‘ചന്ദ്രശേഖര്‍ റാവു നന്ദികെട്ടയാൾ; ചന്ദ്രബാബു നായിഡുവിന് യുപിഎയിലേക്കു സ്വാഗതം’

ചന്ദ്രബാബു നായിഡു, ചന്ദ്രശേഖർ റാവു

ഹൈദരാബാദ്∙ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് യുപിഎയിലേക്കു സ്വാഗതമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.വീരപ്പ മൊയ്‌ലി. എന്‍ഡിഎയ്‌ക്കെതിരെ  ഒത്തൊരുമിച്ചുള്ള പോരാട്ടത്തില്‍ ടിഡിപി പങ്കാളിയാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെലങ്കാനയിലെ സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുടരുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മൊയ്‌ലി. അവിഭക്ത ആന്ധ്രയില്‍ എഐസിസി ചുമതലക്കാരനായിരുന്നു മൊയ്‌ലി. 

തെലങ്കാനയില്‍ ഡിസംബര്‍ ഏഴിനു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസുമായി സീറ്റു വിഭജന ചര്‍ച്ചയിലാണ് ടിഡിപി. ആന്ധ്രയ്ക്കു കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദവി നല്‍കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ടിഡിപി എന്‍ഡിഎ വിട്ടത്. പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളെയെല്ലം എന്‍ഡിഎയ്‌ക്കെതിരേ ഒന്നിച്ച് അണിനിരത്തുകയാണു ലക്ഷ്യമെന്നു വീരപ്പ മൊയ്‌ലി പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നന്ദികെട്ടവനാണെന്നു മൊയ്‌ലി കുറ്റപ്പെടുത്തി. ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിക്കുന്നതിനായി കോണ്‍ഗ്രസ് നടത്തിയ ത്യാഗമാണ് റാവുവിനു മുഖ്യമന്ത്രിക്കസേര ഒരുക്കിയത്. എന്നാല്‍ റാവു ഇതൊന്നും ഓര്‍ത്തില്ല. ഞങ്ങളുടെ നേതാവിനെ അവഹേളിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തി (രാഹുല്‍ രാജ്യത്തെ വലിയ കോമാളിയാണെന്ന പരാമര്‍ശം). തെലങ്കാനയിലെ ജനങ്ങള്‍ ഒരിക്കലും ഇതു പൊറുക്കില്ലെന്നും മൊയ്‌ലി പറഞ്ഞു. 

രാജസ്ഥാന്‍, മധ്യപ്രദേശ്, മിസോറം എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍വിജയം കൈവരിക്കുമെന്നു ഉറപ്പാണെന്നു മൊയ്‌ലി പറഞ്ഞു. ഛത്തീസ്ഗഡിലും വിജയം കൈവരിച്ചാല്‍ അദ്ഭുതപ്പെടാനില്ല. തെലങ്കാനയില്‍ ടിഡിപി, ടിജെഎസ്, സിപിഐ എന്നിവരുമായി കൈകോര്‍ത്ത് അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ സംസ്ഥാനങ്ങളില്‍ എല്ലാം ഗ്രാഫ് താഴേക്കു പോകുന്നത് ബിജെപിക്കു കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്നതിന്റെ ചുവരെഴുത്തായിരിക്കുമെന്നും മൊയ്‌ലി പറഞ്ഞു.