മുംബൈ ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു വീണ്ടും സമനില. ഗോവയ്ക്കെതിരെ സമനില വഴങ്ങിയെങ്കിലും ഒന്നാം ഇന്നിങ്സ് ലീഡ് നേടിയതിനാൽ കേരളത്തിനു മൂന്നു പോയിന്റുണ്ട്. സ്കോർ: കേരളം–342, എട്ടിന് 257 ഡിക്ല., ഗോവ–286, അഞ്ചിന് 279. ഒന്നാം ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചുറിയും നേടിയ കേരള ക്യാപ്റ്റൻ രോഹൻ പ്രേം ആണ് മാൻ ഓഫ് ദ് മാച്ച്.
നാലിന് 154 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടർന്ന കേരളം എട്ടു വിക്കറ്റിന് 257 റൺസായപ്പോൾ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രോഹൻ പ്രേം (70), മുഹമ്മദ് അസ്ഹറുദ്ദീൻ (64), ഇഖ്ബാൽ അബ്ദുല്ല (37) എന്നിവർ തിളങ്ങി. ഗോവയ്ക്കു വേണ്ടി സൗരഭ് ബന്ദേകർ അഞ്ചു വിക്കറ്റ് വീഴ്ത്തി. 314 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ ഗോവ കളി തീരുമ്പോൾ അഞ്ചിന് 279 എന്ന നിലയിലായിരുന്നു. സാഗുൻ കാമത്ത് (151) സെഞ്ചുറി നേടി.