കേരള ഫുട്ബോളിന്റെ പുത്തൻ‌ മുഖമായി ഗോകുലം കുതിക്കുന്നു; ഗോകുലം c/o കേരളം

മിനർവ പഞ്ചാബിനെതിരായ വിജയത്തിനു ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന ഗോകുലം താരങ്ങൾ

കോഴിക്കോട് ∙ കളത്തിൽ അധ്വാനിച്ചു കളിക്കുന്ന 11 താരങ്ങൾ. കളത്തിനു പുറത്ത് തന്ത്രങ്ങളൊരുക്കുന്ന മിടുക്കനായ പരിശീലകൻ. ഗാലറി നിറഞ്ഞ് കയ്യടിക്കുന്ന കാണികൾ. ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി കുതിക്കുമ്പോൾ വാഴ്ത്തപ്പെടുന്നത് ഇവരെല്ലാമാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്സ് ടീം ഫോം കണ്ടെത്താനാകാതെ പ്രയാസപ്പെടുമ്പോൾ കിട്ടിയ അവസരങ്ങൾ മുതലാക്കി ഗോകുലം കുതിക്കുകയാണ്.

4 ഹോം മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ചു. ഒന്നുവീതം സമനിലയും തോൽവിയും. 5 കളികളിൽനിന്നായി 8 പോയിന്റോടെ ഐ ലീഗിൽ ഇപ്പോൾ രണ്ടാമത്. പ്രഥമ സീസണിൽ വമ്പൻമാരെ വീഴ്ത്തി 7–ാം സ്ഥാനത്തെത്തിയ ഗോകുലം ഇക്കുറി രണ്ടും കൽപിച്ചാണ്. കേരളത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികളുടെയും പിന്തുണയാണ് ഇനി ഗോകുലത്തിനു വേണ്ടത്. നിലവാരമില്ല, താരത്തിളക്കമില്ല എന്നൊക്കെപ്പറഞ്ഞ് ഐ ലീഗിനെ കയ്യൊഴിഞ്ഞവർ കോഴിക്കോട്ടേക്കു വരണം, ഗോകുലത്തിനായി കയ്യടിക്കണം. 

∙ സ്വദേശിക്കരുത്ത്

നെയ്മറിനൊപ്പം ബ്രസീൽ ജൂനിയർ ടീമിൽ കളിച്ചിട്ടുള്ള ഗില്ലെർമോ കാസ്ട്രോ, ഘാനക്കാരൻ ഡാനിയൽ അഡോ, ഇംഗ്ലിഷുകാരൻ അന്റോണിയോ ജെർമെയ്ൻ, അർജന്റീനയിൽനിന്നു വന്ന ഫാബ്രിഷ്യോ ഓർട്ടിസ് എന്നീ വിദേശികൾ ഗോകുലത്തിനൊപ്പമുണ്ടെങ്കിലും മലയാളികളാണു ടീമിന്റെ കരുത്ത്. കഴിഞ്ഞ 2 കളികളിലും ഗോളടിച്ച തിരുവനന്തപുരം പൊഴിയൂർ സ്വദേശി എസ്.രാജേഷ്, മുൻനിരയിൽ പറന്നു കളിക്കുന്ന പാലക്കാട് എടത്തനാട്ടുകര സ്വദേശി വി.പി.സുഹൈർ, ഗോളിലേക്കുള്ള നീക്കങ്ങൾ ഉഷാറാക്കുന്ന കോഴിക്കോട് നാദാപുരംകാരൻ ഗനി അഹമ്മദ് നിഗം, മധ്യനിരയിൽ നിറഞ്ഞുനിൽക്കുന്ന മലപ്പുറം തൃക്കലങ്ങോട് സ്വദേശി അർജുൻ ജയരാജ്, ഗോൾപോസ്റ്റിനു മുന്നിൽ വല നെയ്തുനിൽക്കുന്ന കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കത്തെ കെ.ഷിബിൻരാജ് എന്നീ ചെറുപ്പക്കാർ ടീമിനു പകരുന്ന ഊർജം ചെറുതല്ല. 

∙ കൂളല്ല ബിനോ

ഈ സീസണിൽ എന്താണു ലക്ഷ്യമെന്നു ചോദിക്കുമ്പോൾ പരിശീലകൻ ബിനോ ജോർജ് സ്ഥിരമായി പറയുന്നൊരു കാര്യമുണ്ട്: എഎഫ്സി കപ്പിന് യോഗ്യത നേടുക. ഐ ലീഗ് ജേതാക്കൾക്കേ എഎഫ്സി യോഗ്യത കിട്ടൂ. അർജന്റീനക്കാരനെ പുറത്താക്കി ബിനോയെ തിരിച്ചുവിളിച്ച ഗോകുലം മാനേജ്മെന്റിന് പഴയ പരിശീലകനിൽ പൂർണ വിശ്വാസമാണ്. പക്ഷേ, ടീമിന്റെ പ്രകടനത്തിൽ ബിനോ തൃപ്തനല്ല. കഴിഞ്ഞ കളിയെപ്പറ്റി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: ‘പോയിന്റ് കിട്ടിയതിൽ സന്തോഷം. പക്ഷേ, ടീമിന്റെ പ്രകടനത്തിൽ തൃപ്തനല്ല. ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. ചിലരുടെ മികച്ച പ്രകടനം കണ്ടു. പക്ഷേ, മറ്റു ചിലർ ഇനിയും മെച്ചപ്പെടാനുണ്ട്.’ 

∙ കമോൺ ഫാൻസ്

ഐ ലീഗ് കാഴ്ചക്കാരുടെ എണ്ണത്തിൽ ഇപ്പോൾ രാജ്യത്ത് ഒന്നാം സ്ഥാനത്താണു കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം. കഴിഞ്ഞ ദിവസം കളി കാണാൻ ഒഴുകിയെത്തിയതു 30,246 പേരാണ്. മോഹൻ ബഗാനെതിരായ ആദ്യ കളിക്കെത്തിയത് 28,000. ചെന്നൈ സിറ്റി എഫ്സിക്കെതിരെ 18,000. ഷില്ലോങ്ങിനെതിരെ 15,672. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളിക്ക് ഇത്തവണ കൊച്ചിയിലെത്തിയത് 31,666 പേരാണ്. ഗോകുലത്തിന്റെ അടുത്ത കളി 30നു ചർച്ചിലിനെതിരെയാണ്. ഗാലറി നിറയ്ക്കാൻ കൊച്ചിയെ കടത്തിവെട്ടി കാണികളെത്തിയാൽ അവരുടെ കയ്യടിക്കരുത്ത് കളത്തിൽ ഗോകുലത്തിനു കുതിപ്പേകും, ഉറപ്പ്.