കോഴിക്കോട് ∙ ടോപ് ഗീയറിൽ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുന്ന വണ്ടി ടയർ പഞ്ചറായി വഴിയിൽ കിടന്നുപോയ അവസ്ഥയിലാണ് ഇപ്പോൾ ഗോകുലം കേരള എഫ്സി. ഐ ലീഗ് പ്രഥമ സീസണിലെ ‘ജയന്റ് കില്ലേഴ്സാ’യി കുതിപ്പു തുടങ്ങിയ ടീം ഇത്തവണ 4 കളികളായി കിതപ്പിലാണ്. നവംബർ 18നു മിനർവ പഞ്ചാബിനെ തോൽപിച്ച ശേഷമാണു ഗോകുലത്തിന്റെ ട്രാക്ക് തെറ്റിയത്. പിന്നീടുള്ള 4 കളികളിൽ 2 വീതം തോൽവിയും സമനിലയും. കഴിഞ്ഞ കളിയിൽ ഇന്ത്യൻ ആരോസിന്റെ കുട്ടിപ്പടയ്ക്കു മുന്നിലാണു മുട്ടുമടക്കിയത്. പോയിന്റ് പട്ടികയിൽ ഒരുവേള രണ്ടാം സ്ഥാനത്തേക്കു കയറിയ ടീം ഇപ്പോൾ എട്ടാമത്. എന്താണ് ഗോകുലത്തിനു പറ്റുന്നത്?
1. കിട്ടുന്ന അവസരങ്ങൾ മുതലാക്കാൻ പറ്റിയ ഷാർപ്പ് ഷൂട്ടറായ വിദേശ സ്ട്രൈക്കറുടെ അഭാവം ടീമിനെ പിന്നോട്ടടിക്കുന്നു. ഉഴപ്പിക്കളിച്ച അന്റോണിയോ ജെർമെയ്നെ പുറത്താക്കേണ്ടി വന്നു. ആർതർ കൊയാസിയെന്ന ഐവറി കോസ്റ്റ് താരത്തെ കൊണ്ടുവന്നെങ്കിലും പറഞ്ഞുവിട്ടു. ഇപ്പോൾ നൈജീരിയക്കാരൻ ജോയൽ സൺഡേയും ഘാനക്കാരൻ ക്രിസ്ത്യൻ സാബായും ഉണ്ടെങ്കിലും പരിശീലകൻ ബിനോ ജോർജിന്റെ പദ്ധതിക്ക് അനുസരിച്ചു കളി കൊണ്ടുപോകാൻ അവർക്കാകുന്നില്ല.
2. ചിലപ്പോഴെങ്കിലും പരിശീലകന്റെ മാറ്റങ്ങൾ കളത്തിൽ ചലനമുണ്ടാക്കുന്നില്ല. കഴിഞ്ഞ കളിയിൽ 4 മാറ്റങ്ങളുമായാണു ടീമിനെ ഇറക്കിയത്. പ്ലേമേക്കർ അർജുൻ ജയരാജിനെപ്പോലും മാറ്റനിർത്തി. റിയൽ കശ്മീരിനെതിരായ കളിയിൽ 5 മാറ്റങ്ങളോടെയാണു ടീമിനെ ഇറക്കിയത്. പ്രധാന താരങ്ങളിൽ ചിലരെ പുറത്തിരുത്തിയ പരിശീലകന്റെ തീരുമാനം പാളി.
3. മധ്യനിരയിൽ കളി ഒറ്റയ്ക്കു കൊണ്ടുപോകാൻ കഴിവുള്ള ബ്രസീലുകാരൻ ഗില്ലർമോ കാസ്ട്രോയ്ക്കു മനസ്സിനിണങ്ങുന്ന പിന്തുണ കൊടുക്കാൻ സഹതാരങ്ങൾക്കു കഴിയുന്നില്ല. പലപ്പോഴും കാസ്ട്രോയുടെ മനസ്സ് എത്തുന്നിടത്തേക്കു മറ്റുള്ളവർ ഓടിയെത്തുന്നില്ല. പാസുകളിൽ പലതും മറ്റുള്ളവർ കാലിലെടുക്കാതെ മിസ് പാസുകളായി പോകുമ്പോൾ കാസ്ട്രോ കളത്തിൽ നിരാശനാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.
4. പന്തു കാലിൽ നിലനിർത്തുന്ന കാര്യത്തിൽ പല കളികളിലും ഗോകുലമായിരുന്നു മുന്നിൽ. പക്ഷേ, എതിർനിര പെട്ടെന്നു ഗോളടിക്കുമ്പോൾ ടീമിനെയാകെ നിരാശ ബാധിക്കുന്നു. പരാജിതരുടെ ശരീരഭാഷയോടെ ടീം തല കുനിക്കുന്നു. മറ്റു പ്രഫഷനൽ ക്ലബ്ബുകളിലുള്ളതുപോലെ മനക്കരുത്ത് കൂട്ടാനുള്ള പരിശീലനവും ടീമിനു വേണ്ടിവരും.
5. വി.പി.സുഹൈർ, എസ്.രാജേഷ്, അർജുൻ ജയരാജ്. പ്രതിഭകളേറെയുണ്ട് ഈ ടീമിൽ. പക്ഷേ, ഒറ്റയ്ക്കൊറ്റയ്ക്കുള്ള ഇവരുടെ കുതിപ്പുകൾ എതിരാളികൾ അനായാസം പിടിച്ചൊതുക്കുന്നു. ടീം ഗെയിം മികവിലേക്ക് ഗോകുലം ഇനിയുമെത്തിയിട്ടില്ല.
ചെന്നൈയെ അട്ടിമറിച്ച് റിയൽ കശ്മീർ
ചെന്നൈ∙ ഐ ലീഗ് ഫുട്ബോളിൽ ചെന്നൈ സിറ്റി എഫ്സിക്കു സീസണിലെ ആദ്യ തോൽവി. ഘാന സ്ട്രൈക്കർ കോഫി ടെറ്റെയുടെ പെനൽറ്റി ഗോളിൽ (75’) മുൻ ചാപ്യൻമാരെ വീഴ്ത്തിയ റിയൽ കശ്മീർ എഫ്സി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. ചെന്നൈ സിറ്റിയാണ് പട്ടികയുടെ തലപ്പത്ത്.