തൊടുപുഴ∙ ഇടുക്കി ജില്ലയിലെ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരം(നീലക്കുറിഞ്ഞി സന്ദർശനം ഉൾപ്പെടെ) സാഹസിക, ടൂറിസം ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവ പൂർണമായി നിരോധിച്ചു. മലയോരത്തെ റോഡുകളിലൂടെയുള്ള ഭാരവാഹനങ്ങൾ, പ്രത്യേകിച്ച് തടി കയറ്റിയ ലോറി, ടൂറിസ്റ്റ് ബസുകൾ എന്നിവയുടെ ഗതാഗതം വെള്ളിയാഴ്ച മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
ഇതിനിടെ, ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയുടെ പരമാവധി ഷട്ടറുകൾ ഉയർത്താൻ ജലസേചന വിഭാഗത്തോട് ആലപ്പുഴ ജില്ലാ കലക്ടർ നിർദേശിച്ചു. വ്യാഴാഴ്ച പകൽ രണ്ടു ഷട്ടറുകൾ തുറന്നു. രാത്രി കൂടുതലെണ്ണം ഉയർത്തിയേക്കും. സ്പിൽവേയ്ക്ക് ആകെ 40 ഷട്ടറാണുള്ളത്. സ്പിൽവേ വഴി നീരൊഴുക്കും കൂടിയിട്ടുണ്ട്. ജലനിരപ്പും ഉയർന്നു.
കുട്ടനാട്ടിൽ വൈകിട്ടു വേലിയേറ്റം കാരണം ജലനിരപ്പ് ഉയർന്നു. കിഴക്കൻ വെള്ളത്തിന്റെ വരവും തുടങ്ങി. പുഞ്ചക്കൃഷിക്കായി പമ്പിങ് തുടങ്ങാത്ത പാടശേഖരങ്ങൾക്കു സമീപമുള്ള വീടുകളുടെ മുറ്റത്തു വെള്ളം കയറി. കുട്ടനാട്ടിൽ വ്യാഴാഴ്ച പകൽ കനത്ത മഴ പെയ്തു.