ഇൻഡോർ ∙ പാർഥിവ് പട്ടേലിന്റെയും മൻപ്രീത് ജുനേജയുടെയും മികച്ച ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിൽ രഞ്ജി ട്രോഫി ഫൈനലിൽ നിലവിലുള്ള ജേതാക്കളായ മുംബൈയ്ക്കെതിരെ ഗുജറാത്ത് 63 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി. പട്ടേൽ 146 പന്തുകളിൽ നിന്നു 90 റൺസെടുത്തപ്പോൾ ജുനേജ 77 റൺസെടുത്തു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഗുജറാത്ത് ആറു വിക്കറ്റിന് 291 റൺസെടുത്തിട്ടുണ്ട്. മുംബൈ 228 റൺസിന് പുറത്തായിരുന്നു.
ആദ്യ ഇന്നിങ്സ് ലീഡ് പരമാവധി വർധിപ്പിക്കാനും മൂന്നാം ദിവസം ഗുജറാത്തിന്റെ ശ്രമം. ചിരാഗ് ഗാന്ധി 17 റൺസോടെയും റുഷ് കലാറിയ 16 റൺസെടുത്തും ക്രീസിലുണ്ട്. ആദ്യ വിക്കറ്റിൽ ഭാർഗവ് മേറായി(45)യുമായി ചേർന്ന് 69 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ പട്ടേൽ നാലാം വിക്കറ്റിൽ ജുനേജയ്ക്കൊപ്പം 120 റൺസ് കൂട്ടുകെട്ടിലും പങ്കാളിയായി. 95 പന്തുകളിൽ നിന്നായിരുന്നു ജുനേജയുടെ 77 റൺസ്. അവസാന സെഷനിൽ മുംബൈയ്ക്ക് ആശ്വാസത്തിനു വകയുണ്ടായിരുന്നു. പട്ടേലിന്റെയും ജുനേജയുടെയും ഉൾപ്പെടെ മൂന്നു വിക്കറ്റ് അവർ ഈ ഘട്ടത്തിൽ നേടി.