Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷണം നൽകിയിരുന്ന റോബോട്ട് പൊട്ടിത്തെറിച്ചു; ദുഃഖമാചരിച്ച് വിദ്യാർഥികള്‍

robot-fire-

സാന്‍ഫ്രാന്‍സിസ്‌കോയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ബെര്‍ക്‌ലി ക്യാംപസില്‍ വിദ്യാർഥികള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുത്തിരുന്ന 'കിവി ഫുഡ് ഡെലിവറി റോബോട്ട്' കത്തിയമര്‍ന്നത് ഭീതി പരത്തി. റോബോട്ടുകള്‍ എല്ലാ രംഗത്തേക്കും കടന്നു വരുന്നുവെന്ന വര്‍ത്തയോടു ചേര്‍ത്തു വായിക്കുമ്പോള്‍ ഈ സംഭവം പലരിലും ഭയപ്പാടുണ്ടാക്കി. എന്നാല്‍ ഇത് റോബോട്ടിന്റെ പ്രശ്‌നം കൊണ്ടു സംഭവിച്ചതല്ല, മറിച്ച് മനുഷ്യാബദ്ധമാണ് അപകടകാരണമെന്നു പറയുന്നു. സാംസങ് ഗ്യാലക്‌സി നോട്ട് 7നു പറ്റിയതിനു സമാനമായ പ്രശ്‌നമാണ് ഇവിടെയും സംഭവിച്ചതെന്ന് പറയുന്നു. എന്തായാലും ക്യാംപസിലെ ചില വിദ്യാര്‍ഥികള്‍ റോബോട്ടിന് ആദരാഞ്ജലി അര്‍പ്പിച്ചുവെന്നതും വാര്‍ത്തായായി. റോബോട്ടിനു സംഭവിച്ചതെന്തെന്നു നോക്കാം:

ഈ സംഭവം പുറം ലോകത്തെത്തുന്നത് 30-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വിഡിയോ ക്ലിപ്പിലൂടെയാണ്. അലസമായി നോക്കിക്കൊണ്ടിരിക്കുന്നവരുടെ മുന്നിലാണ് ഈ നാലു ചക്ര റോബോട്ട് കത്തുന്നത്. തുടര്‍ന്ന് ഇതിലെ കടന്നു പോയിരുന്ന ഒരാള്‍ തീയണയ്ക്കുകയായിരുന്നു. കിവി ക്യംപസ് (Kiwi Campus) എന്ന കമ്പനിയാണ് റോബോട്ടിനെ ഇറക്കിയത്. അവരുടെ നൂറോളം റോബോട്ടുകളാണ് രണ്ടു വര്‍ഷത്തോളമായി സേവനം നല്‍കിയിരുന്നത്. ഈ അപകടത്തെ തുടര്‍ന്ന് അവര്‍ റോബോട്ടുകളെ താത്കാലികമായി പിന്‍വലിച്ചു. മോശം ബാറ്ററിയാണ് പ്രശ്‌നത്തിനു പിന്നിലെന്ന് അവര്‍ വിശദീകരിച്ചു.

റോബോട്ടിനെ അടുത്തറിയാം

ഒരു ചെറിയ പട്ടിയുടെ വലുപ്പമാണ് ഈ നാല്‍ചക്ര റോബോട്ടുകള്‍ക്ക്. ഏകദേശം 300 മീറ്റര്‍ അകലെ വരെ ഭക്ഷണം എത്തിച്ചു കൊടുക്കുകയെന്ന ദൗത്യമാണതിന്. ഭക്ഷണവുമായി റോബോട്ട് പുറപ്പെടുമ്പോള്‍, ആവശ്യപ്പെട്ടയാളുടെ സ്മാര്‍ട് ഫോണിലെ ആപ്പില്‍ അറിയിപ്പു ലഭിക്കും. റോബോട്ട് എത്തുമ്പോള്‍ അതിന്റെ മുകളിലുള്ള അടപ്പു തുറന്ന് ഭക്ഷണം എടുത്താല്‍ മതി. നിരവധി സെന്‍സറുകളുടെയും ക്യാമറയുടെയും അകമ്പടിയോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. നടപ്പാതയില്‍ ആര്‍ക്കും ഒരു ശല്യവും ചെയ്യാതെയാണ് ഇവയുടെ നീക്കം സജ്ജീകരിച്ചിരിക്കുന്നത്. ഇതുവരെ 100,000 ഓര്‍ഡറുകള്‍ ഇവ എത്തിച്ചു കൊടുത്തു കഴിഞ്ഞു.

robot-fire

റോബോട്ടുകളിലൊന്നിന്റെ ബാറ്ററി പുകയാന്‍ തുടങ്ങുകയും തുടര്‍ന്ന് ചെറിയ തീ പിടിക്കുകയും ചെയ്തുവെന്നാണ് കമ്പനിയുടെ ബ്ലോഗിൽ പറയുന്നത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിക്കപ്പെട്ടതായും അവര്‍ പറയുന്നു. വിഷയം ഗൗരവത്തിലെടുക്കുന്നു. ഇതേപ്പറ്റി അറിഞ്ഞയുടൻ റോബോട്ടുകളുടെ ഓപ്പറേറ്റിങ് ടീമിനെ സംഭവസ്ഥലത്തേക്ക് അയച്ചു. തങ്ങളുടെ എല്ലാ റോബോട്ടുകളെയും താത്കാലികമായി പിന്‍വലിച്ചു. ഒരു സമയത്തും കസ്റ്റമര്‍മാര്‍ക്കോ പൊതു സമൂഹത്തിനോ ഇതു ഭീഷണി സൃഷ്ടിച്ചിട്ടില്ലെന്നും ബ്ലോഗിൽ പറയുന്നുണ്ട്.

കിവി കമ്പനിയുടെ കണ്ടെത്തല്‍ പ്രകാരം ഒരു ജോലിക്കാരന്‍ റോബോട്ടിൽ മോശം ബാറ്ററി മാറ്റിവച്ചതാണ് പ്രശ്‌നമായത്. സാംസങ് ഗ്യാലക്‌സി നോട്ട് 7 ഫോണുകള്‍ക്കു നേരിട്ട തരത്തിലുള്ള തെര്‍മല്‍ റണ്‍എവേ (Thermal runaway) എന്ന പ്രശ്‌നമാണ് റോബോട്ടുകള്‍ക്കും സംഭവിച്ചതെന്ന് അവര്‍ വിശദീകരിക്കുന്നു. കേടുവന്ന ബാറ്ററി ആവശ്യത്തിലേറെ ചാര്‍ജ് ചെയ്യപ്പെടുകയോ, ചൂടു കൂടുതലുള്ള സ്ഥലത്ത് എത്തുകയോ ചെയ്താല്‍ ബാറ്ററി കൂടുതല്‍ ചൂടാകുകയും ചിലപ്പോള്‍ തീ പിടിക്കുകയും ചെയ്യും. ഇതിനെയാണ് തെര്‍മല്‍ റണ്‍എവെ എന്നു വിളിക്കുന്നത്. സാംസങ്ങിന് തങ്ങളുടെ ഗ്യാലക്‌സി S7 ഫോണുകള്‍ മുഴുവന്‍ വിപണിയില്‍ നിന്നു തിരിച്ചു വിളിക്കേണ്ടതായി വന്നു. ഇതിനു പരിഹാരമായി റോബോട്ട് തന്നെ ഓരോ ബാറ്ററിയും പരിശോധിക്കുന്ന ഒരു കസ്റ്റം സോഫ്റ്റ്‌വെയര്‍ തങ്ങള്‍ ഇപ്പോള്‍ ഇറക്കിക്കഴിഞ്ഞുവെന്ന് കിവി കമ്പനി പറഞ്ഞു.

kivi

തങ്ങള്‍ക്കു ഭക്ഷണമെത്തിച്ചു തന്നിരുന്ന റോബോട്ടിന്റെ വിയോഗത്തില്‍ ദുഃഖമാചരിക്കാനും ക്യാംപസിലെ വിദ്യാര്‍ഥികള്‍ മറന്നില്ല. ഒരു മിനിറ്റ് മൗനാചരണമായിരുന്നു നടത്തിയത്. പക്ഷേ, ചിലര്‍ ഉണര്‍ന്നിരിക്കല്‍ നടത്തിയും റോബോട്ടിന്റെ 'വിയോഗത്തില്‍' ഖേദം രേഖപ്പെടുത്തി. രണ്ടുവര്‍ഷത്തിലേറെ ഒരു പ്രശ്‌നവും ഇല്ലാതെ തങ്ങള്‍ക്ക് അന്നവിതരണം നടത്തിയിരുന്ന റോബോട്ടുകളോടാണ് വിദ്യാര്‍ഥികള്‍ സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.