രാജ്കോട്ട് ∙ മൂന്നാം വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടിനുശേഷം നാലു വിക്കറ്റുകൾ പെട്ടെന്നു നഷ്ടപ്പെടുത്തിയ തമിഴ്നാടിനു രഞ്ജി ട്രോഫി സെമിഫൈനൽ മൽസരത്തിൽ മുംബൈയ്ക്കെതിരെ തകർച്ച. സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ തമിഴ്നാട് ആറു വിക്കറ്റിന് 261 എന്ന നിലയിലാണ്. 41 റൺസോടെ വിജയ് ശങ്കറും ഒൻപതു റൺസോടെ അശ്വിൻ ക്രൈസ്റ്റും ക്രീസിൽ.
മൂന്നാം വിക്കറ്റിൽ ബാബ ഇന്ദ്രജിതും (64) കൗശിക് ഗാന്ധിയും (50) ചേർന്നു 110 റൺസ് നേടി. എന്നാൽ മൂന്നിനു 178 എന്ന നിലയിൽ ഇന്ദ്രജിത് വീണതിനു ശേഷം നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാൻ തമിഴ്നാടിനായില്ല. ദിനേഷ് കാർത്തിക് (16), ബാബ അപരാജിത് (ഒൻപത്) എന്നിവർ പെട്ടെന്നു മടങ്ങി. ഓപ്പണിങ് വിക്കറ്റിൽ ശ്രീധർ രാജു (19), അഭിനവ് മുകുന്ദ് (38) എന്നിവർ 45 റൺസ് നേടി. മുംബൈയ്ക്കുവേണ്ടി ശാർദൂൽ ഠാക്കൂർ, അഭിഷേക് നായർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.