തിരുവനന്തപുരം∙ ആറ്റിങ്ങല്‍ സബ് ഇന്‍സ്പെക്ടര്‍ തന്‍സീം അബ്ദുള്‍ സമദ് ആഹാരം കഴിക്കാനായി ഭക്ഷണപ്പൊതി തുറന്നപ്പോഴാണ് സ്റ്റേഷനിലേക്ക് ആ ഫോണ്‍ എത്തുന്നത്. ശ്രീധരന്‍ നായരെന്ന വയോധികനാണ് മറുതലയ്ക്കല്‍. ആറ്റിങ്ങല്‍ ബോയ്സ് ഹൈസ്കൂളിന് സമീപത്തെ വീട്ടില്‍നിന്ന് 28 പവന്‍ മോഷണം പോയി. നാലു നാടോടി സ്ത്രീകളാണ് മോഷണ സംഘത്തിലുണ്ടായിരുന്നത്. മോഷണത്തിനുശേഷം സംഘം രക്ഷപ്പെട്ടിട്ടു നിമിഷങ്ങളാകുന്നതേയുള്ളൂ.
ഭക്ഷണപ്പൊതി മടക്കിവച്ച് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിറങ്ങിയ സബ് ഇന്‍സ്പെക്ടറും ഷാഡോ പൊലീസ് സംഘവും ഓടിക്കയറിയത് ചരിത്രത്തിലേക്കാണ്. മോഷണം നടത്തിയശേഷം മൂന്നു ഓട്ടോറിക്ഷകള്‍ മാറിക്കയറി തിരുവനന്തപുരം ജില്ല വിട്ട സേലം സ്വദേശികളായ നാടോടി സംഘത്തെ അഞ്ചു മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാന്‍ സംഘത്തിനായി. ഫോണ്‍ വിളിച്ച ശ്രീധരന്‍നായരുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് സംഘത്തോടു വീട്ടുടമസ്ഥന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. വീട്ടില്‍ താന്‍ ഒറ്റയ്ക്കായിരുന്നു. നാലു നാടോടി സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത്. ഒരാള്‍ ഗര്‍ഭിണിയാണ്. ഗേറ്റ് തുറന്നെത്തിയ സംഘം കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളമെടുക്കാന്‍ വീട്ടിനുള്ളിലേക്കു പോയ സമയത്താണു മോഷണം നടന്നത്.
മോഷണസംഘം വരുത്തിയ ഒരു പിഴവാണ് കേസില്‍ നിര്‍ണായകമായത്. വീട്ടുടമസ്ഥന്‍ വെള്ളമെടുക്കാന്‍ അകത്തേക്കു പോയപ്പോള്‍ നാലു നാടോടി സ്ത്രീകളില്‍ ഒരാള്‍ വീടിനു പുറകുവശത്തേക്കു പോയി. മറ്റുള്ളവര്‍ മുന്‍വശത്തുതന്നെ നിന്നു. ഗൃഹനാഥൻ വെള്ളമെടുത്തു തിരികെ എത്തിയപ്പോള്‍ ഇവര്‍ ഓരോ കാര്യങ്ങള്‍ സംസാരിച്ചു വീട്ടുടമയുടെ ശ്രദ്ധമാറ്റി. ഇതേസമയം പുറകുവശത്തെത്തിയ സ്ത്രീ അടുക്കളയിലെ ഇരുമ്പു വാതിലിന്റെ അകത്തുള്ള കുറ്റി തുറന്ന് അകത്തു കയറി. മുറിയിലെത്തി അലമാര തുറന്നു. അലമാരയ്ക്കുള്ളിലെ ചെറിയ ലോക്കറിന്റെ വാതില്‍ തുറന്നു സ്വര്‍ണം മോഷ്ടിച്ച ശേഷം പുറകുവശത്തെ വാതില്‍ വഴി പുറത്തിറങ്ങി. വാതില്‍ പുറത്തുനിന്ന് അടച്ചു. വയോധികന്റെ ശ്രദ്ധയില്‍പ്പെടാതെ, വീടിന്റെ മുന്‍വശത്ത് സംസാരിച്ചു നില്‍ക്കുന്ന സംഘത്തോടൊപ്പം ചേര്‍ന്നു. പിന്നീടു സംഘമായി വീടിനു പുറത്തേക്കു പോയി.
നാടോടി സംഘം വേഗത്തില്‍ നടന്നുപോയപ്പോഴാണു ഗൃഹനാഥനു സംശയമുണ്ടായത്. അടുക്കളയിലെത്തിയപ്പോള്‍ വാതില്‍ അകത്തുനിന്നു കുറ്റിയിടുന്നതിനു പകരം പുറത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നു. നാടോടി സംഘം വരുന്നതിനു മുന്‍പ് അകത്തുനിന്ന് അടുക്കളവാതില്‍ കുറ്റിയിട്ടശേഷമാണ് ഗൃഹനാഥന്‍ ഹാളിലേക്കു പോയത്. സംശയം തോന്നിയ ഗൃഹനാഥന്‍ അലമാര പരിശോധിച്ചു. മോഷണം നടന്നെന്നു ബോധ്യമായ ഉടനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. സ്ഥലത്തെത്തിയ എസ്ഐയും സംഘവും തിരച്ചില്‍ അരംഭിച്ചു.
അടുത്തുള്ള ബസ് സ്റ്റോപ്പുകളും ഓട്ടോറിക്ഷാ സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. നാടോടി സ്ത്രീകളായതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ടാകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു പൊലീസ്. ഓട്ടോറിക്ഷയില്‍ സംഘം കല്ലമ്പലം ഭാഗത്തേക്കു പോയി എന്ന് ഓട്ടോ സ്റ്റാന്‍ഡില്‍നിന്നു വിവരം ലഭിച്ചു. ഷാഡോ ടീം റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ എസ്ഐ ഓട്ടോയെ പിന്തുടര്‍ന്നു കല്ലമ്പലത്തേക്കു പോയി. ഓട്ടോ ഡ്രൈവറുടെ ഫോണില്‍ എസ്ഐ വിളിച്ചു. നാടോടികളുടെ സംഘത്തെ കല്ലമ്പലം വര്‍ക്കല റൂട്ടില്‍ ഇറക്കി ആറ്റിങ്ങലിലേക്കു മടങ്ങുകയായിരുന്നു ഡ്രൈവര്‍. വര്‍ക്കല ഭാഗത്തേക്കു തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മോഷണസംഘത്തിന്റെ ഒരു തന്ത്രമായിരുന്നു ഇതിനു കാരണം.
കല്ലമ്പലം വര്‍ക്കല റോഡില്‍ ഇറങ്ങി വര്‍ക്കല ഭാഗത്തേക്കു നടന്ന സംഘം ഡ്രൈവര്‍ പോയശേഷം കൊല്ലം ഭാഗത്തേക്കു യാത്ര തിരിച്ചു. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷമാണ് ജംക്‌ഷനിലെ കടയുടമകളില്‍നിന്ന് ഈ വിവരം ലഭിച്ചത്. പൊലീസ് സംഘം കൊല്ലത്തേക്കു പാഞ്ഞു. ഓട്ടോ സ്റ്റാന്‍ഡില്‍നിന്നു കൊല്ലത്തേക്ക് നാടോടികളോടൊപ്പം പോയ ഡ്രൈവറുടെ നമ്പര്‍ ശേഖരിച്ച് പൊലീസ് വിളിച്ചു. കല്ലുവാതുക്കല്‍ അവരെ ഇറക്കിയെന്ന മറുപടിയാണ് ലഭിച്ചത്. പൊലീസ് ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്തി സ്ഥലത്തു പരിശോധന നടത്തി. കല്ലുവാതുക്കല്‍നിന്ന് ഇടതു വശത്തേക്കുള്ള റോഡിലൂടെ പോകുന്നതു കണ്ടു എന്നായിരുന്നു ഓട്ടോ ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ ഓട്ടോ സ്ഥലത്തുനിന്ന് പോയശേഷം മറുവശത്തേക്കു പോയ സംഘം മൂന്നാമതൊരു ഓട്ടോ വിളിച്ചു കൊല്ലത്തെ ചിന്നക്കടയില്‍ ഇറങ്ങി. മൂന്നാമത്തെ ഓട്ടോറിക്ഷ ഡ്രൈവറില്‍നിന്നു വിവരം ലഭിച്ച പൊലീസ് കൊല്ലം ഷാഡോ പൊലീസിന്റെ സഹായം തേടി. വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുമ്പോഴാണ് അഞ്ചു സ്ത്രീകളും നാല് കുട്ടികളുമടങ്ങുന്ന സംഘം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ആറ്റിങ്ങലിലെ മോഷണ സംഘത്തില്‍ നാലു സ്ത്രീകളും രണ്ടു കുട്ടികളുമാണുള്ളത്. ഈ സംഘമല്ല മോഷണം നടത്തിയത് എന്ന ധാരണയിലായിരുന്നു ആദ്യം പൊലീസ്. ഷാഡോ പൊലീസ് സംഘത്തിന്റെ ചിത്രം ആറ്റിങ്ങല്‍ എസ്ഐക്ക് കൈമാറി. എസ്ഐ ആറ്റിങ്ങലിലെ ഓട്ടോഡ്രൈവറെ ചിത്രം കാണിച്ചു. ആറ്റിങ്ങലില്‍നിന്നു കല്ലമ്പലത്തേക്കു പോകാന്‍ ഓട്ടോയില്‍ കയറിയ സംഘത്തിലെ മൂന്നുപേരെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു. സംഘത്തെ കൊല്ലം സ്റ്റേഷനിലെത്തിച്ചു. വനിതാപൊലീസുകാര്‍ ദേഹപരിശോധന നടത്തിയെങ്കിലും സ്വര്‍ണം കണ്ടെടുക്കാനായില്ല.
സംഘത്തിലെ ചിലര്‍ റെയില്‍വേസ്റ്റേഷനില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് നിന്നിരുന്നതായി ഒരു പൊലീസുകാരന് ഓര്‍മ വന്നത് അപ്പോഴാണ്. സ്ഥലത്തു പരിശോധന നടത്തിയപ്പോള്‍ ആറ്റിങ്ങലിലെ 28 പവന്‍ ഉള്‍പ്പെടെ 44 പവനും 70,000 രൂപയും ലഭിച്ചു. സേലം സ്വദേശികളായ ബാലമണി, രാധ, കൃഷ്ണമ്മ, മസാനി, ജ്യോതി എന്നിവര്‍ അറസ്റ്റിലായി. അഞ്ചു മണിക്കൂര്‍ കൊണ്ട് കേസ് തെളിഞ്ഞു. പിടിയിലായവരെ റിമാന്‍ഡ് ചെയ്തു. ഇതു കൂടാതെ നിരവധി കേസുകള്‍ ഇവരില്‍നിന്നു തെളിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ബസ് യാത്രയ്ക്കിടെ ചെറുവള്ളിമുക്ക് സ്വദേശിയുടെ 50,000 രൂപ കവര്‍ന്നതും ഇവരാണെന്നു തെളിഞ്ഞിട്ടുണ്ട്. നാടോടിസംഘം കവര്‍ന്ന 13 പവന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷാഡോ സംഘം. ആറ്റിങ്ങല്‍ എസ്ഐയുടെ നേതൃത്വത്തില്‍ റൂറല്‍ ഷാഡോ ടീമാണ് കേസ് അന്വേഷിച്ചത്.