ശ്രീനഗർ∙ ആറു ഹോം മൽസരങ്ങളുടെ പരമ്പര റിയൽ കശ്മീർ ആറു ഗോളുകളോടെ ആഘോഷിച്ചു. ഷില്ലോങ് ലജോങ്ങിനെ 6–1നു തോൽപ്പിച്ച് അരങ്ങേറ്റക്കാരായ റിയൽ കശ്മീർ എഫ്സി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കു കയറി. രണ്ടാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സുമായി ഗോൾ ശരാശരിയിൽ മാത്രം പിന്നിലാണ് കശ്മീർ. ഗോകുലം കേരളയുമായിട്ടാണ് കശ്മീരിന്റെ അടുത്ത മൽസരം. 15ന് കോഴിക്കോട്ടാണ് കളി. നാലു പോയിന്റുമായി ലജോങ് പത്താം സ്ഥാനത്താണ്.
കശ്മീർ 25–ാം മിനിറ്റിലാണ് ആദ്യ ഗോൾ നേടിയത്. ഐവറി കോസ്റ്റ് താരം ക്രിസോ നൽകിയ പന്ത് ഘാന താരം അബെദ്നെദോ കോഫി വലയിലെത്തിച്ചു. എന്നാൽ മൂന്നു മിനിറ്റിനകം ലജോങ് ഒപ്പമെത്തി. ഐബൻഭായുടെ ലോങ് ബോൾ കശ്മീർ ഗോൾകീപ്പർ ബിലാൽ ക്ലിയർ ചെയ്തെങ്കിലും പന്ത് വന്നു വീണത് സാമുവൽ ലിങ്ദോയുടെ കാൽക്കൽ. ഇത്തവണ ബിലാൽ നിസ്സഹായനായി. പോരാട്ടം ഒപ്പത്തിനൊപ്പം നിൽക്കും എന്നു കരുതിയിടത്തു നിന്ന് കശ്മീർ കളി ഏറ്റെടുത്തു. കോച്ച് ഡേവിഡ് റോബർട്സന്റെ മകനായ മേസൺ റോബർട്സന്റെ ഹെഡർ ലജോങ് വല തുളച്ചു. ഇടവേളയ്ക്കു പിരിയുന്നതിനു മുൻപെ കശ്മീർ ഒരു ഗോൾ കൂടി നേടി. കോഫിയുടെ ക്രാസ് നാഗെൻ തമാങ് വലയിലേക്കു പായിച്ചു.
രണ്ടാം പകുതിയിൽ ഐബൻ ക്രിസോയെ വീഴ്ത്തിയതിന് കശ്മീരിന് പെനൽറ്റി. ക്രിസോയ്ക്കു പിഴച്ചില്ല. കശ്മീർ 4–1നു മുന്നിൽ. 74–ാം മിനിറ്റിൽ തമാങ് തുടക്കമിട്ട മുന്നേറ്റത്തിൽ സുർചന്ദ്ര സിങ് ലക്ഷ്യം കണ്ടു. ജയമുറപ്പിച്ചതോടെ കോച്ച് ഡേവിഡ് റോബർട്സൺ പ്രധാന താരങ്ങളെയെല്ലാം പിൻവലിച്ചെങ്കിലും കശ്മീർ വീണ്ടു ഗോളടിച്ചു. ഇത്തവണ കോഫിയുടെ രണ്ടാം ഗോൾ.