ആരോഗ്യമന്ത്രി അറിഞ്ഞിട്ടും ഡോക്ടറില്ല: കുഞ്ഞു മരിച്ചു; അട്ടപ്പാടിയില്‍ ഈ വര്‍ഷം 15 ശിശു മരണം

പാലക്കാട്∙ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. നെല്ലിയാമ്പതി ഊരിൽ പഴനിസ്വാമിയുടെയും തങ്കമ്മയുടെയും നവജാതശിശുവാണു മരിച്ചത്. ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയാണു മരണം. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആൺകുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ മരിച്ചിരുന്നെന്നു ഡോക്ടർ പറഞ്ഞു. അമ്മയ്ക്കു ചികിൽസ ലഭിച്ചില്ലെന്നും പരാതിയുണ്ട്. അട്ടപ്പാടിയിൽ ഈ വർഷത്തെ 15ാമത്തെ ശിശുമരണമാണ്.

കഴിഞ്ഞ 19നാണ് തങ്കമ്മയെ പ്രസവത്തിനായി കോട്ടത്തറ സർക്കാർ ട്രൈബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയോടെയാണ് പ്രസവവേദന ഉണ്ടായത്. ഈ സമയത്ത് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ആനകട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. അവിടെ എത്തിച്ചപ്പോഴേക്കും ഗർഭാവസ്ഥയിൽതന്നെ കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ അഞ്ചു വർഷമായി പോഷകാഹാരക്കുറവുമൂലമുള്ള ശിശുമരണം അട്ടപ്പാടിയിൽനിന്ന് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നില്ല. എന്നാൽ ജനിതക വൈകല്യങ്ങൾ, മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി മരണം തുടങ്ങിയവ അടുത്തകാലത്തായി കൂടിവരികയാണ്. ആരോഗ്യവകുപ്പിന്റെ കണക്കിൽ ഈ വർഷം 13 ശിശുമരണം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാൽ 15ാമത്തെ കുട്ടിയാണ് ഇപ്പോൾ മരിച്ചതെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. 2017ൽ മരിച്ചത് 14 കുഞ്ഞുങ്ങളാണ്.

കഴിഞ്ഞ കുറച്ചുനാളുകളായി അട്ടപ്പാടിയിലെ ആളുകൾക്കു സഹായകമാകുന്ന ഏക സർക്കാർ ആശുപത്രിയായ കോട്ടത്തറയിൽ ഗൈനക്കോളജി ഡോക്ടർമാരില്ല. രണ്ടു ഡോക്ടർമാരിൽ ഒരാൾ മൂന്നുമാസമായി അവധിയിലാണ്. മറ്റൊരാൾ സർക്കാരിന്റെ പരിശീലനത്തിനായി രണ്ടാഴ്ചയായി അവധിയെടുത്തിരിക്കുന്നു. പകരം സംവിധാനം ഒരുക്കാനായിട്ടില്ല. മാത്രമല്ല, മറ്റ് ഡോക്ടർമാരിൽ ചിലരെ ശബരിമല ഡ്യൂട്ടിക്കും വിട്ടിട്ടുണ്ട്.

പാലക്കാട് മെഡിക്കൽ കോളജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിരവധി ഗൈനക്കോളജിസ്റ്റുമാരുണ്ട്. ഇവരിലാരെയെങ്കിലും അട്ടപ്പാടിയിലേക്കു വിട്ടു പ്രതിസന്ധി പരിഹരിക്കാമായിരുന്നിട്ടും ആരോഗ്യവകുപ്പ് അനങ്ങിയില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇതു സംബന്ധിച്ച വിവരം ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ അട്ടപ്പാടി ആശുപത്രി സ്പെഷൽ ഓഫിസർ കെ. പ്രഭുദാസ് അറിയിച്ചിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.