തിരുവനന്തപുരം ∙ നിലവിലെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസനടക്കം കായികമേഖലയിലെ പ്രമുഖർക്ക് പുറത്തേക്കു വഴികാണിച്ച് സർക്കാർ കേരള കായിക നിയമം പരിഷ്ക്കരിക്കുന്നു. എഴുപതു വയസ്സു പിന്നിട്ടവരെയും അധികാരക്കസേരയിൽ പത്തുവർഷം പിന്നിട്ടവരെയും സ്പോർട്സ് കൗൺസിൽ ഭാരവാഹിത്വത്തിൽ നിന്നു വിലക്കുന്ന സുപ്രധാന വ്യവസ്ഥകളടങ്ങിയ കായിക നിയമ നിയമ ഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലായി 11 വർഷം പൂർത്തിയാക്കിയ ടി.പി.ദാസനും നിലവിലെ ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളിൽ ഒട്ടേറെപേർക്കും തിരിച്ചടിയാകുന്ന നിയമമാണിത്. നോമിനേഷനു പകരം ജനാധിപത്യ രീതിയിൽ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് മറ്റൊരു പ്രധാന ഭേദഗതി.
സംസ്ഥാന, ജില്ലാ സ്പോർട്സ് കൗൺസിലുകൾ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, എഴുപതു വയസ്സു കഴിഞ്ഞവരെ സ്പോർട്സ് കൗൺസിൽ അംഗത്വത്തിൽ നിന്നും അസോസിയേഷനുകളുടെ ഭാരവാഹിത്വത്തിൽ നിന്നും നീക്കണമെന്നും ഭേദഗതിയിൽ നിർദേശമുണ്ട്. അസോസിയഷനുകളുടെ തലപ്പത്ത് ഒരാൾക്ക് പന്ത്രണ്ടു വർഷത്തിലധികം തുടരാനാവില്ല. നിലവിൽ എൺപതു വയസ്സു പിന്നിട്ടവർക്കും തുടർച്ചയായി പന്ത്രണ്ടു വർഷം പൂർത്തിയാക്കിയവർക്കും മാത്രമായിരുന്നു അയോഗ്യത.
സ്പോർട്സ് അസോസിയേഷൻ ഭാരവാഹികൾ അടങ്ങുന്ന ജനറൽ ബോഡിയിൽ നിന്നു വോട്ടെടുപ്പിലൂടെ ആയിരിക്കും ജില്ലാ, സംസ്ഥാന സ്പോർട്സ് കൗൺസിലുകളിലേക്കു പ്രസിഡന്റും വൈസ് പ്രസിഡന്റും അടക്കമുള്ള പ്രധാന ഭാരവാഹികളെ തിരഞ്ഞെടുക്കുക. ഇതോടെ, സ്പോട്സ് കൗൺസിൽ ഭാരവാഹികളായി നോമിനേഷനിലൂടെ പ്രതിനിധികളെ നിശ്ചയിക്കുന്ന രീതി മാറും. നേരത്തേ നിലനിന്ന ഈ രീതി മാറ്റി കഴിഞ്ഞ സർക്കാരാണ് നോമിനേഷൻ സമ്പ്രദായം കൊണ്ടുവന്നത്.
ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ മുൻകാല കായിക താരങ്ങൾക്കും കായികാധ്യാപകർക്കും കൂടുതൽ പ്രാതിനിധ്യം നൽകും. സ്പോർട്സ് അസോസിയേഷനുകളുടെ അംഗീകാരം നഷ്ടപ്പെട്ടാൽ ചാംപ്യൻഷിപ്പുകൾ ഏറ്റെടുത്തു നടത്താൻ സ്പോർട്സ് കൗൺസിലിന് അധികാരം നൽകാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.