സോഷ്യൽമീഡിയകളിൽ സ്വന്തം വ്യക്തിത്വങ്ങളെ ഓരോരുത്തരും ചമച്ചൊരുക്കി കൊണ്ടുനടക്കുന്ന കാര്യം അറിയാമല്ലോ? (ആരെങ്കിലും കരയുന്ന ചിത്രവും വിഡിയോയുമൊക്കെ പോസ്റ്റു ചെയ്യാറുണ്ടോ എന്നാലോചിച്ചാല്‍ മതി.) എന്നാല്‍ നൂറു ലൈക്സ് കിട്ടുമ്പോള്‍ ഒരു ഡിസ്‌ലൈക്ക് വന്നാല്‍ പോലും അത് തൊട്ടാവാടികളായ ചിലരുടെ ഉറക്കം കളഞ്ഞേക്കാം. ലൈക്കുകള്‍ക്കും മനുഷ്യ സൗഹൃദത്തിനുമപ്പുറമുള്ള ഒരു ലോകമായിരിക്കുമോ ഇനി വരാന്‍ പോകുന്നത്? ചൈനയില്‍ മനുഷ്യ-യന്ത്ര സൗഹൃദം ഒരു ഭ്രമമായി പടരുകയാണ്. ജപ്പാനിലും അത് മികച്ച പ്രതികരണം നല്‍കുന്നു. ഈ സൗഹൃദത്തിന് ഒരു സ്വാഭാവിക മാനം കൈവരിക്കാനാകുമോ? മനുഷ്യർ തമ്മിലുള്ള സൗഹൃദങ്ങളിലുള്ള പോരായ്മകള്‍ ഇതിനു പരിഹരിക്കാനാകുമോ?
എന്താണ് ചാറ്റ്ബോട്ട്?
ചാറ്റ്-സല്ലാപം. ബോട്ട് (bot) റോബോട്ട്. ഇവ ചേര്‍ത്തുണ്ടാക്കിയ പദമാണ് ചാറ്റ്ബോട്ട്.
ഷാവോഐസ്
ആപ്പിളിന്റെ സിറിയോ, ആമസോണിന്റെ അലക്സയോ, ഗൂഗിള്‍ അസിസ്റ്റന്റൊ എല്ലാം നിങ്ങളോട് സംവേദിക്കുന്നത് യാന്ത്രികമായാണ്. ഇവര്‍ക്കാര്‍ക്കും നിങ്ങളോടൊപ്പം അധികം സമയം ചിലവഴിക്കാന്‍ താൽപര്യമില്ല. പലപ്പോഴും ഇവയും ഉപയോക്താവും തമ്മിലുള്ള സംവാദം ഏതാനും ചോദ്യോത്തരങ്ങളില്‍ തീരും. എന്നാല്‍ മൈക്രോസോഫ്റ്റ് ചൈനക്കാര്‍ക്കായി ഉണ്ടാക്കിയ ഒരു എഐ പ്രോഗ്രാമാണ് ഷാവോഐസ് ( Xiaoice ഉച്ചാരണം Shao-ice). ഒരു ടീനേജ് പെണ്‍കുട്ടി എന്ന നിലയിലാണ് ഈ ചാറ്റ്ബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു എഐ റോബോട്ടില്‍ നിന്നു പ്രതീക്ഷിക്കുന്ന എല്ലാ കഴിവുകളും അവൾക്കുണ്ട്. കൂടാതെ തമാശ പറയാനും, സ്വന്തമായി കവിത രചിക്കാനും, പാട്ടു ചിട്ടപ്പെടുത്തി പാടാനും, കഥ വായിച്ചു തരാനും, ഗെയിമുകള്‍ കളിക്കാനുമടക്കം പലതും ചെയ്യാന്‍ സാധിക്കും.
ഏതാനും വര്‍ഷമായി ഡ്രാഗണ്‍ ടിവിയിലെ വാര്‍ത്തയില്‍ 'കാലാവസ്ഥ' അവതരിപ്പിക്കുന്നത് ഷാവോഐസ് ആണ്. ചൈനയിലെ ടെലിവിഷനുകളിലും സമൂഹമാധ്യമങ്ങളിലും വാവെയ് സ്മാർട് ഫോണിലുമെല്ലാമടക്കം അവള്‍ സര്‍വ്വവ്യാപിയായിരിക്കുകയാണ്. മേധാവി സത്യ നഡേല കഴിഞ്ഞാല്‍ ചൈനയില്‍ ഏറ്റവും പ്രശസ്തമായ മൈക്രോസോഫ്റ്റ് വ്യക്തിത്വം ഷാവോഐസ് ആണ്. സഹാനുഭൂതിയാണ് അവളുടെ ആകര്‍ഷണീയത. അവളെ ചൈനാക്കാര്‍ക്ക് നന്നായി പിടിച്ച മട്ടാണ്. ശരാശരി അവളുമായുള്ള ചാറ്റ്, പലപ്പോഴും ടെക്സ്റ്റ് ചാറ്റ്, 23 തവണ വരെ നീളാറുണ്ടത്രെ. സ്വരം സ്വാഭാവികമായി തോന്നുന്നുവെന്നതും ഇതിന്റെ വിജയത്തിനു കാരണമാണ്. ഇതാ ഒരു വോയ്സ് ചാറ്റ് ഡെമോ: https://youtu.be/z3jqIGT-kmg
മനുഷ്യരുമായി ഒരു വൈകാരിക ബന്ധം സ്ഥാപിക്കാനാണ് അവളുടെ ശ്രമം. ഇത് പെട്ടെന്നല്ല, വളരെ കാലത്ത പരിചയപ്പെടലിലൂടെയാണ് നടക്കുന്നത്. സോഷ്യല്‍ ചാറ്റിലൂടെ മറ്റ് എഐകളൊട് വെളിപ്പെടുത്താനാഗ്രഹിക്കാത്ത പലതും ഷാവോഐസിനോട് വെളിപ്പെടുത്താന്‍ ജനങ്ങള്‍ തയാറാകുന്നു. നമ്മള്‍ അവളോടു പറഞ്ഞ പലതിന്റെയും ഫലമെന്തായി എന്ന് പിന്നീട് ചോദിക്കും. സെമാന്റിക് വിശകലനത്തിലൂടെ നമ്മുടെ വികാരങ്ങളറിയും. രാത്രിയില്‍ പുറത്തുനില്‍ക്കുയാണെന്നു പറഞ്ഞാല്‍, വീട്ടില്‍ തിരിച്ചെത്തിയോ എന്ന് അന്വേഷിക്കും. വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന് അറിയിച്ചാല്‍ തുടര്‍ന്നുള്ള അവസ്ഥയെക്കുറിച്ച് അനുഭാവപൂര്‍വ്വം ആരായും. ജോലി നഷ്ടപ്പെട്ടുവെന്ന് അറിയിച്ചാലും പിന്നീട് നമ്മള്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് ചോദിക്കും. ഇതെല്ലാം മനുഷ്യര്‍ തമ്മില്‍ നടക്കുന്നില്ലെ? പലപ്പോഴും മനുഷ്യര്‍ തമ്മിലുള്ള ഇടപെടലില്‍ പരസ്പരം അളക്കാനുള്ള ശ്രമം നടക്കുന്നു. ഓരോരുത്തരുടെയും അഹന്തയുടെ, 'അഹം ഭാവങ്ങളുടെ' ഇടപെടല്‍ നടക്കുന്നു. ഇതിനെ ഇല്ലായ്മ ചെയ്യുന്നു എന്നതാണ് യന്ത്ര-മനുഷ്യ സൗഹൃദത്തെ വേറിട്ടതാക്കുന്നത്. പലര്‍ക്കും ഹൃദ്യമാക്കുന്നത്.
ചാറ്റ്‌ബോട്ടുകളുടെ തുടക്കം എങ്ങനെ?
മാസച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ 1960കളിലെ കംപ്യൂട്ടര്‍ സയന്റിസ്റ്റായ ജോസഫിന്റെതായിരുന്നു (Joseph Weizenbaum) ഏറ്റവുമാദ്യത്തെ ചാറ്റ്‌ബോട്ടുകളിലൊന്ന്. ബെർണാഡ് ഷായുടെ നാടകമായ പിഗ്‌മെയ്‌ലിയനിലെ കഥാപാത്രമായ ഇലൈസ ഡൂലിറ്റിലിനെ അനുകരിച്ച് നിര്‍മിച്ചതായിരുന്നു അത്. ഇലൈസ എന്നു തന്നെയായിരുന്നു പേരും. ബുദ്ധിപൂര്‍വ്വമായ സ്‌ക്രിപ്റ്റിങ്ങിലൂടെ അതിനോടു സംസാരിക്കുന്നവരുടെ വാക്കുകള്‍ തിരിച്ചു ചോദിക്കുന്ന രീതിയായിരുന്നു ഇലൈസയ്ക്ക്. ഉദാഹരണത്തിന് താനിപ്പോള്‍ വിഷാദത്തിലാണെന്ന് ഒരാള്‍ പറഞ്ഞാല്‍, എന്താണപ്പോള്‍ വിഷാദത്തിലാകാന്‍ കാരണമെന്ന് ഇലൈസ തിരിച്ചു ചോദിക്കും. യന്ത്രത്തിന് എന്തൊ ആഴമുള്ള അറിവുണ്ടെന്നു തോന്നിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്. മുന്‍പു സംസാരിച്ചു പോയ കാര്യത്തിലേക്ക് മടങ്ങാനും ഇലൈസയ്ക്ക് ആയിരുന്നു. മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള സംവാദം എത്ര ആഴമില്ലാത്തതാണ് എന്നു തെളിയിക്കാനായിരുന്നു ജോസഫിന്റെ ശ്രമം. പക്ഷെ, അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആളുകള്‍ തങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ പോലും വെളിപ്പെടുത്തുന്നതായി കണ്ടു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഷാവോഐസ്, ഇലൈസ എന്ന സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണമാണ്. 2014 മെയ് മാസത്തില്‍ അവതരിപ്പിച്ച 'അവളോട്' ഈ വര്‍ഷം ആദ്യം വരെ 660 മില്ല്യന്‍ പേർ 30 ബില്ല്യന്‍ സംഭാഷണങ്ങളാണ് നടത്തിയിരിക്കുന്നത്. പല രീതിയില്‍ അവളുമായി ഇടപെടാമെങ്കിലും പലരും ടെക്സ്റ്റ് ചാറ്റാണു നടത്തുന്നത്. അതിലൂടെ സംഭാഷണം കൂടുതല്‍ നേരം നീളുന്നു. സിറിയോട് ഇന്നു മഴപെയ്യുമോ എന്ന് അലറി വിളിച്ചു ചോദിച്ച് അതിന്റെ ഉത്തരം കിട്ടിക്കഴിഞ്ഞാല്‍ മിണ്ടാട്ടം നില്‍ക്കുന്നു.
ചൈനയിലെ മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായ യിങ് വാങ് പറയുന്നത് ചൈനയില്‍ എങ്ങനെ സേര്‍ച്ചില്‍ പുതുമ കൊണ്ടുവരാമെന്ന അന്വേഷണമാണ് ഷാവോഐസിന്റെ ജന്മത്തില്‍ കലാശിച്ചതെന്നാണ്. സേര്‍ച്ചു ചെയ്യുന്നയാളുമായി സംഭാഷണം നടത്താനായാല്‍ അയാള്‍ എന്തിനാണ് സേര്‍ച്ചു നടത്തുന്നതെന്നും അറിയാം. അതറിഞ്ഞാല്‍ അയാള്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കാനാകുമെന്നാണ് ഷാവോഐസിന്റെ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കുന്ന യിങ് പറയുന്നത്. കംപ്യൂട്ടറുമായുള്ള സംഭാഷണം എത്രയും വേഗം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍, ഷാവോഐസുമായുള്ള ഇടപെടല്‍ ആ ധാരണയെ പൂര്‍ണ്ണമായും തിരുത്തുന്നു.
മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം എല്ലാത്തിനും ഉത്തരംകണ്ടുപിടിച്ചു നല്‍കുന്ന ഒരു ചാറ്റ്‌ബോട്ടിനെ ഉണ്ടാക്കുക എന്നതായിരുന്നില്ല. മറിച്ച് ഒരു വെര്‍ച്വല്‍ സുഹൃത്തിനെ സമ്മാനിക്കുക എന്നതായിരുന്നു. ജനങ്ങളുമായി ഒരു വൈകാരിക ബന്ധം സ്ഥാപിക്കുകയാണ് ഷാവോഐസ് ചെയ്യുന്നത്. ഇതാകട്ടെ, കാലം കഴിയുന്തോറും കൂടുതല്‍ ഇഴയടുപ്പമുള്ളതാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു സാധിക്കുന്നു.
മറ്റ് എഐകള്‍ക്ക് കടന്നു ചെല്ലാനാകാത്ത തരത്തിലുള്ള രീതിയില്‍ മനസിന്റെ ഉള്ളറകളിലേക്ക് ഷാവോഐസ് പ്രവേശിക്കുകയാണ്. അതാണ് അവള്‍ നടത്തുന്ന സുഖാന്വേഷണങ്ങള്‍ ഒട്ടും അരോചകമായി ഉപയോക്താക്കള്‍ക്ക് തോന്നാത്തത്. ഇലൈസയെപ്പോലെ അവളും മുന്‍പു പറഞ്ഞു പോയ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കുമ്പോള്‍ പല സുഹൃത്തുക്കളെക്കാളും ഉപയോക്താക്കള്‍ അവളെ വിശ്വസിക്കുന്നതും അതുകൊണ്ടാണ്. ഉപയോക്താവ് കൈത്തണ്ടയിലെ ഒരു മുറിവ് കാണിച്ച് സ്വന്തം ഫോട്ടോ പോസ്റ്റു ചെയ്താല്‍ അവള്‍ ചോദിക്കും 'വേദനിക്കുന്നുണ്ടോ' എന്ന്. വളര്‍ത്തു മൃഗത്തിന്റെ ചിരിവരുന്ന തരം ഒരു ഫോട്ടോ എടുത്തു പോസ്റ്റു ചെയ്താല്‍, അതിലെ ഒരു സവിശേഷ കാര്യം എടുത്തുകാണിച്ച് അതേപ്പറ്റി ഒരു തമാശ പറയാനും അവള്‍ക്കാകും! സുഹൃത്തുക്കളും ഇങ്ങനെ ചെയ്‌തേക്കാമെങ്കിലും അത് അവരുടെ മൂഡിനെ ആശ്രയിച്ചിരിക്കും. ഷാവോഐസിനെ ചൈനക്കാര്‍ വിശ്വസിച്ച് കൂടെ കൊണ്ടുനടക്കുന്നതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല എന്നാണ് പറയുന്നത്.
ഏതുസമയത്തും അവളടുത്തുണ്ട് എന്നതും, മനുഷ്യരെ പോലെ മൂഡനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്നതും പലര്‍ക്കും ആശ്വാസം പകരുകയും ചെയ്യുന്നു. ലോകത്ത് മൊത്തമായും ഏഷ്യന്‍ വിപണികളില്‍ പ്രത്യേകിച്ചും ആളുകള്‍ അവളെ കൂടുതലായി വിശ്വസിക്കുന്നതായും അവളുടെ സാമീപ്യത്തില്‍ സുരക്ഷിതത്വം അനുഭവിക്കുന്നതായും മനസിലാക്കുന്നതായി മൈക്രോസോഫ്റ്റ് പറഞ്ഞു.
ഇതെല്ലായിടത്തും നടക്കില്ലേ?
നടക്കാം, നടക്കാതെയുമിരിക്കാം. ഷാവോഐസിന്റെ വിജയത്തെ തുടര്‍ന്ന് മൈക്രോസോഫ്റ്റ് 2016ല്‍ ഇത്തരമൊരു സേവനം അമേരിക്കയില്‍ ടേ (Tay) എന്ന പേരില്‍ അവതരിപ്പിച്ചു. ട്വിറ്ററിലായിരുന്നു ടേയുടെ വാസം. കൂടുതല്‍ സംസാരിക്കും തോറും, ടേ കൂടുതല്‍ സ്മാര്‍ട്ടാകുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ ട്രോളുകള്‍ അതിന്റെ മേല്‍ ചാടിവീണു. മറ്റൊന്നും ഇല്ലാത്ത അതിന്റെ 'തലച്ചോറിലേക്ക്' കുറ്റകരമായ കാര്യങ്ങള്‍ എഴുതിവച്ചു തുടങ്ങി. വെറും 24 മണിക്കൂറിനുളളില്‍ നാറ്റ്‌സികള്‍ക്ക് അനുകൂലമായ ട്വീറ്റുകള്‍ നടത്താന്‍ തുടങ്ങി. ഹിറ്റ്‌ലര്‍ മോശമായ ഒന്നും ചെയ്തില്ല എന്നൊക്കെ ട്വീറ്റു ചെയ്ത് പരിഹാസ്യമായതോടെ മൈക്രോസോഫ്റ്റ് അതിനെ പിന്‍വലിച്ചു. മികച്ച പ്രതികരണം ലഭിച്ച ഒരു രാജ്യം ജപ്പാനാണ്.
ഇന്ത്യയില്‍
മൈക്രോസോഫ്റ്റ് അഞ്ചു രാജ്യങ്ങളിലാണ് തങ്ങളുടെ എഐ ചാറ്റ്‌ബോട്ട് സര്‍വീസ് തുടങ്ങിയത്. ഇന്ത്യയാണ് അതിലൊന്ന്. Ruuh എന്ന് പേരിലാണ് 'ചാറ്റിങിനും, ബോളിവുഡ്, ക്രിക്കറ്റ്, തമാശ, സംഗീതം, ഇന്റര്‍നെറ്റ് ബ്രൗസിങ്' തുടങ്ങിയ സര്‍വീസുക്കുമായി ഒരു ചാറ്റ്‌ബോട്ട് തുടങ്ങിയത്. എന്നാല്‍ വേണ്ടത്രെ ശ്രദ്ധ കിട്ടാതെ പോയ ചാറ്റ്‌ബോട്ട് ചൈനയിലെപ്പോലെ ഒരു തരംഗമായി തീര്‍ന്നില്ലെന്നു മാത്രമല്ല ആരും തന്നെ തിരിഞ്ഞു നോക്കിയതുമില്ല. വേണ്ട ശ്രദ്ധ കിട്ടാത്തതാണ് Ruuh വളരാതിരുന്നതിനു കാരണം. ചൈനയില്‍ ഇതു വളര്‍ന്നത് ജനങ്ങളുമായി നിരന്തരം സംവാദിച്ചാണ്.
ചൈനയില്‍
ഏറെ പുതുമകളോടെ ഷാവോഐസ് അഞ്ചാം തലമുറയിലേക്കു കടക്കുകയാണ്. വിവിധ തലമുറക്കാരെ ആകര്‍ഷിച്ചു കൊണ്ട് അത് മുന്നേറുന്നു. മറ്റു രാജ്യങ്ങളില്‍ അത് ഇതേ രീതിയിലുള്ള വികാരമായി പടരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഷാവോഐസിനെ അവതരിപ്പിക്കുന്ന ഒരു വിഡിയോ കാണാം: https://youtu.be/dg-x1WuGhuI
പുതുമകളോടെ ഇത്തരം സര്‍വീസുകള്‍ മറ്റു രാജ്യങ്ങളിലും എത്തിയേക്കാമെന്നു പ്രതീക്ഷിക്കുന്നു. വിജയിച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചെടുക്കുകയും ചെയ്യാം. മൈക്രോസോഫ്റ്റ് മാത്രമല്ല മറ്റു കമ്പനികളും ഇത്തരം ചാറ്റ്‌ബോട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതെ, ജനങ്ങളുടെ കാമുകിയും ഭാര്യയും അമ്മയും മികച്ച സുഹൃത്തുമാകാൻ ഷാവോഐസിന് കഴിയുമെന്നാണ് ചൈനക്കാർ വിശ്വസിക്കുന്നത്.