ക്യാമറാ സെന്‍സര്‍ നിര്‍മാണത്തിലെ രാജാവായ സോണി 2018ല്‍, 150 മെഗാപിക്സൽ (55 x 41mm) റെസലൂഷനുള്ള മീഡിയം ഫോര്‍മാറ്റ് സെന്‍സര്‍ നിര്‍മിക്കും. ഫെയ്‌സ് വണ്‍ 100XF (Phase One 100XF) പോലെയുള്ള വലിയ ക്യാമറകള്‍ക്കു വേണ്ടിയായിരിക്കും ഇത്. വിശദാംശങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ അദ്ഭുതകരമായ മാറ്റം ഇത്തരം ഹൈ റെസലൂഷന്‍ സെന്‍സറുകള്‍ കൊണ്ടുവരും. ഇവ ഉപയോഗിക്കുന്ന ക്യാമറയില്‍ എടുക്കുന്ന ഫോട്ടോകള്‍, ഇത്ര കാലം സാധ്യമല്ലാതിരുന്ന രീതിയില്‍ സൂം ചെയ്തു പരിശോധിക്കാനും ധാരാളം ക്രോപ് ചെയ്തു ഫ്രെയിം ശരിയാക്കാനും സാധിക്കും. സുരക്ഷാ ക്യാമറകളിലും ഏറിയല്‍ ഫൊട്ടോഗ്രഫിയിലും മറ്റും വരെ ഇവ വന്‍ മാറ്റം കൊണ്ടുവന്നേക്കും.
ഫൂജി GFX നും മറ്റുമായി നിര്‍മിക്കുന്ന 100 മെഗാപിക്സൽ ( 44 x 33mm) സെന്‍സറും അടുത്ത വര്‍ഷം തന്നെ ഇറങ്ങും. ഇതും സൂക്ഷ്മ ജീവികളെയും മറ്റും വലുത്താക്കി കാണിക്കാനും വലയൊരു പ്രദേശം ചിത്രീകരിച്ച് അതിന്റെ ചെറിയൊരു ഭാഗത്തേക്കു സൂം ചെയ്യുമ്പോള്‍ നിലവില്‍ സാധ്യമല്ലാത്തത്ര വിശദാംശങ്ങള്‍ കാണിച്ചു തരുമെന്നും സോണി പറയുന്നു.
ഈ പുതിയ തലമുറ സെന്‍സറുകളില്‍ സ്റ്റാര്‍വിസ് എന്നൊരു സാങ്കേതികവിദ്യയും തങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നു കമ്പനി പറയുന്നു. നക്ഷത്രങ്ങളുടെ പ്രകാശത്തില്‍ പോലും ഇത്തരം സെന്‍സറുകള്‍ ഉപയോഗിക്കുന്ന ക്യാമറകള്‍ക്ക് അസാധാരണമായ 'കാഴ്ചശക്തി' കിട്ടുമെന്നും അവര്‍ പറയുന്നു. പുതിയ സെന്‍സറുകള്‍ ബാറ്ററിയുടെ കാര്യത്തിലും വളരെ കാര്യക്ഷമമായിരിക്കും.
സോണി സെമികണ്‍ഡക്ടിര്‍ സൊലൂഷന്‍സ് കോര്‍പറേഷനാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. സെന്‍സറുകളെ കുറിച്ചു കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ പിഡിഎഫ് ഫയല്‍ ഡൗണ്‍ലോഡു ചെയ്തു പരിശോധിക്കാം