭക്ഷണവുമായി പശ്ചിമ റെയിൽവേ മുംബൈ സെൻട്രലിൽ നിന്ന് ഇന്നലെ രാത്രി പ്രത്യേക ട്രെയിൻ സർവീസ് നടത്തി. വെസ്റ്റേൺ ലൈനിൽ നാലസൊപാര സ്റ്റേഷനിൽ വലിയ തോതിൽ വെള്ളം കയറി.
ഇതോടെ ട്രെയിൻ ഗതാഗതം താളം െതറ്റി. ബോറിവ്‍ലിയിൽ നിന്നു വസായ്, വിരാർ ഉൾപ്പെടെ പശ്ചിമ മേഖലയിലേക്കുള്ള ട്രെയിൻ ഗതാഗതം മുടങ്ങി. ഹാർബർ ലൈനിൽ സിഎസ്ടി-വാശി പാതയിലും ഇടയ്ക്കു ഗതാഗതം നിർത്തിവച്ചെങ്കിലും വെള്ളക്കെട്ടു കുറഞ്ഞപ്പോൾ പുനരാരംഭിച്ചു. മഴയെത്തുടർന്ന് ഡബ്ബാവാലകൾ ഇന്നലെ പ്രവർത്തനം ഉപേക്ഷിച്ചു. കൊളാബ കാലാവസ്ഥാ കേന്ദ്രത്തിലെ കണക്കനുസരിച്ച് ഇന്നലെ രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനിടെ 165 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇതേസമയം പാൽഘറിൽ 240 മില്ലീമീറ്റർ മഴ ലഭിച്ചു.
പാളങ്ങൾ മുങ്ങി; പരിഹാരം ഇല്ലാത്തത് എന്തെന്ന് കോടതി
നഗരത്തിലെ റെയിൽവേ പാളങ്ങൾ എല്ലാവർഷവും മുങ്ങുന്നതെന്താണെന്നും ഇതിനെതിരെ കൃത്യമായ പരിഹാര നടപടികൾ സ്വീകരിക്കാത്തതെന്തുകൊണ്ട് എന്നും ബോംബെ ഹൈക്കോടതി. വെള്ളക്കെട്ടു കാരണം റെയിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നുള്ള പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. റെയിൽവേയ്ക്കു പ്രശ്നം പരിഹരിക്കാനാവില്ലെങ്കിൽ, സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നൽകി.