Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നിർഭയ നീ മരിക്കുന്നില്ല; ഈ വിധിയിൽ ഞാൻ അഭിമാനിക്കുന്നു' : പ്രിയങ്ക ചോപ്ര

Priyanka Chopra പ്രിയങ്ക ചോപ്ര

2012 ഡിസംബർ പതിനാറ് എന്ന ആ രാത്രി ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം കണ്ണീരുപ്പു കലർന്നൊരു ദിവസമാണ്. സ്വപ്നങ്ങളും പ്രതീക്ഷകളുമായി യൗവനം ആഘോഷിച്ചു നടക്കേണ്ടിയിരുന്ന പ്രായത്തിൽ അവൾ കൂട്ടമാനഭംഗത്തിനിരയായ ദിവസം. ഒടുവിൽ അവൾ ഡിസംബർ 29ന് മരണമടയുകയും ചെയ്തു. പക്ഷേ നിർഭയ എന്ന് രാജ്യം വിളിച്ച ആ പെൺകുട്ടി മരണക്കിടക്കയിലും പോരാട്ടവീര്യത്തിന്റെ പ്രതീകമായി മാറി. അന്നുതൊട്ട് പ്രതികളുടെ വധശിക്ഷയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നവരാണ് ഭൂരിഭാഗം പേരും. കഴിഞ്ഞ ദിവസം സുപ്രീംകോടതി പ്രതികളുടെ വധശിക്ഷ ശരിവച്ചപ്പോൾ അതിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഉണ്ടെങ്കിലും, നടി പ്രിയങ്ക ചോപ്രയ്ക്ക് ഈ വിധി ആശ്വാസമാണ് പകരുന്നത്.

വധശിക്ഷ ശരിവച്ച വിധിയിൽ താൻ അഭിമാനിക്കുകയാണെന്ന് വൈകാരികമായൊരു കുറിപ്പിലൂടെ പ്രിയങ്ക പറഞ്ഞു. '' അതെ, നീണ്ട അഞ്ചുവർഷങ്ങൾക്കൊടുവിൽ നീതി ലഭിച്ചിരിക്കുകയാണ്. ഈ വിധിയുടെ നാളം ക്രൂരന്മാരായ ആ നാലുപേരെ മാത്രമല്ല തകർക്കുന്നത്, ഇത്തരത്തിൽ അതിക്രമിക്കാൻ തയ്യാറെടുക്കുന്നവരെക്കൂടിയാണ്.  അവളുടെ ശബ്ദം കേട്ട നീതിപീഠത്തെയോർത്ത് ഞാൻ അഭിമാനിക്കുന്നു. മരണക്കിടക്കയിലും തന്നെ ആക്രമിച്ചവരെ വെറുതെ വിടരുതെന്നാണ് അവൾ പറഞ്ഞത്.  അഞ്ചു വർഷം മുമ്പ് രാജ്യം മുഴുവന്‍  ആവശ്യപ്പെട്ട നീതിയാണത്. ഓരോ ചുണ്ടുകളും ഒന്നിച്ചണിചേർന്ന് കർക്കശവും വ്യക്തവുമായി പറഞ്ഞു: ആറുപേരും ശിക്ഷിക്കപ്പെടണം എന്ന്. 

21ാം നൂറ്റാണ്ടിലെ പരിഷ്കൃത സമൂഹമായ നമ്മൾ സ്ത്രീകൾക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ ഒരിക്കലും അനുവദിച്ചുകൂടാ. നടന്നതിന്മേൽ ഇനിയൊന്നും ചെയ്യാനാവില്ല, അതുകൊണ്ട് നാം നമ്മളോടുതന്നെ ഒരു സത്യം ചെയ്യേണ്ടതുണ്ട്. ഒരു രാജ്യമൊന്നടങ്കം ഒറ്റക്കെട്ടായി നീതിക്കുവേണ്ടി ശബ്ദമുയർത്തുമ്പോൾ നീതി വേഗം നടപ്പാക്കുക തന്നെവേണം. സുപ്രീം കോടതി പറഞ്ഞതുപോലെ, ഈ ഉണർവ്, ഇത്തരം ക്രൂരതകൾക്കെതിരെയുള്ള ഒറ്റക്കെട്ടായ ശബ്ദം, ഇത് നമ്മുടെ നാടിനു ഒരു പുതിയ തിരിച്ചറിവാകണം. നാം ഒരിക്കലും നിശബ്ദതയിലാകരുത്.

നീ എന്നെന്നും ഓർമകളിലുണ്ടായിരിക്കും നിർഭയാ...