ടാംപെരെ (ഫിൻലൻഡ്)∙ ലോക അണ്ടർ–20 അത്‍ലറ്റിക്സിൽ സ്വർണം നേടി ചരിത്രമെഴുതിയ അസം സ്വദേശിനി ഹിമ ദാസിന് കയ്യടിച്ച് ഇന്ത്യൻ ജനത. 400 മീറ്റർ ഓട്ടം 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഹിമ ലോക അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയതിനു പിന്നാലെയാണ് അഭിനന്ദനപ്രവാഹം. അവസാന 100 മീറ്റർ വരെ പിന്നിലായിരുന്ന ഹിമ ഒടുവിൽ നടത്തിയ ഉജ്വല കുതിപ്പിലൂടെയാണ് സ്വർണത്തിലേക്കെത്തിയത്. റുമാനിയയുടെ ആൻഡ്രിയ മികോസ് (52.07 സെക്കൻഡ്) വെള്ളിയും അമേരിക്കയുടെ ടെയ്‌ലർ മാൻസൺ (52.28) വെങ്കലവും നേടി. 51.13 ആണ് ഹിമ ദാസിന്റെ മികച്ച സമയം.
രാജ്യാന്തര വേദിയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്‍ലീറ്റ് കൂടിയാണ് പതിനെട്ടുകാരിയായ ഹിമ ദാസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ ഹിമയ്ക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘അണ്ടർ 20 ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണം നേടിയ ഹിമ ദാസ് ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ. ഹിമയുടെ നേട്ടം വളർന്നുവരുന്ന കായികതാരങ്ങൾക്ക് ഭാവിയിലേക്ക് എല്ലാ പ്രചോദനവും നൽകും – പ്രധാനമന്ത്രി കുറിച്ചു.
കായികമന്ത്രി രാജ്യവർധൻ സിങ് റത്തോഡും ഹിമയെ അഭിനന്ദനമറിയിച്ചു. ലോകചാംപ്യൻഷിപ്പിൽ അണ്ടർ 20 വിഭാഗത്തിൽ സ്വർണം നേടുന്ന ആദ്യ അത്‍ലീറ്റാണ് ഹിമയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിമ ഇന്ത്യയുടെ അഭിമാനം ഉയർത്തിയതായും അദ്ദേഹം ട്വീറ്റ് ചെയ്തു. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, സച്ചിൻ തെൻഡുൽക്കർ, രാഹുൽ ഗാന്ധി, അമിതാഭ് ബച്ചൻ തുടങ്ങിയവരും ഹിമയെ അഭിനന്ദനമറിയിച്ച് രംഗത്തെത്തി.
ഇന്ത്യ ഒന്നാകെ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് ഹിമ പ്രതികരിച്ചു. ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ സ്വർണം നേടാനായതിൽ അതിയായ സന്തോഷം. ഇന്ത്യയിലിരുന്നും വേദിയിലെത്തിയും എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ ഇന്ത്യക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി. ഇത്തരം പിന്തുണ വളരെയധികം പ്രചോദനമാണ് – ഹിമ പറഞ്ഞു.
ആദ്യ റൗണ്ട് ഹീറ്റ്സ് 52.25 സെക്കൻഡിൽ പൂർത്തിയാക്കിയ ഹിമ, സെമിയിൽ 52.10 െസക്കൻഡിൽ ഓടിയെത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്. നേരത്തെ, ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിലും 400 മീറ്ററിൽ ഹിമ മൽസരിച്ചിരുന്നു. എന്നാൽ, 51.32 സെക്കൻഡിൽ ഓടിയെത്തിയ ഹിമയ്ക്ക് ആറാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.
അതേസമയം, അടുത്തിടെ ഗുവാഹത്തിയിൽ നടന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാംപ്യൻഷിപ്പിലാണ് ഹിമയുടെ റെക്കോർഡ് വേഗം കുറിക്കപ്പെട്ടത്. അവിടെ 51.13 സെക്കൻഡിൽ ഓടിയെത്തിയതാണ് ഹിമ സ്വർണം നേടിയത്.