ഐസോൾ∙ അവസാന രണ്ടു മിനിറ്റിൽ രണ്ടു ഗോൾ തിരിച്ചടിച്ചിട്ടും ഐ–ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്കു തോൽവി. ഐസോൾ എഫ്സിയാണ് ഗോകുലത്തെ 3–2നു വീഴ്ത്തിയത്. രണ്ടാം പകുതിയിലായിരുന്നു മൽസരത്തിലെ അഞ്ചു ഗോളുകളും. അൻസുമന കോർമ(51’), ലാൽകാപുയിമാവിയ(63’), റോകർസെല(70’) എന്നിവരാണ് ഐസോളിനായി ഗോൾ നേടിയത്. ഇൻജറി ടൈമിൽ, 93, 94 മിനിറ്റുകളിൽ ജോയൽ സൺഡേ ഗോകുലത്തിനായി സ്കോർ ചെയ്തു. പെനൽറ്റി കിക്കിൽ നിന്നായിരുന്നു ഒരു ഗോൾ. തോൽവിയോടെ ഗോകുലം എട്ടാം സ്ഥാനത്തായി.
മൂന്നാം ഗോളും വഴങ്ങിയതോടെ വീണു പോയ ഗോകുലം പിന്നീട് ഉയിർത്തെഴുന്നേറ്റത് ഇൻജറി ടൈമിൽ. ജോയൽ സ്കോർ ചെയ്തു. ഐസോൾ താരം മാവിയ പന്തു കൈ കൊണ്ടു തൊട്ടതിനു അടുത്ത മിനിറ്റിൽ പെനൽറ്റി കിക്ക്. ഗോൾ നേടിയെങ്കിലും തൊട്ടു പിന്നാലെ ഗോകുലത്തിനു നിരാശ– ഫൈനൽ വിസിൽ! മറ്റൊരു മൽസരത്തിൽ ഷില്ലോങ് ലജോങിനെ 6–1നു കീഴടക്കിയ ചെന്നൈ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സ്പാനിഷ് താരം പെഡ്രോ മാൻസിയുസീസണിലെ രണ്ടാം ഹാട്രിക്ക് നേടി.