ന്യൂഡൽഹി∙രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകിട്ട് അഞ്ച് വരെ 72.7 ശതമാനം പോളിങ്. തെലങ്കാനയിൽ ഇതുവരെ 67 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് ശതമാനത്തിന്റെ അന്തിമ കണക്കില്‍ മാറ്റാം വരാം.
വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ രാജസ്ഥാനിൽ ആക്രമണമുണ്ടായി. സികാർ ഫത്തേപുരിലെ സുഭാഷ് സ്കൂളിലെ പോളിങ് ബൂത്തിനു സമീപം ചേരിതിരിഞ്ഞായിരുന്നു ആക്രമണം. ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ആക്രമികൾ കത്തിച്ചു. ചില വാഹനങ്ങളുടെ ചില്ലുകൾ കല്ലെറിഞ്ഞു തകർത്തു. ഇതേതുടർന്ന് അര മണിക്കൂറിലേറെ വോട്ടെടുപ്പു തടസ്സപ്പെട്ടു. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ 172–ാം ബൂത്തിൽ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അർജുൻ റാം മെഗ്വാൾ മൂന്നര മണിക്കൂർ വരിനിന്നാണു വോട്ടു ചെയ്തത്. വോട്ടിങ് യന്ത്രം പ്രവർത്തിക്കാതിരുന്നതാണു കേന്ദ്രമന്ത്രിക്കു വിനയായത്.
രാജസ്ഥാനിലെ 199, തെലങ്കാനയിലെ 119 മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. രാഷ്ട്രീയ നേതാക്കളും സിനിമാ, സ്പോർട്സ് താരങ്ങളും ഉൾപ്പെടെയുള്ള പ്രമുഖർ വോട്ട് ചെയ്യാനെത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സ്വന്തം മണ്ഡലമായ ഝാൽറാപാഠനിലും തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അടക്കമുള്ള വിഐപികൾ ഹൈദരാബാദ് മേഖലകളിലും വോട്ടിട്ടു. തെലങ്കാനയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ ഒരു കോടിയോളം രൂപ പിടിച്ചെടുത്തു. ജനാധിപത്യത്തിന്റെ ഉൽസവത്തില്‍ പങ്കാളിയായി എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
തെലങ്കാനയിൽ രാവിലെ 7നും രാജസ്ഥാനിൽ 8 മണിക്കുമാണു പോളിങ് ആരംഭിച്ചത്. തെലങ്കാനയിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെ (ടിആർഎസ്) കോൺഗ്രസ് – തെലുങ്കുദേശം വിശാലസഖ്യം നേരിടുന്നു. രാജസ്ഥാനിൽ ബിജെപിയും കോൺഗ്രസും നേർക്കുനേർ മൽസരമാണ്. കഴിഞ്ഞമാസം 12 നും 20 നുമായിരുന്നു ഛത്തീസ്‌ഗഡിൽ തിരഞ്ഞെടുപ്പ്. മധ്യപ്രദേശിലും മിസോറമിലും കഴിഞ്ഞ മാസം 28നും. 5 സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ 11 ന്. തിരഞ്ഞെടുപ്പു വിശേഷങ്ങൾ അറിയാം ചുവടെ...