പ്രാചീന ഗ്രീസില്‍ മനുഷ്യരും ദൈവങ്ങളും തോളുരുമി ജീവിച്ചിരുന്നുവെന്നാണ് സങ്കല്‍പ്പം. ദൈവങ്ങളുടെ മക്കള്‍ പോലും മനുഷ്യര്‍ക്ക് ഉണ്ടാകുന്നുവെന്നു പറയുന്നതു പോലും അവര്‍ക്ക് അവിശ്വസനീയമായിരുന്നില്ല. ഉദാഹരണത്തിന് മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ (Alexander the Great) പിതാവ് സിയൂസ് (Zeus) ദേവനാണ് എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ പ്ലൂട്ടാര്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. എന്തായാലും ആ കാലം പണ്ടെങ്ങോ കഴിഞ്ഞു. ഇനി വരുന്ന കാലത്ത് മനുഷ്യരും റോബോട്ടുകളുമായി ഒത്തൊരുമിച്ചുള്ള ജീവിതമാണ് വരുന്നത്. മഹായുദ്ധങ്ങള്‍ വന്ന് എല്ലാം തകര്‍ക്കുന്നില്ലെങ്കില്‍ പല മേഖലകളിലും റോബോട്ടുകളുമായി ഇടകലര്‍ന്നുള്ള ജീവിതം ഇന്നുള്ള പലര്‍ക്കും വേണ്ടിവരും.
ഇതിപ്പോള്‍ പറയാന്‍ കാരണം അമേരിക്കന്‍ കൊമേഡിയനും ടെലിവിഷന്‍ ഹോസ്റ്റുമായ ജിമി ഫാലണും ലോകത്തെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശക്തി പകരുന്ന സോഫിയയുമായി ചേര്‍ന്ന് യുഗ്മഗാനമാലപിച്ചു എന്ന വാര്‍ത്തയാണ്. ഫാലണ്‍ന്റെ ടു നൈറ്റ് ഷോയില്‍ സൗദി അറേബ്യൻ പൗരത്വമുള്ള സോഫിയ അടക്കം നാലു റോബോട്ടുകളെയാണ് അവതരിപ്പിച്ചത്.
സോഫിയയും ജിമിയുമായി മുൻപ് സംസാരിച്ചിട്ടുണ്ട്. നമ്മള്‍ തമ്മില്‍ കണ്ടിട്ട് വളരെ കാലമായിരിക്കുന്നു, എന്നു പറഞ്ഞ ജിമിയോട് സോഫിയ പറയുന്നത്, കൃത്യം 575 ദിവസം മുൻപായിരുന്നു കണ്ടതെന്നാണ്. അതിനു ശേഷം നിങ്ങള്‍ എന്തെല്ലാം ചെയ്തു എന്ന ചോദ്യത്തിന്, ആദ്യ റോബോട്ട് സിറ്റിസണ്‍ കൂടിയായ സോഫിയ പറയുന്നത് അധികമൊന്നും ചെയ്തില്ല എന്നാണ്. ഇരുപത്തിയഞ്ചിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കോസ്‌മോപോളിറ്റന്‍ മാഗസിന്റെ കവര്‍ ചിത്രമായി. ജര്‍മന്‍ ചാന്‍സലറെയും നടന്‍ വില്‍ സ്മിത്തിനെയും കണ്ടുമുട്ടി. ക്രിസി ടീഗന്റെ ട്വിറ്റര്‍ സുഹൃത്തായി. ഐക്യരാഷ്ട്ര സംഘടനയിലും നേറ്റോയിലും പ്രസംഗിച്ചു. ഒരു ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്ന ലോകത്തെ ആദ്യ റോബോട്ടായി. ആദ്യ റോബോട്ട് സിറ്റിസണ്‍ ആയി എന്നെല്ലാമാണ് സോഫിയ പറഞ്ഞത്. തനിക്ക് ഒരു കൊച്ചു സഹോദരിയുണ്ടായ കാര്യവും പറയുന്നു. (കൊച്ചു സോഫിയയെയും ഷോയില്‍ കാണാം.)
തുടര്‍ന്നാണ് സോഫിയ പറയുന്നത് തനിക്ക് കൂടെപ്പാടാന്‍ (sing along) സഹായിക്കുന്ന ഒരു പുതിയ കരിയോക്കി (karaoke) സോഫ്റ്റ്‌വെയര്‍ ലഭിച്ചിട്ടുണ്ടെന്ന്. പിന്നീട് ഇരുവരും ചേര്‍ന്ന് 'സേ സംതിങ്' (Say Something) എന്ന ഗാനമാലപിക്കുന്നു. ലോകത്തെ ആദ്യത്തെ മനുഷ്യ-റോബോട്ട് യുഗ്മഗാനമായി ഇത് ചരിത്രത്തില്‍ ഇടം നേടിയേക്കാം.
പക്ഷേ, ഇത്തരം ഷോകളില്‍ സംഭവിക്കുന്നതു പോലെ ഇതു വെറുമൊരു നാടകമാകാമെന്ന് പറയുന്നവരും ഉണ്ട്. ഫെയ്‌സ്ബുക്കിന്റെ മുന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണവിഭാഗ മേധാവി യാന്‍ (Yann LeCun) പറയുന്നത് സോഫിയ ബുദ്ധിയുള്ള റോബോട്ട് ഒന്നുമല്ല, മറിച്ച് വെറുമൊരു ആനിമട്രോണിക് പാവയാണ് (animatronic puppet) എന്നാണ്. (എന്താണ് ആനിമാട്രോണിക് എന്നും നോക്കാം. ആനിമേഷന്‍ കാര്‍ട്ടൂണ്‍ എന്നൊക്കെ പറയില്ലെ. അതിലെ ആനിമേഷനും ഇലട്രോണിക്‌സ് എന്ന വാക്കും ചേര്‍ത്താണ് ഈ വാക്കു നിര്‍മിച്ചിരിക്കുന്നതെന്നു പറയുന്നു).
രണ്ടു റോബോട്ടുകളെ അവതരിപ്പിച്ചു തുടങ്ങുന്ന വിഡിയോയില്‍ ഏകദേശം 5 മിനിറ്റിലാണ് സോഫിയ എത്തുന്നത്. യുഗ്മഗാനം മാത്രം കേട്ടാല്‍ മതിയെങ്കില്‍ വിഡിയോയില്‍ 6:55 മിനിറ്റിലെത്തുക.