കൊൽക്കത്ത∙ രഞ്ജി ട്രോഫി സെമിയിൽ കര്‍ണാടകയെ അഞ്ച് റൺസിനു തോല്‍പ്പിച്ച് വിദർഭ ആദ്യമായി ഫൈനലിൽ. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ അവസാന ഓവർ വരെ നിറഞ്ഞുനിന്ന ആവേശ പോരാട്ടത്തിനൊടുവിൽ കര്‍ണാടകയിൽനിന്ന് വിദർഭ വിജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു വിദർഭയുടെ അവിശ്വസനീയമായ തിരിച്ചുവരവ്. ഇൻഡോറിൽ നടക്കുന്ന ഫൈനലില്‍ ഡൽഹിയാണ് വിദർഭയുടെ എതിരാളികൾ.
സ്കോർ: വിദർഭ– 185, 313. കർണാടക– 301, 192
198 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ കർണാടക നിരയിലെ ആർക്കും മികച്ച ഇന്നിങ്സ് കളിക്കാന്‍ കഴിഞ്ഞില്ല. 192ന് അവരുടെ എല്ലാ ബാറ്റ്സ്മാന്‍മാരും പുറത്തായി. 36 റണ്‍സെടുത്ത ക്യാപ്റ്റൻ വിനയ് കുമാറാണ് കർണാടകയുടെ ടോപ്സ്കോറർ.
മൂന്നു വിക്കറ്റ് ബാക്കിനിൽക്കെ ജയിക്കാൻ 87 റൺസെന്ന നിലയിലാണ് കർണാടക അവസാന ദിനം ബാറ്റിങ്ങിന് ഇറങ്ങിയത്. ശ്രേയസ് ഗോപാലും (24), അഭിമന്യു മിഥുനും (33) ചേർന്ന് കർണാടകയെ വിജയത്തിനടത്തുവരെ എത്തിച്ചതാണ്. എന്നാൽ പേസ് ബോളർ രജനീഷ് ഗുർബാനിയുടെ ആക്രമണത്തിൽ കര്‍ണാടക അവസാന നിമിഷം തകർന്നു. അവസാന ദിവസത്തെ മൂന്നു വിക്കറ്റുകളുൾപ്പെടെ രണ്ടാമിന്നിങ്സിൽ കർണാടകയുടെ ഏഴു വിക്കറ്റുകൾ വീഴ്ത്തിയ രജനീഷ് ഗുർബാനിയാണ് കളിയിലെ താരം. ആദ്യ ഇന്നിങ്സിൽ കർണാടകയുടെ അഞ്ചു വിക്കറ്റുകളും രജനീഷ് പിഴുതിരുന്നു.