ന്യൂഡൽഹി∙ രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കാനുള്ള പുതിയ ഉത്തരവിൽ വ്യക്തതയുമായി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിന്റെയോ സംസ്ഥാന സർക്കാരിന്റെയോ അനുമതി കൂടാതെ നിരീക്ഷണം നടത്താനാകില്ലെന്നാണു മന്ത്രാലയം ഇപ്പോൾ അറിയിച്ചിരുന്നുന്നത്. നിരീക്ഷണത്തിനുള്ള തങ്ങളുടെ അധികാരം മറ്റൊരു ഏജൻസിക്കും നൽകിയിട്ടില്ല. രാജ്യത്തിന്റെ സുരക്ഷ-രഹസ്യാന്വേഷണ ഏജൻസികളെ വലിയ തോതിലുള്ള നിരീക്ഷണത്തിന് സജ്ജമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സർക്കാർ പറയുന്നു.
രാജ്യത്തെ ഏതു കംപ്യൂട്ടറും ആവശ്യമെങ്കില്‍ നിരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കിക്കൊണ്ടു പുറത്തിറക്കിയ ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി ആഭ്യന്തരമന്ത്രാലയം രംഗത്തെത്തിയത്. 2000ലെ ഐടി ആക്ട് അനുസരിച്ച് ആവശ്യമായ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. കൂടുതൽ അധികാരങ്ങളൊന്നും പുതിയ വിജ്ഞാപനം പ്രകാരം നൽകിയിട്ടില്ല. ടെലഗ്രാഫ് ആക്ടിൽ നിലനിൽക്കുന്ന കാര്യങ്ങളും മറ്റുമാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇപ്പോൾ നടത്തിയത് ടെലിഗ്രാഫ് ആക്ടിന്റെ പുനഃപരിശോധനയായിരുന്നെന്നും സർക്കാർ അറിയിച്ചു.
പൗരന്മാരുടെ ഡേറ്റ പരിശോധിക്കാനും നിരീക്ഷിക്കാനും വിവരങ്ങൾ പിടിച്ചെടുക്കാനുമുള്ള അധികാരമാണു വ്യാഴാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ ആഭ്യന്തര മന്ത്രാലയം നൽകിയിരുന്നത്. പ്രതിപക്ഷ കക്ഷികളിൽനിന്നുൾപ്പെടെ കടുത്ത വിമർശനമാണ് ഈ പുതിയ വിജ്ഞാപനത്തിന്മേൽ സർക്കാരിനു കേൾക്കേണ്ടി വന്നത്. ഭരണഘടന, ജനാധിപത്യ വിരുദ്ധവും മൗലികാവകാശങ്ങൾക്കുനേരെയുള്ള കടന്നുകയറ്റവുമാണെന്നുമുള്ള അഭിപ്രായമുയർന്നു. ഇതേത്തുടർന്നാണ് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.